വിത്ര ധന്യമായ റംസാനിന്റെ നിര്‍വൃതിയുടെ ധന്യമായ നിമിഷങ്ങളിലാണ് വിശ്വാസികള്‍. വിശപ്പിന്റെ വിളി കേള്‍ക്കുകയാണ് ഈ പുണ്യമാസം. പകല്‍സമയം ആഹാരപാനീയങ്ങള്‍ വര്‍ജിച്ച് ശാരീരിക മാനസിക ഇച്ഛകളോട് പൊരുതുകയാണ് വ്രതാനുഷ്ഠാനികള്‍. ഉള്ളവര്‍ ഇല്ലാത്തവരുടെ വിശപ്പറിയുകയാണ് വ്രതത്തിലൂടെ. മനുഷ്യ സാഹോദര്യം വര്‍ധിക്കാനും എല്ലാ വിഭാഗം ആളുകള്‍ തമ്മിലെ പാരസ്പര്യത്തിനും ശാക്തീകരണം നേടാനും റംസാന്‍ വ്രതം കാരണമാകുന്നു.

 സാന്ത്വന പ്രവര്‍ത്തനം ഏറെ നടക്കുന്നുവെന്നതാണ് റംസാനിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. സ്വദഖ, സഖാത്ത് അഥവാ ഐച്ഛികദാനത്തിലൂടെയും നിര്‍ബന്ധദാനത്തിലൂടെയും പരസ്പര സഹായം കൂടുതല്‍ നടക്കുകയാണ്. പാവങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സുന്നത്തായ ദാനം. 

എന്നാല്‍ സമ്പത്തിന്റെ തോത് അനുസരിച്ച് നിര്‍ബന്ധമായും സാധുക്കളിലേക്കും നല്‍കേണ്ട ദാനമാണ് സ്വഖാത്ത്. ഈ വിശുദ്ധ മാസത്തില്‍ ലോകമാകമാനം നടന്നുവരുന്ന സാധുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ റംസാന്‍ നല്‍കുന്ന സഹകരണത്തിന്റെ മകുടോദാഹരണമാണ. 'റംസാന്‍ പരസ്പര സഹായത്തിന്റെ മാസമാണ്' (ഹദീസ്). പാവപ്പെട്ടവനെ സമുദ്ധരിക്കുന്ന ബൃഹത്പദ്ധതിയാണ് ഇസ്‌ലാമിലെ സഖാത്ത്. 

ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ രുചിക്കുന്ന ജനവിഭാഗത്തിന്റെ ആധിക്യം ഞെട്ടലോടെ മാത്രമാണ് ആധുനികലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക്ക് നിലവില്‍ ഉണ്ടായിരുന്ന പ്രവിശ്യകളില്‍ ഈ പദ്ധതി സാധിപ്പിച്ചെടുത്തിട്ടുണ്ട്. ഖലീഫ ഉമര്‍(റ) ഭരണകാലത്ത് സ്വഖാത്ത് ഏറ്റുവാങ്ങാന്‍ അര്‍ഹതപ്പെട്ടവര്‍ ഇല്ലാതെ ക്ഷേമരാജ്യമായി മാറിയ ചില പ്രവിശ്യകള്‍ ചരിത്രത്തില്‍ കാണാം.

മനുഷ്യസമൂഹത്തിന്റെ ഇഹപരജീവിതങ്ങള്‍ സുഗമമാക്കുകയാണ് മതങ്ങളുടെ ലക്ഷ്യം. ജനനംമുതല്‍ മരണംവരെ വിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് സമ്പൂര്‍ണ ജീവിതപദ്ധതിയായ ഇസ്‌ലാം നിര്‍ദേശിക്കുന്നു. മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളും സ്പര്‍ശിക്കുന്ന ഇസ്‌ലാം, സാമ്പത്തിക ഭദ്രതയെയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഭൗതികജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് സമ്പത്ത്. അല്ലാഹുവിന്റെ ശാസനയ്ക്ക് വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. 

