വിശപ്പും ദാഹവും സഹിക്കല്‍ ശരീരത്തോടുള്ള സമരത്തിന്റെ ഭാഗമാണ്. ആത്മാവിനെ ഊതിക്കാച്ചിയെടുക്കുകയാണ്. ആഡംബര ജീവിതത്തോടും സുഖാന്വേഷണങ്ങളോടുമുള്ള കര്‍ക്കശമായ കലഹമാണ്. പിശാചിനെ ചങ്ങലക്ക് കുരുക്കുന്നതിന്റെ പ്രഥമ പടിയുമാണ്. വിശക്കുമ്പോള്‍ ശരീരം തളരും. അപ്പോള്‍ ആസക്തികള്‍ കുറയും. ആസക്തിയില്ലാത്ത ശരീരത്തില്‍ പിശാചിന് വിലക്കാനാകില്ല. മനുഷ്യശരീരത്തില്‍ രക്തചംക്രമണം നടക്കുന്നിടത്തെല്ലാം പിശാച് വിലസുന്നു. 

''വിശപ്പു നല്‍കി അവന്റെ സഞ്ചാരപഥത്തിന് നിങ്ങള്‍ ഞരുക്കമുണ്ടാക്കുക' ഈ തിരുവചനം മേല്‍ ആശയത്തെ ശരിവെക്കുന്നു. വിശപ്പ് സഹിച്ച് ശരീരത്തോട് സമരം ചെയ്യുക. നിശ്ചയം വയറ് വിശക്കുന്നതിന്റെ പ്രതിഫലം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ സമരത്തിന് സമാനമാണ് (ഹദീസ് ബൈഹഖി) പിശാചിനെ കയറിട്ടു കുടുക്കുന്നതിന്റെ പ്രഥമ പടിയാണ് വിശപ്പ്. 

സ്വന്തം ശരീരത്തേയും ഇച്ഛാകളെയും മെരുക്കിയെടുക്കാന്‍ ഇത്ര വിശേഷകരമായ മറ്റൊരു മുറയും ലോകത്തില്ല. വിശപ്പെന്ന വികാരത്തെ രുചിച്ചറിയുമ്പോള്‍ പാവപ്പെട്ടവന്റെ ഉദര വികാരത്തെ അനുഭവിച്ചറിയുക. മനസ്സ് വികസിക്കുന്നു. മുറുക്കിപ്പിടിച്ചു ശീലിച്ച കൈകളും കെട്ടിപ്പൂട്ടി വെച്ച ധാന്യച്ചാക്കുകളും റബര്‍ ബാന്‍ഡിട്ട് അടുക്കിവച്ച പണക്കിഴികളും പാവപ്പെട്ടവനിലേക്ക് അയഞെഞ്ഞൊഴുകുന്നു. 

സമൂഹത്തില്‍ ഉദാര ബോധം ഇത്രമേല്‍ സമ്പുഷ്ടമാകാന്‍ ഈ ആത്മീയ ആരാധനക്ക് നല്ല പങ്കുണ്ട്. പകലന്തിയോളം പട്ടിണി കിടന്ന് നോമ്പ് തുറക്കുമ്പോഴും അത്താഴമുണ്ണുമ്പോഴും മൂക്കറ്റം ഭക്ഷണം കഴിക്കുന്ന ന്യൂജനറേഷന്‍ രീതി നോമ്പിന്റെ വിശുദ്ധിയെയും ചൈതന്യത്തെയും നശിപ്പിക്കുക തന്നെ ചെയ്യും. മുട്ടയും മാംസവും എണ്ണയും മറ്റ് കൊഴുപ്പേറിയ ആഹാരരീ തിയും അമിതമായ തീറ്റയുമെല്ലാം ശരിക്കും നിയന്ത്രിക്കേണ്ടതാണ്.

ശ്രദ്ധേയവും പ്രസക്തവുമായ ഒരു തിരുവചനം കൂടി ഉദ്ധരിക്കട്ടെ. നാം വിശന്നാല്‍ മാത്രം ഭക്ഷണം കഴിക്കുന്ന സമുദായമാകുന്നു. ഭക്ഷണം കഴിച്ചാല്‍ വയറ് നിറയെ കഴിക്കുകയുമില്ല. ഈ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി എന്തുമാത്രം സങ്കടകരമാണ്. തത്വദീക്ഷയില്ലാത്ത തീറ്റമത്സരമാണ്. എവിടെയും.
വ്രതാനുഷ്ഠാനത്തിലൂടെ ഒരു വിശ്വാസി ആസ്വദിക്കുന്ന ആത്മീയ ആനന്ദം അതിന്റെ ജീവല്‍ തുടിപ്പോടെ സംവേദനം ചെയ്യാന്‍ പദങ്ങഘളിലൂടെ സാധ്യമല്ല. അത്രമേല്‍ ഉന്നതമാണത്.