ഇസ്രാഈൽ സമുദായത്തിൽ ഒരു കുപ്രസിദ്ധ കൊലയാളി ഉണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പത് പേരാണ് അയാളുടെ കൊലക്കത്തിക്ക് ഇരയായത്. പക്ഷേ, ഒരുനാൾ അയാളിൽ കടുത്ത കുറ്റബോധമുണ്ടായി. തന്നെ നേർവഴിയിൽ നയിക്കാൻ പ്രാപ്തിയുള്ള ഒരു ഗുരുവര്യൻ ഉണ്ടായിരുന്നെങ്കിൽ എന്നദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയുള്ള ഒരു മഹാഗുരുവിനെ അന്വേഷിച്ച് അയാൾ യാത്രയായി. പ്രസിദ്ധനായ ഒരു ഗുരുശ്രേഷ്ഠനെക്കുറിച്ച് അയാൾക്ക് വിവരംകിട്ടി. ഗുരു തന്നെ അനുഗ്രഹിക്കുമെന്ന ആശയോടെ അയാൾ ഗുരുമുഖത്തെത്തി. ‘മനുഷ്യ കബന്ധങ്ങൾ കൊണ്ട് അമ്മാനമാടിയ തനിക്ക് മാപ്പോ?’ കോപത്തോടെ ഗുരു അലറി. അതുകേട്ട കൊലയാളിയുടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. അയാൾ വാൾ ഊരി വീശി. ഗുരുവിന്റെ തല പോയി.

വികാരമൂർച്ഛയിൽ ഗുരുവിനെ വധിച്ചെങ്കിലും കുറ്റബോധം പിന്നെയും അയാളെ അലട്ടി. മറ്റൊരു ഗുരുവിനെത്തേടി അയാൾ യാത്രതുടർന്നു. ഒടുവിൽ കാരുണ്യവാനായ ഒരു ഋഷിയുടെ സന്നിധിയിൽ അയാളെത്തി, നൂറു മനുഷ്യരെ വകവരുത്തിയ തനിക്ക് പാപമുക്തിയുണ്ടോ, ഉണ്ടെങ്കിൽ ഞാൻ അതിനായി എന്തു ചെയ്യണം? അയാൾ ആരാഞ്ഞു. ഋഷിവര്യൻ പുഞ്ചിരിയോടെ അയാളെ സമാശ്വസിപ്പിച്ചു: ‘ദൈവത്തിനും നിനക്കും ഇടയിൽ ആർക്കാണ് തടസ്സം നിൽക്കാനാവുക. ഇനി മുതൽ  ദൈവോപാസകരായ നല്ല മനുഷ്യർക്കൊപ്പം ജീവിക്കുക. തിന്മകൾക്ക് പ്രേരണനൽകുന്ന നിന്റെ നാട്ടിലേക്ക് മടങ്ങാതിരിക്കുക’.

ഋഷിവര്യന്റെ ഉപദേശം അയാളുടെ കണ്ണു നനച്ചു. നിസ്വരായ നല്ല മനുഷ്യർ ജീവിക്കുന്ന ഒരു നാട് തേടി അയാൾ യാത്ര തുടർന്നു. പകുതി വഴിദൂരം പിന്നിട്ടപ്പോഴേക്കും അയാൾ മരിച്ചുവീണു. അപ്പോൾ അയാളുടെ ആത്മാവിനെ സ്വീകരിക്കാനെത്തിയ മാലാഖമാർ ആശയക്കുഴപ്പത്തിലായി. കൊടും കൊലയാളിയായ ഇയാളെ ഞാൻ ഏറ്റെടുക്കും -ശിക്ഷയുടെ മാലാഖ അവകാശപ്പെട്ടു. പശ്ചാത്തപിച്ചു മടങ്ങിയ ഇയാളെ ഞാൻ ഏറ്റെടുക്കും -കാരുണ്യത്തിന്റെ മാലാഖ വാദിച്ചു. മധ്യസ്ഥനായെത്തിയ മൂന്നാമത്തെ മാലാഖ ഒരു പോംവഴി നിർദേശിച്ചു: ഇയാൾ സഞ്ചരിച്ച വഴിദൂരവും ഇയാൾ ലക്ഷ്യംവെച്ചുപോകുന്ന സ്ഥലത്തേക്കുള്ള ദൂരവും അളന്ന് തിട്ടപ്പെടുത്തുക. എങ്ങോട്ടാണോ ദൂരം കുറവ് അതിനനുസരിച്ച് ഒരു തീർപ്പിൽ എത്താം. ദൂരം അളന്നപ്പോൾ അയാളുടെ  ലക്ഷ്യദേശത്തേക്കുള്ള അകലമായിരുന്നു കുറവ്. കാരുണ്യത്തിന്റെ മാലാഖമാർ അയാളുടെ ആത്മാവിനെ ഏറ്റുവാങ്ങി. (മുസ്‌ലിം ഉദ്ധരിച്ച ഹദീസിന്റെ സാരാംശം).

‘പറയുക: സ്വയം അതിക്രമം പ്രവർത്തിച്ചുപോയ മനുഷ്യരേ, ദൈവകാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും ദൈവം പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. നിശ്ചയം അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’
(ഖുർആൻ: 39/ 53)