അതിനാലാണ് സഖാത്ത് (നിര്‍ബന്ധ ദാനം) സ്വദഖ (നിര്‍ബന്ധമല്ലാത്ത ദാനം) തുടങ്ങിയ വീക്ഷണങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. മുസ്‌ലിമീങ്ങള്‍ നല്‍കേണ്ട മതനിയമപ്രകാരമുള്ള നിര്‍ബന്ധദാനമാണ് സഖാത്ത്. സഖാത്തെന്ന അറബി പദത്തിന് ശുദ്ധിയാകല്‍, ശുദ്ധീകരിക്കല്‍, ഗുണകരം എന്നൊക്കെയാണ് അര്‍ഥം. ഇത് ധനികന്‍ പാവപ്പെട്ടവരായ സഖാത്തിന്റെ അവകാശികള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ നിര്‍ബന്ധ ബാധ്യതയും ദരിദ്രരുടെ അവകാശവുമാണ് എന്ന്  വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സഖാത്ത് രണ്ടുവിധമുണ്ട്. സഖാത്തുല്‍ മാലും (സമ്പത്തിന്റെ സഖാത്ത്), സഖാത്തുല്‍ ഫിത്വറും (ശരീരത്തിന്റെ സക്കാത്തും). സമ്പത്ത് ശേഖരണത്തിനും വിനിയോഗത്തിനും ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്നാധാരമാണ് സമ്പത്ത് എന്ന് പറയുന്നുണ്ട്. 'അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന്നാധാരമാക്കിയ സമ്പത്ത് അവിവേകികള്‍ക്ക് നല്‍കരുത് ' (ഖുര്‍ആന്‍ 4:5). മാനവകുലത്തിന്റെ നിലനില്‍പ്പിന്റെ മുഖ്യഹേതുകളില്‍ ഒന്നായ സമ്പത്ത് ഏതാനും സമ്പന്നരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിലൂടെ സമൂഹത്തില്‍ സംഭവിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യതയും ദാരിദ്ര്യവും ഇസ്‌ലാം നിരീക്ഷിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷാവര്‍ഷം സമ്പന്നരില്‍നിന്ന് ഒരു നിശ്ചിതവിഹിതം സമ്പത്ത് സമൂഹത്തിലെ അശരണരിലേക്കും എത്തണമെന്ന് നിര്‍ബന്ധമായി കല്‍പ്പിക്കുന്ന ഇസ്‌ലാം ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന സമ്പത്തിന് പ്രത്യേക പരിധി കല്‍പ്പിക്കുന്നില്ല. 

സാമൂഹികക്ഷേമത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രോത്സാഹനം നല്‍കുകയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ഇന്നത്തെ സാമ്പത്തിക നിരീക്ഷകരുടെ വീക്ഷണകോണില്‍നിന്ന് വ്യതിരിക്തമായാണ് ഇസ്‌ലാം സമ്പത്തിനെ വിലയിരുത്തുന്നത്. സമ്പത്തിനെപ്പറ്റി സമൂഹം രൂപപ്പെടുത്തിയിട്ടുള്ള കാഴ്ചപ്പാട് നവീകരിച്ച് സംസ്‌കരിക്കാതെ സാമ്പത്തിക പരിഷ്‌കരണം അസാധ്യമാണ്. ഇസ്‌ലാമിക് ബാങ്കിങ് ശ്രദ്ധേയമാകുന്നതും ഇതുകൊണ്ടുതന്നെയാണ്. 
ലോകനിലനില്‍പ്പിനുതന്നെ ആധാരമായ സമ്പത്ത് കൈയില്‍ കിട്ടിയവര്‍ ഇതരരിലേക്ക് വിനിമയം ചെയ്യാതെയും പുറത്തെടുക്കാതെയും കെട്ടിക്കൂട്ടി വെക്കുന്നതുകൊണ്ടുണ്ടാകുന്ന വിനയാണ് ആധുനിക സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യഹേതു.

