ല്ലാഹുവിനെ ആരാധിക്കുക, അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബബന്ധമുള്ള അയല്‍വാസികള്‍, ഇതര അയല്‍വാസികള്‍, കൂട്ടുകാരന്‍, യാത്രക്കാരന്‍, ദാസദാസിമാര്‍ എന്നിവര്‍ക്ക് നന്മ നല്‍കി അവരോട് നന്നായി പെരുമാറുക. പൊങ്ങച്ചവും ദുരഭിമാനവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടില്ലതന്നെ( ഖുര്‍ആന്‍: നിസാ അധ്യായം 36)

അയല്‍ബന്ധങ്ങള്‍ വേരറ്റുപോവുന്ന കാലമാണിത്. ഒരയല്‍വാസി മരിച്ച് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ആ മൃതദേഹം ദിവസങ്ങള്‍ സൂക്ഷിച്ചിട്ടും തൊട്ടയല്‍പക്കം അറിയാതെ പോയ കാലം. ഇതിലാരെയും കുറ്റപ്പെടുത്തേണ്ട. മനുഷ്യബന്ധങ്ങളെ ദ്രവ്യചിന്തകളുമായി ചേര്‍ത്തു വെച്ചാല്‍ ഇങ്ങനെയിരിക്കും. ആത്മീയത വാക്കുകളില്‍നിന്ന് ജീവിതത്തിലേക്ക് ചാലിക്കേണ്ടത് കാലത്തിന്റെ തേട്ടമാണ്. 

അയല്‍വാസിക്കുള്ള സ്ഥാനമാനങ്ങളെപ്പറ്റി ദൈവദൂതന്‍ നിരന്തരം ഗൗരവമറിയിക്കുന്നത് കേട്ടപ്പോള്‍, അയല്‍വാസിക്ക് അനന്തര സ്വത്തില്‍ അവകാശമുണ്ടായേക്കുമോ എന്ന് വിചാരിച്ചുപോയെന്ന് നബി തിരുമേനി. മനുഷ്യബന്ധങ്ങളെ ആത്മീയതയുമായി വിളക്കിച്ചേര്‍ത്തില്ലെങ്കില്‍ വാണിജ്യ താത്പര്യങ്ങള്‍ എല്ലാത്തിനും മീതെ വരുന്ന ഇക്കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടുപോവും. 

ചുറ്റുമുള്ള നാല്പത് വീടുകള്‍ അയല്‍വാസികളാണെന്ന് നബി തിരുമേനി ഓര്‍മിപ്പിച്ചു. തിരുമേനി വിടപറയുമ്പോള്‍ അവിടുത്തെ വീട്ടില്‍ തുച്ഛവില കിട്ടുന്ന ഒരേയൊരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ. തിരുമേനിയുടെ അങ്കി. അത് അയല്‍വാസിയായ ജൂതന്റെയടുത്ത് പണയത്തിലായിരുന്നു. ദരിദ്ര കാലങ്ങളില്‍ മനുഷ്യര്‍ അന്യോ ന്യം താങ്ങായി നില്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്.

നബി തിരുമേനിയുടെ വചനം ഇമാം ഗസാലി രേഖപ്പെടുത്തിയത് കാണുക: അയല്‍ക്കാരനോടുള്ള ബാധ്യത എന്തൊക്കെയാണെന്നറിയാമോ? സഹായം ചോദിച്ചാല്‍ സഹായിക്കണം. സംരക്ഷണം ചോദിച്ചാല്‍ നല്‍കണം. കടം ചോദിച്ചാല്‍ കൊടുക്കണം.ദരിദ്രാവസ്ഥയില്‍ ഔദാര്യം കാണിക്കണം. രോഗിയായാല്‍ ചെന്ന് കാണണം. മരിച്ചാല്‍ മൃതദേഹത്തെ അനുഗമിക്കണം. 
ഗുണം കിട്ടിയാല്‍ അനുമോദിക്കണം. ആപത്തുണ്ടായാല്‍ ആശ്വസിപ്പിക്കണം.അവര്‍ക്ക് ശുദ്ധവായു തടയുംവിധം കെട്ടിടം പൊക്കരുത്. പഴം വാങ്ങിയാല്‍ അവിടെയും കൊടുക്കണം. 

ഇല്ലെങ്കില്‍ നീയത് രഹസ്യമായി കൈകാര്യം ചെയ്യണം. നിന്റെ കുട്ടി പഴവുമായി പുറത്തിറങ്ങി അദ്ദേഹത്തിന്റെ മക്കളെ നോവിക്കരുത്. നിന്റെ വറചട്ടിയുടെ ഗന്ധംകൊണ്ട് ഉപദ്രവിക്കരുത്. മണമുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒരു പങ്ക് അവനും കരുതണം (ഇഹ്‌യ 2/233).