''അല്ലയോ സത്യവിശ്വാസികളെ! നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു...നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുവാന്‍ വേണ്ടി.'' (വിശുദ്ധ ഖുര്‍ആന്‍)

വിശുദ്ധ റംസാന്‍ മുന്നോട്ടുവയ്ക്കുന്ന മഹാദര്‍ശനം ഖുര്‍ആനിലെ ഈ വാചകത്തില്‍ പകല്‍പോലെ വ്യക്തമാണ്. വിശ്വാസികളെ ആത്മപരിശുദ്ധിയുടെയും ത്യാഗമനോഭാവത്തിന്റെയും അത്യുന്നത മേഖലയിലേക്ക് നയിക്കാന്‍ പര്യാപ്തമായ വ്രതാനുഷ്ഠാനത്തിന്റെ കാലമാണ് റംസാന്‍. വിശുദ്ധിയുടെ ആ കാലത്ത് ഓരോ വിശ്വാസിയും അങ്ങേയറ്റം സൂക്ഷ്മതയുള്ളവരായിരിക്കണമെന്നത് അല്ലാഹു അത്രമേല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കനിവിന്റെയും കാരുണ്യത്തിന്റെയും ദാനധര്‍മ്മങ്ങളുടെയും ദയാവായ്പിന്റെയും കാലമാണ് റംസാന്‍. ആരാധനകളും ദിക്ക്റുകളും അധികരിച്ച പകലിരവുകളില്‍ അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ വിശ്വാസിയും മത്സരിക്കുന്നത്.

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹത്തിന്റെ കലവറകള്‍ തുറക്കപ്പെടുന്ന പുണ്യങ്ങളുടെ പൂക്കാലം. തിന്മയുടെ കവാടങ്ങള്‍ അടയ്ക്കപ്പെടുകയും നന്മയുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന റംസാനില്‍ മനുഷ്യന്‍ പൈശാചിക ദുര്‍പ്രേരണകളില്‍നിന്നും മോചിതനായി നിത്യസുന്ദരമായ സ്വര്‍ഗീയ ജീവിതത്തിലേക്ക് പ്രയാണം തുടങ്ങുകയാണ്. ആ ഓര്‍മയിലാകണം ഓരോ വിശ്വാസിയും റംസാനിനെ സമീപിക്കേണ്ടത്.

റംസാനില്‍ എത്രയോ പുണ്യങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയെക്കൊണ്ട് റംസാന്‍ മാസത്തെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ ആ രാത്രിയുടെയും ആ രാത്രി ഉള്‍ക്കൊള്ളുന്ന മാസത്തിന്റെയും പ്രസക്തി അനിര്‍വചനീയമാണ്. അത് ഏറ്റുവാങ്ങാനും അനുഭവിക്കാനും ഭാഗ്യം ലഭിക്കുന്നത് ഓരോ വിശ്വാസിയുടെയും പുണ്യമാണ്. അത്രമേല്‍ കാരുണ്യവും നന്മയും പെയ്യുന്ന മാസമാണ് റംസാന്‍.

മനുഷ്യസമൂഹത്തിന് മഹിതവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥിതി വിഭാവനംചെയ്ത വിശുദ്ധ ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നാണ് വ്രതം. അതുകൊണ്ടുതന്നെ അതിനെ പരമാവധി ഉള്‍ക്കൊള്ളാന്‍ ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതുണ്ട്. നോമ്പിന്റെ മതസാങ്കേതിക നാമം സൗമ് എന്നാണ്. അതിന്റെ അര്‍ത്ഥം പിടിച്ചുനില്‍ക്കുക, വര്‍ജിക്കുക എന്നൊക്കെയാണ്. രോഗികളും ശിശുക്കളും യാത്രക്കാരും വാര്‍ധക്യം ബാധിച്ചവരും ഒഴികെ പ്രായപൂര്‍ത്തിയായ എല്ലാ ഇസ്ലാം മത വിശ്വാസികള്‍ക്കും റംസാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാണ്.

പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ആഹാരപാനീയങ്ങളും ലൈംഗികാഗ്രഹങ്ങളും പാടെ ഉപേക്ഷിക്കുന്നതോടൊപ്പം മനസ്സും ശരീരവും പൂര്‍ണമായും സര്‍വേശ്വരനായ ദൈവത്തിന്റെ പ്രീതിക്ക് തികച്ചും വിധേയനായി അനുഷ്ഠിക്കുന്ന ഒരു കര്‍മമാണ് വ്രതം. അനാവശ്യ സംസാരം നടത്തുന്നതും കേള്‍ക്കുന്നതും ഉപേക്ഷിക്കുക, ശരീരേച്ഛകളെ തൊട്ടുസൂക്ഷിക്കുക തുടങ്ങി എത്രയോ നിബന്ധനകള്‍ റംസാന്‍ മുന്നോട്ടുവയ്ക്കുന്നു. ഇതെല്ലാം പാലിച്ചാല്‍ മാത്രമേ നോമ്പിന് അര്‍ഹമായ പ്രതിഫലം ലഭിക്കുകയുള്ളൂ. 

