ശബരിമല: അരയ്ക്ക് കീഴ്‌പ്പോട്ട് ചലനശേഷിയില്ലെങ്കിലും നാഗപ്പ മലകയറിയത് പരമ്പരാഗത കാനനപാതയിലൂടെ. ഇരുകൈകളും കൊണ്ട് വശങ്ങളിൽ അമർത്തി ശരീരം ഉയർത്തി നിരങ്ങിനീങ്ങിയുള്ള മലകയറ്റം. അയ്യനെ കണ്ടു വണങ്ങാനുള്ള അതിയായ ആഗ്രഹങ്ങളുമായി കർണാടക ബീജാപ്പുർ സ്വദേശിയായ നാഗപ്പ സന്നിധാനത്തെത്തുന്നത് ഇത് തുടർച്ചയായി പന്ത്രണ്ടാമത്തെ വർഷം. ജന്മനാ ഇരുകാലുകൾക്കും സ്വാധീനം നഷ്ടപ്പെട്ടു. അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് ഈ പോരായ്മകളെ അതിജീവിച്ച് തനിക്ക് മറ്റുള്ളവരെപ്പോലെ മലകയറാൻ കഴിയുന്നതെന്നും നാഗപ്പ സാക്ഷ്യപ്പെടുത്തുന്നു.

അചഞ്ചലമായ അയ്യപ്പഭക്തിയാണ് തന്നെ ഇങ്ങോട്ട് ഓരോ വർഷവും നയിക്കുന്നതെന്ന് നാഗപ്പ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12-നാണ് നാഗപ്പയും ബീജാപ്പുരിൽ നിന്നുള്ള അയ്യപ്പന്മാരുടെ സംഘവും പമ്പയിലെത്തിയത്. ഉച്ചയ്ക്ക് 12.30-ഓടെ മലകയറ്റം തുടങ്ങിയ നാഗപ്പ 6.30-ഓടെ സന്നിധാനത്തെത്തി. ദേവസ്വംബോർഡിന്റെ കരാർ ജീവനക്കാരും സന്നദ്ധപ്രവർത്തകരും പമ്പ മുതൽ സന്നിധാനം വരെ നാഗപ്പക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു.

Content Highlights: Nagappa Devottee of Ayyappa  Sabarimala Darshan