 മനുഷ്യന്റെ സാമ്പത്തിക വീക്ഷണം സങ്കുചിതമായിപ്പോയതിന്റെ ഫലമാണിത്. പൊതുവില്‍ രണ്ട് സാമ്പത്തിക വീക്ഷണങ്ങളാണ് ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുള്ളത്. മുതലാളിത്തവും സോഷ്യലിസവും. എന്നാല്‍ ഈ രണ്ട് സിദ്ധാന്തങ്ങളും നടപ്പാക്കിയ പ്രദേശങ്ങളില്‍ പരിപൂര്‍ണാര്‍ഥത്തില്‍ സാമ്പത്തിക സമത്വം അവകാശപ്പെടാനാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സമൂഹത്തിലെ ഉന്നതര്‍ ആഡംബരത്തിലും ക്ഷേമത്തിലും കഴിയുമ്പോള്‍ ദരിദ്രരായ ലക്ഷക്കണക്കിന് സഹജീവികളെ അവര്‍ കാണാതെപോകുന്നു. 

ഇല്ലാത്തവരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സമൃദ്ധീകരിക്കുക എന്ന ലക്ഷ്യത്തില്‍ ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ലക്ഷ്യം കാണാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഈ പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും ദാരിദ്ര്യം ഇല്ലാത്ത രാഷ്ട്രം എന്ന സ്വപ്‌നം പൂവണിയുന്നതിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല രാഷ്ട്രങ്ങള്‍ പൗരന്മാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതില്‍പോലും പരാജയപ്പെടുന്നത് ലോകം കണ്ടു. ഇവിടെയാണ് ബദല്‍ ചിന്തകള്‍ക്ക് പ്രസക്തിയേറുന്നതും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകള്‍ ശ്രദ്ധിക്കപ്പെടുന്നതും.

സമ്പത്തിന്റെ സ്വകാര്യ ഉടമാവകാശം നിരുപാധികം അംഗീകരിക്കുന്ന വീക്ഷണമാണ് മുതലാളിത്ത വ്യവസ്ഥിതിയെങ്കില്‍ സോഷ്യലിസ്റ്റ് സിദ്ധാന്തം രാഷ്ട്രത്തിനാണ് സമ്പത്തിന്റെ ഉടമസ്ഥതയെന്നും പറയുന്നു. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ കേള്‍ക്കാന്‍ സുഖകരമാണെങ്കിലും അപ്രായോഗികമാണെന്ന് കാലം തെളിയിക്കുന്നു. സ്വന്തമാക്കുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനുവേണ്ടി മാനവസമൂഹം സദാ അലഞ്ഞുകൊണ്ടിരിക്കും. അതോടെ ഉത്പാദകരംഗം സജീവമാകും. ഇസ്‌ലാം സ്വകാര്യ ഉടമസ്ഥാവകാശത്തെ ചില നിബന്ധനകളോടെ അംഗീകരിക്കുന്നു. 

ഇസ്‌ലാമിക ദൃഷ്ടിയില്‍ സര്‍വ്വതിന്റേയും യഥാര്‍ഥ ഉടമ സ്രഷ്ടാവാണ്. കൈകാര്യാവകാശം മാത്രമാണ് മനുഷ്യര്‍ക്കുള്ളത്. ചുരുക്കത്തില്‍ 'സഖാത്തെന്ന' സാമ്പത്തിക വ്യവസ്ഥയിലൂടെ ചിട്ടയായ സാമ്പത്തികനയം വിശദീകരിക്കുകയാണ് ഇസ്‌ലാം. ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ട മാര്‍ഗങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നുമുണ്ട് ഇതിലൂടെ. സഖാത്ത് നല്‍കുന്നത് സമൂഹത്തിന്റെയും സ്വന്തത്തിന്റെയും സ്വഭാവശുദ്ധിക്കും സാമ്പത്തിക പുരോഗതിക്കും കാരണമാകുന്നു. സഖാത്ത് നല്‍കുമ്പോള്‍ ധനവും അത് നല്‍കുന്നവനും ശുദ്ധീകരിക്കപ്പെടുന്നു. സമ്പത്തിന്റെ ഉടമയ്ക്ക് ഹൃദയവിശാലത ഉടലെടുക്കുകയും ഇതരരുടെ കണ്ണീരൊപ്പാന്‍ കാരണമാവുകയും ചെയ്യുന്നു.