റംസാന്‍ കടന്നുവരുന്നതോടുകൂടി പള്ളികളും മുസ്ലിം ഭവനങ്ങളും സജീവമാവുകയാണ്. എല്ലാ പകലുകളും വ്രതമനുഷ്ഠിക്കുകയും രാത്രിയില്‍ പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനത്തെ നിയമമാക്കിയതില്‍ പരമ പ്രധാനമായി രണ്ട് തത്ത്വങ്ങളുണ്ട്. ഒന്ന് മനുഷ്യര്‍ ശാരീരികേച്ഛകളുടെ അടിമകളാണ്. വ്രതം എന്ന പരിചകൊണ്ട് അവയെ ഫലപ്രദമായി തടയാന്‍ കഴിയുന്നു. മറ്റൊന്ന് വിശപ്പിന്റെ വിളിയാണ്. അതറിയുമ്പോള്‍ ദരിദ്രരോടും പട്ടിണിപ്പാവങ്ങളോടും കാരുണ്യവും ദാക്ഷിണ്യവും ഉണ്ടാകുന്നു. ഒരു ഹദീസിലൂടെ പ്രവാചകന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുക; ''റംസാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ്.'' പ്രവാചകന്‍ ഇതുപറയുന്നത് വിശ്വാസികള്‍ക്കുള്ള കൃത്യമായ ഉപദേശമാണ്.

'നോമ്പ് എനിക്കുള്ളതാണ. അതിന് പ്രതിഫലം കൊടുക്കുന്നവന്‍ ഞാനാണ്' എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നോമ്പിനും നോമ്പുകാരനും അല്ലാഹു നല്‍കുന്ന അത്യുന്നതമായ പദവിയാണ് ഈ വചനം വിളിച്ചോതുന്നത്. 
നോമ്പുകാരനെ നോമ്പ് തുറപ്പിക്കല്‍ വളരെ പുണ്യമുള്ള പ്രവര്‍ത്തിയായി പ്രവാചകന്‍ കല്പിച്ചിരിക്കുന്നു. റംസാനിലെ എല്ലാ ദിവസങ്ങളിലും മുസ്ലിങ്ങള്‍ സ്വന്തം കഴിവിനനുസരിച്ച് കഴിവില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കി നോമ്പുതുറപ്പിക്കുന്നത് പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുതന്നെയാണ്. 

ദാനധര്‍മങ്ങളും സഹായസഹകരണവും വര്‍ധിപ്പിക്കേണ്ട മാസമാണ് റംസാന്‍. നിര്‍ബന്ധമായും കൊടുക്കേണ്ട സക്കാത്ത് (നിര്‍ബന്ധദാനം) അര്‍ഹരായവര്‍ക്ക് കൊടുക്കാന്‍ പുണ്യമാസമായ റംസാന്‍ മുസ്ലിങ്ങള്‍ തിരഞ്ഞെടുക്കുന്നതും അല്ലാഹുവിന്റെ കല്‍പനയനുസരിച്ചുതന്നെയാണ്. ഇത് കൂടാതെ ഭക്ഷണവും വസ്ത്രവും അര്‍ഹരായവര്‍ക്ക് എത്തിച്ച് കൊടുക്കാനും അവശരെയും അനാഥരെയും അകമഴിഞ്ഞ് സഹായിക്കുവാനും മറ്റുമാസങ്ങളേക്കാള്‍ റംസാനില്‍ മുസ്ലിങ്ങള്‍ സന്നദ്ധരാവുന്നതും ഈ മാസത്തിന്റെ മഹത്ത്വത്തിന്റെ അടയാളമാണ്. റംസാന്‍ പരസ്പരസഹായത്തിന്റെ മാസമാണെന്ന പ്രവാചകവചനം അങ്ങനെ അന്വര്‍ഥമാകുന്നു.

സുന്നത്തുക്കള്‍ വര്‍ധിപ്പിക്കുക, പള്ളിയില്‍ പരമാവധി സമയം ഇരിക്കുക,  ഖുര്‍ആന്‍ പാരായണം ചെയ്യുക, പൊറുക്കലിനെ തേടുക, ദാനം അധികരിപ്പിക്കുക തുടങ്ങിയ സത്കര്‍മങ്ങള്‍ ഓരോ നോമ്പുകാരന്റെയും കടമയാണ്. പാപപങ്കിലമായ 11 മാസത്തെ ജീവിതം ഒരു മാസംകൊണ്ട് പാപമുക്തവും പരിശുദ്ധവുമാക്കാനാണ് വിശ്വാസികള്‍ ശ്രമിക്കുന്നത്. അതിന് കഴിയുന്നിടത്താണ് റംസാന്‍ ഓരോ വിശ്വാസിക്കും അര്‍ഥപൂര്‍ണമാകുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി സൂക്ഷ്മതയോടെ റംസാനിനെ അനുഭവിക്കാന്‍ നമ്മെ ഓരോരുത്തരെയും സര്‍വശക്തന്‍ സഹായിക്കട്ടെ...ആമീന്‍. 

മനുഷ്യസമൂഹത്തിന് മഹിതവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥിതി വിഭാവനംചെയ്ത വിശുദ്ധ ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നാണ് വ്രതം.

''റംസാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ്.'' പ്രവാചകന്‍ ഇതുപറയുന്നത് വിശ്വാസികള്‍ക്കുള്ള കൃത്യമായ ഉപദേശമാണ്.

Content Highlights: ramzan thoughts-panakkad sayed hyderali shihab thangal