നട്ടുച്ചനേരത്ത് ചുട്ടുപൊള്ളുന്ന വെയിലില് തലയില് വലിയ ഭാരവുമായി ഒരു വൃദ്ധ തെരുവിലൂടെ നടന്നുപോവുന്നത് മുഹമ്മദ് നബിയുടെ ശ്രദ്ധയിൽപ്പെട്ടു. ക്ഷീണത്താൽ അവർ ഭാരം താഴെവെച്ച് അതിനുമുകളില് ഇരുന്ന് വിയർപ്പ്  തുടയ്ക്കുന്നു. നബി സ്ത്രീയുടെ സമീപംചെന്ന് സഹായിക്കാൻ തയ്യാറായി. സ്ത്രീയുടെ സഹായത്തോടെ ഭാരമെടുത്ത് തലയിൽ വച്ചു. സ്ത്രീയോട് മുന്നിൽ നടക്കാൻ പറഞ്ഞു. വൃദ്ധയ്ക്ക് വളരെ സന്തോഷം.

നടക്കുമ്പോൾ നബി സ്ത്രീയുടെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കുറേക്കാലമായി അവർ മദീനയിൽ താമസിക്കുന്നു. ഇപ്പോൾ മദീന വിടുകയാണ്. നബി കാരണംചോദിച്ചു: 'ഇവിടെ മുഹമ്മദ് എന്നൊരു മന്ത്രവാദി വന്നിട്ടുണ്ടത്രേ. അയാൾ സ്ത്രീകളെയൊക്കെ ആക്രമിക്കുന്നുണ്ടത്രേ. ചന്തയിൽ ഇതൊരു സംസാരവിഷയമായിരിക്കുന്നു. പലരും നാടുവിടുകയാണ്. ഞാനെന്റെ പഴയ ഗ്രാമത്തിലേക്കുതന്നെ തിരിച്ചുപോവുന്നു.'. തന്നെക്കുറിച്ചാണ് അവർ പറയുന്നതെന്ന് നബിക്ക് മനസ്സിലായി. ഒരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാരവുമായി നബി നടന്നുനീങ്ങി.

നബിയെ പുകഴ്ത്താനും ആ ഉമ്മ മറന്നില്ല.: 'മോൻ വന്നത് വളരെ ഉപകാരം. പൊരിയുന്ന വെയിലിൽ ഭാരവുംപേറി എങ്ങനെ പോവുമെന്ന് ഞാന് ആലോചിച്ചിരിക്കുകയായിരുന്നു.' കുറേ നടന്ന് അവർ ഒരു പഴയ കുടിലിന്റെ മുന്നിലെത്തി. ഭാരം ഇറക്കിവെച്ചു. 

സ്ത്രീ കൂലിയായി പണം വെച്ചുനീട്ടിയെങ്കിലും അത് തിരസ്കരിച്ചുകൊണ്ട് നബി പറഞ്ഞു: 'ഉമ്മാ ദുർബലരെയും സാധുക്കളെയും സഹായിക്കേണ്ടത് കഴിവുള്ളവരുടെ കടമയാണ്. അതിനൊരു പ്രതിഫലവും വാങ്ങിക്കൂടാ? വൃദ്ധ അദ്ഭുതംകൂറി. എത്ര നല്ലൊരു മനുഷ്യന്! 'മോനേ നീ ആരാണ്?' അല്പ നേരത്തെ മൗനത്തിനുശേഷം മുഹമ്മദ് നബി പറഞ്ഞു: 'നിങ്ങൾ പറഞ്ഞുകൊണ്ടിരുന്ന മാന്ത്രികനായ മുഹമ്മദ് തന്നെയാണ് ഞാന്. നിങ്ങൾ കേട്ടതൊക്കെ കളവാണ്.'വൃദ്ധയ്ക്ക് വിശ്വസിക്കാനായില്ല. 'ആ മാന്ത്രികൻ നീയാണെങ്കിൽ ഞാൻ മദീനയിലേക്ക് തന്നെ തിരിച്ചുവരികയാണ്. നിന്റെ മാര്ഗം സ്വീകരിക്കാനും തയ്യാറാണ്'.

ഒരിക്കൽ കഷ്ടപ്പെട്ടു ധാന്യം അരയ്ക്കുന്ന ഒരടിമയെ റസൂൽ കണ്ടുമുട്ടി. അയാൾ വളരെ ക്ഷീണിതനാണ്. കാര്യമന്വേഷിച്ചപ്പോൾ അടിമ യജമാനനെക്കുറിച്ച് പരാതിപറഞ്ഞു: 'എന്റെ യജമാനന് ക്രൂരനാണ്. ഞാൻ പനിപിടിച്ചു കിടന്നിട്ടും അയാളെന്നെക്കൊണ്ട് കഠിനപ്രയത്നം ചെയ്യിക്കുകയാണ്. എനിക്ക് ഈ പണിചെയ്യാന് കഴിയുന്നില്ല' കേള്ക്കേണ്ടതാമസം, അടിമയുടെ കൈയില്നിന്ന് അരകല്ല് വാങ്ങി ധാന്യം മുഴുവന് അരച്ചുകൊടുത്തു. 

ഇത്തരം സംഭവങ്ങൾ നബിയുടെ ജീവചരിത്രത്തില് നിരവധികാണാം. തന്റെ തോൽ സഞ്ചിയിൽ കഷ്ടപ്പെട്ടു വെള്ളം ചുമന്ന് കൊണ്ടുപോകുന്ന വൃദ്ധനെ കണ്ടപ്പോൾ നബി ആ വെള്ളസഞ്ചി വാങ്ങി ഉദ്ദിഷ്ട സ്ഥലത്തെത്തിച്ചുകൊടുത്തു. 

ഒരാൾ മറ്റുള്ളവരുടെ ദുരിതങ്ങളകറ്റാന് തയ്യാറായാൽ ദൈവം അയാളുടെ ജീവിതത്തിലെ ദുരിതങ്ങളകറ്റും. ഒരു സഹോദരന്റെ ജോലിഭാരം കുറയ്ക്കാന് സഹായിക്കുന്നവന് പത്തുവർഷം ഭജനമിരുന്നതിന്റെ പ്രതിഫലം ലഭിക്കും. ഭാരം ചുമന്നുപോകുന്ന കഴുതയെ സഹായിച്ചാൽ അതൊരു ധർമായി ദൈവം കണക്കാക്കും. വിധവയെയോ ദരിദ്രനെയോ സംരക്ഷിക്കുന്നവൻ ദൈവമാർത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാവിനെപ്പോലെയാണെന്നും നബി വചനം.

'നന്മകൊണ്ടും ഭക്തികൊണ്ടും നിങ്ങൾ പരസ്പരം സഹായിക്കുവിന്‍. പാപംകൊണ്ടും ശത്രുതകൊണ്ടും സഹായിക്കരുത്' (ഖുര്‍ആന്‍)