പ്രത്യക്ഷത്തില്‍ സാമ്പത്തിക വിനിമയം വിശദീകരിക്കുന്ന സാമ്പത്തിക നിയമാവലിയാണ് സഖാത്ത്. എന്നാല്‍ വിശദമായ നിരീക്ഷണത്തില്‍ സമ്പത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അനിവാര്യമായ നിര്‍ദേശങ്ങള്‍ ഈ നിയമങ്ങളില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. ഓരോ വര്‍ഷവും തന്റെ സമ്പത്തിന്റെ തോതനുസരിച്ച് സഖാത്ത് കൊടുക്കേണ്ടിവരുമെന്നതിനാല്‍ സഖാത്ത് കൊടുക്കല്‍ ബാധ്യസ്ഥനായ ഒരു വ്യക്തി തന്റെ സമ്പത്തിന്റെ മൊത്തം ചെലവുകളുടെ കണക്കുകള്‍ കൃത്യമായി വിലയിരുത്തല്‍ അനിവാര്യമാകുന്നു. ഇസ്‌ലാമിക ഭരണകൂടമാകുകയാണെങ്കില്‍ രാഷ്ട്രത്തിലെ സഖാത്ത് കൊടുക്കാന്‍ ബാദ്ധ്യസ്ഥരായവരുടെയും അവകാശികളുടെയും കണക്കെടുപ്പും അനിവാര്യമായി വരുന്നു. ഇതിലൂടെ രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി ഓരോ വര്‍ഷവും വിലയിരുത്താനാവും.

ദരിദ്രരുടെയും ആവശ്യക്കാരുടെയും കണക്കുകള്‍ കൃത്യമായി നിര്‍വഹിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കും. ഈ പഠനത്തിലൂടെ മാത്രം സാമ്പത്തിക വിദഗ്ധര്‍ക്ക് ദാരിദ്ര്യം ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഫലങ്ങള്‍ നോക്കിക്കാണാനും എളുപ്പം സാധിക്കും. ദാരിദ്ര്യനിര്‍മാര്‍ജനമാണ് ഇതിന് പിന്നിലെ യുക്തി. പക്ഷഭേദമില്ലാതെ ചിന്തിച്ചാല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇന്ന് ലോകത്ത് നടപ്പുള്ള മറ്റേത് സാമ്പത്തിക സംവിധാനങ്ങളെക്കാളും മികച്ചു നില്‍ക്കുന്നതാണ് ഇസ്‌ലാമിക സമ്പത്ത് വ്യവസ്ഥയിലെ സഖാത്ത് വ്യവസ്ഥ എന്നത്. ഇതിലൂടെ സക്കാത്തിന്റെ സാമൂഹിക പ്രസക്തി വായിക്കാനാകും.

