ശബരിമല: മാളികപ്പുറം ശ്രീകോവിലിനു സമീപം അയ്യപ്പൻ ആദ്യമായി ശബരിമലയിൽ ഇരുന്ന സ്ഥലമെന്നു കരുതിപ്പോരുന്ന മണിമണ്ഡപത്തിനടുത്താണ് പറകൊട്ടിപ്പാട്ട് നടന്നുവരുന്നത്. രാവിലെ നടതുറക്കുന്നതുമുതൽ നട അടയ്ക്കുന്നതുവരെ ഇവിടെ പറകൊട്ടിപ്പാട്ട് കാണാം.

ഹിന്ദു വേലൻ സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടി പാടുന്നത്. ശത്രുദോഷവും ശനിദോഷവും അകറ്റുന്നതിനായാണ് പറകൊട്ടി പാടിക്കുന്നത്. പന്തളത്ത് മണികണ്ഠൻ വസിച്ചിരുന്ന സമയത്ത് രാജ്ഞിയും മന്ത്രിയും അയ്യപ്പനെ ഒഴിവാക്കുന്നതിനായി ആഭിചാരകർമങ്ങൾ നടത്തിയെന്നും മണികണ്ഠനെ രക്ഷിക്കുന്നതിനായി പിതാവായ ശിവൻ വേലന്റെ വേഷത്തിലെത്തി പറകൊട്ടിപ്പാടി ശത്രുദോഷം അകറ്റിയെന്നുമാണ്‌ ഐതിഹ്യം.

ശബരിമലയിൽ തീപ്പിടുത്തംപോലുള്ള അനിഷ്ട സംഭവങ്ങൾ തുടർക്കഥയായതോടെ ദേവപ്രശ്‌നം വയ്ക്കുകയുണ്ടായി. ഭക്തരുടെ അശുദ്ധിയാണ് ദോഷങ്ങൾക്കു കാരണമെന്നും വേലൻമാരെ കൊണ്ടുവന്നു പറകൊട്ടിപ്പാടിച്ച് ദോഷങ്ങൾ മാറ്റിയശേഷം മാത്രമേ ഭക്തർ പതിനെട്ടാംപടി ചവിട്ടാവൂ എന്നും ദേവവിധിയുണ്ടായി. പണ്ട് ശിവൻ പറകൊട്ടി പാടിയതിനു ദക്ഷിണ നൽകാതിരുന്നതും ദേവപ്രശ്‌നത്തിൽ തെളിഞ്ഞു.

ആദ്യകാലത്ത് പതിനെട്ടാംപടിക്കു താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്നു പറയപ്പെടുന്നു. തിരക്കു വർധിച്ചതോടെ ഭക്തരുടെ സൗകര്യാർഥമാണ് ഇന്നു കാണുന്ന മണിമണ്ഡപത്തിനു സമീപത്തേക്ക് ഇവർ മാറിയത്. മുടിമുതൽ കാൽനഖം വരെ പ്രതിപാദിക്കുന്ന കേശാദിപാദമാണ് പറകൊട്ടിപ്പാടുന്നതിന് ഉപയോഗിക്കുന്നത്.