 തികച്ചും യുക്തിവാദവും പ്രായോഗികവുമായ ഈ രീതി പ്രയോഗവത്കരിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഇസ്‌ലാമിന്റെ വിജയം. ചരിത്രങ്ങള്‍ ഇത് സൂചിപ്പിക്കുന്നുമുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ വിയോഗാനന്തരം ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍ സ്വിദ്ധീഖ് (റ) സഖാത്ത് നിഷേധികളോട് സമരം ചെയ്തതും രണ്ടാം ഖലീഫയായ ഉമര്‍ (റ) ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന യമന്‍ പ്രവിശ്യയില്‍ നിന്നും സഖാത്തിന്റെ അവകാശികളെ ലഭിക്കാത്ത, സഖാത്തിന്റെ സ്വത്ത് പൊതു ഖജനാവിലേക്ക് വകയിരുത്തിയതായും ചരിത്രത്തില്‍ കാണുന്നു. അഞ്ചാം ഖലീഫയെന്ന് വിഖ്യാതനായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസി(റ) ന്റെ കാലത്തും സമാന സംഭവങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാതരം സമ്പത്തിലും ഇസ്‌ലാം സഖാത്ത് ആവശ്യപ്പെടുന്നില്ല. നബി പറയുന്നു.'ഒരു വിശ്വാസി തന്റെ കുതിരകളിലോ അടിമകളിലോ സക്കാത്തില്ല' (ബുഖാരി). തിരുനബിയുടെ കാലത്ത് ഏറ്റവും വിലപിടിപ്പുള്ള സമ്പത്തുകളില്‍ പെട്ടതാണ് ഇവ. ഇവയില്‍ സഖാത്തില്ല എന്നു വ്യക്തമാക്കുന്നതിലൂടെ എല്ലാ സമ്പത്തിനും സഖാത്ത് വാങ്ങുക എന്നതല്ല ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്റെയും ഇല്ലാത്തവരുടെയും ജീവിതത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രത്യേക മുതലുകള്‍ക്കാണ് സഖാത്ത് ഈടാക്കുന്നതെന്നും ഇസ്‌ലാം നിര്‍ദേശിക്കുന്ന സഖാത്തിന്റെ അവകാശികളെ പരിശോധിച്ചാല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമാണെന്നും മനസ്സിലാക്കാം. 

എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സഖാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും ആവശ്യമായതിന് തികയുന്ന സമ്പത്തോ അനുയോജ്യമായ ജോലിയോ ഇല്ലാത്തവരാണ് ഒന്നാം വിഭാഗം അഥവാ 'ഫഖീര്‍'. സമ്പത്തിന്റെ മേലിലോ ആവശ്യത്തില്‍ നിന്ന് ഒരു പരിധിവരെ മതിയാകുന്നതും എന്നാല്‍ പൂര്‍ണമാകാത്തതുമായ സമ്പാദ്യത്തിനോ കഴിയുന്നവനാണ് രണ്ടാമവകാശി അഥവാ 'മിസ്ഖീന്‍'. സഖാത്ത് പിരിച്ചെടുക്കാനായി ഇസ്‌ലാമികരാജ്യത്തെ ഭരണാധികാരി നിയോഗിക്കുന്നവരും സഖാത്തിന്റെ മുതല്‍ ഒരുമിച്ച് കൂട്ടുന്നവരും അത് വിതരണം ചെയ്യുന്നവരുമാണ് മൂന്നാം വിഭാഗം അഥവാ 'സഖാത്തിന്റെ ഉദ്യോഗസ്ഥന്മാര്‍'. ഗഡുക്കളായോ മറ്റോ പണം അടച്ചുകൊള്ളാമെന്ന വ്യവസ്ഥയില്‍ യജമാനനുമായി മോചനപത്രം എഴുതിയ അടിമകള്‍ക്ക് അവര്‍ നിശ്ചിത തുക കൈവശം ഇല്ലാത്തവരാണെങ്കില്‍ അതിനാവശ്യമായ തുക സഖാത്ത് മുതലില്‍ നിന്ന് കൊടുക്കാം. ഇവരാണ് നാലാം വിഭാഗം. 

രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇട വരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ഇടയില്‍ യോജിപ്പ് ഉണ്ടാക്കുവാനുമായി കടം വാങ്ങിയവനും തന്റെയും തന്റെ ഭാര്യസന്തതികളുടെയും അനുവദനീയമായ ചെലവിനു വേണ്ടി കടം വാങ്ങിയ കടക്കാരനാണ് അഞ്ചാം വിഭാഗം. നവമുസ്‌ലിങ്ങളാണ് ആറാം വിഭാഗം. ധാര്‍മ്മിക സമരം നടത്തുന്ന സമരസേനാനിയും ആവശ്യക്കാരനായ അനുവദനീയ യാത്രക്കാരനുമാണ് മറ്റു വിഭാഗക്കാര്‍. 

ധനത്തിന്റെ ബാധ്യതയാണ് സഖാത്ത്. എന്നാല്‍ എല്ലാത്തരം സമ്പാദ്യത്തിനും സഖാത്തില്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ. സമൂഹത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെയോ ഭക്ഷ്യസുരക്ഷയേയോ നിര്‍ണയിക്കുന്നതിലെ പങ്കാണ് ഇവിടെ ഇനങ്ങള്‍ മാനദണ്ഡമാകുന്നത്. ആട്, മാട് (പശു, പോത്ത്), ഒട്ടകം, സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി എന്നിവയിലാണ് സഖാത്ത് നിര്‍ബന്ധമാകുന്നത്. ആഭരണമല്ലാത്ത സ്വര്‍ണം മിനിമം 85 ഗ്രാമും, വെള്ളി 595 ഗ്രാമും ഒരുവര്‍ഷം സ്റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സഖാത്ത് നല്‍കണം.

 അനുവദനീയാഭരണങ്ങള്‍ക്ക് സഖാത്തില്ല. ആഭരണം ഉരുക്കി വാര്‍ത്താലെ ഉപയോഗിക്കാന്‍ പറ്റൂ എന്നവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സഖാത്ത് നിര്‍ബന്ധം. കാരണം അത് ആഭരണമല്ല, സ്വര്‍ണമാണ്. ആഭരണമല്ലെങ്കിലാണ് സഖാത്തില്ലാതാകുന്നത് മറിച്ചാണെങ്കില്‍ ആഭരണത്തിനും സഖാത്ത് വേണം. നിധി നിക്ഷേപം എന്ന കരുതലോടെ ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സഖാത്ത് നല്‍കണം. അവകൊണ്ട് കച്ചവടം നടത്തുന്നവര്‍ കച്ചവടവസ്തു എന്ന നിലയിലാണ് സഖാത്ത് നല്‍കേണ്ടത്.

പണ്ടു കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമൊക്കെ നാണയങ്ങളായി ഉപയോഗിച്ചിരുന്നുവെങ്കിലും ഇന്നതെല്ലാം മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയരംഗത്ത്. നോട്ടിനും നാണയങ്ങള്‍ക്കും സഖാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നത് ഈ വീക്ഷണത്തിലാണ്. 595ഗ്രാം വെള്ളിയുടെയോ 85ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ തുക, ഒരു വര്‍ഷം പൂര്‍ണമായി ഉടമസ്ഥതയില്‍ ഉണ്ടാകുമ്പോഴാണ് നാണയത്തിന് സഖാത്ത് നിര്‍ബന്ധമാകുന്നത്. തനിക്ക് കിട്ടാനുള്ള കടത്തിനും സഖാത്ത് നിര്‍ബന്ധമാകും. 

കടമായി ലഭിക്കാനുള്ള സംഖ്യ മേല്‍പ്പറഞ്ഞ സഖാത്തിന്റെ കണക്കെത്തിക്കുകയാണെങ്കിലാണ് നിര്‍ബന്ധമാകുക. സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനി തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ക്കും നല്‍കുന്നതാണല്ലോ പ്രൊവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസംതോറും പിടിച്ചുവെച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ അത്യാവശ്യങ്ങള്‍ക്കോ നല്‍കുകയാണ് ഇതിന്റെ രീതി.  ഇവിടെയും സഖാത്ത് നിര്‍ബന്ധമാകുന്നതാണ്. 

ഇന്ന് ജനവിഭാഗങ്ങളിലെ ഭൂരിഭാഗവും കച്ചവടക്കാരാണ്. കച്ചവടം തുടങ്ങിയ വര്‍ഷാവസാനം കച്ചവടച്ചരക്കിന്റെ വില 595ഗ്രാം വെള്ളിയുടെ വിലയോട് തുല്യമായോ അതിനേക്കാള്‍ കൂടുതലായോ ഉണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം (2.5%) സഖാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. കച്ചവടാവശ്യാര്‍ഥം സ്ഥലങ്ങള്‍ വാങ്ങിയാല്‍ കച്ചവടച്ചരക്ക് എന്ന നിലയില്‍ അതിനും സഖാത്ത് നിര്‍ബന്ധമാകും.