ല്ലാഹുവിന്റെ ദയകൊണ്ടാണ് താങ്കള്‍ അവരോട് മൃദുവായി പെരുമാറുന്നത്. താങ്കള്‍ പരുക്കനും ഹൃദയം കടുത്ത ആളുമായിരുന്നെങ്കില്‍ അവര്‍ താങ്കളെ ഉപേക്ഷിച്ച് പോവുമായിരുന്നു(ആലു ഇംറാന്‍ അധ്യായം 159)

നബി തിരുമേനി മദീനയിലായിരിക്കുന്ന കാലം. മദീനക്കാരനായ നബിയുടെ ഒരു ശിഷ്യന് രണ്ട് മക്കളുണ്ടായിരുന്നു. രണ്ടുപേരും ഇസ്ലാമിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല. അച്ഛനെ പിരിഞ്ഞായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. എന്നാലും ഒരു പിതാവിന്റെ വാത്സല്യവും നോട്ടവും അദ്ദേഹത്തിന് അവരുടെനേരെ ഉണ്ടായിരുന്നു. 

ഒരിക്കല്‍ അവര്‍ പിതാവിനെ കാണാന്‍വന്നു. അദ്ദേഹം അവരെ നന്നായി സ്വീകരിച്ചു. പക്ഷേ അവര്‍ക്ക് മേല്‍ അദ്ദേഹത്തിനുള്ള സ്വാധീനം ഉപയോഗിച്ച് അവരെ തന്റെ മാര്‍ഗത്തിലേക്ക് കൂട്ടാന്‍ അദ്ദേഹത്തിനൊരാശ. അദ്ദേഹം അവര്‍ക്കുമേല്‍ ചെറുതായൊരു സമ്മര്‍ദം പ്രയോഗിച്ചു. എന്നാല്‍ ഇസ്ലാം ഇതനുവദിച്ചില്ല. വാനലോകത്തുനിന്ന് ദൈവദൂതന്‍ നബി തിരുമേനിക്ക് മുന്നിലെത്തി. ഇങ്ങനെ സന്ദേശമുണ്ടായി: 'മതത്തില്‍ സമ്മര്‍ദമില്ല. വഴിയും വഴികേടും വ്യക്തമാണ്.'
ഈ ദിവ്യസന്ദേശമുണ്ടായപ്പോള്‍ ആര്‍ക്കും അമ്പരപ്പുണ്ടായില്ല. 

അങ്ങനെയാണ് ഖുര്‍ആന്‍. പറയേണ്ടത് തെളിച്ചു പറയും. മതാനുയായികള്‍ ചെയ്തതാണെങ്കില്‍പ്പോലും അതാതിന്റെ നിലപാട് പറയാതിരുന്നിട്ടില്ല. എന്റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും അവളുടെ കൈ ഞാന്‍ വെട്ടും എന്ന് പറയാന്‍ നബി തിരുമേനിക്ക് യാതൊരു മനസ്സങ്കോചവുമുണ്ടായില്ല.

അക്കാലത്ത് മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കുമിടയ്ക്കുള്ള ബന്ധങ്ങള്‍ ഏറെ കെട്ടുറപ്പുള്ളതായിരുന്നു. ആശയ പ്രതിയോഗികള്‍ ആയിട്ടുപോലും മക്ക അതിന്റെ വിലപ്പെട്ട സ്വത്ത്വകകള്‍ സൂക്ഷിക്കാന്‍ നബി തിരുമേനിയെയായിരുന്നു ഏല്പിച്ചിരുന്നത്. മക്ക വിട്ട് നബി മദീനയിലേക്ക് പോരുമ്പോള്‍ മക്കക്കാര്‍ സൂക്ഷിക്കാനേല്പിച്ച സ്വത്തുക്കളും അവയുടെ കൃത്യമായ വിവരങ്ങളും നബി തിരുമേനി ശിഷ്യന്‍ അലിയെ ഏല്പിച്ചാണ് പോന്നത്. അലി അതെല്ലാവര്‍ക്കും കണക്കുപോലെ നല്‍കുകയും ചെയ്തു. 

തികച്ചും സ്വകാര്യമായിട്ടായിരുന്നു നബിയുടെ മദീനയിലേക്കുള്ള പലായനം. ആ യാത്രയില്‍ നബിക്ക് വഴികാട്ടിയത് ഒരു അമുസ്ലിം സഹോദരനായിരുന്നു. ഖുര്‍ആന്‍ നബി തിരുമേനിയുടെ പെരുമാറ്റത്തെ മുന്‍നിര്‍ത്തി ഇങ്ങനെ പറയുന്നുണ്ട്: അല്ലാഹുവിന്റെ ദയകൊണ്ടാണ് താങ്കള്‍ അവരോട് മൃദുവായി പെരുമാറുന്നത്. താങ്കള്‍ പരുക്കനും ഹൃദയം കടുത്ത ആളുമായിരുന്നെങ്കില്‍ അവര്‍ താങ്കളെ ഉപേക്ഷിച്ച് പോവുമായിരുന്നു.

അവര്‍ നബി തിരുമേനിയെ ഒഴിവാക്കിയില്ല. എപ്പോഴും അവര്‍ തിരുമേനിയെ പൊതിഞ്ഞുനിന്നു. ഇടത്തും വലത്തും പിന്നിലും അവര്‍ നബിയെ കാത്തു. ആവശ്യമുള്ളപ്പോള്‍ അവര്‍ തിരുമേനിയുടെ മുന്നിലും നടന്നു. മദീന പലായനവേളയില്‍ അടുത്ത കൂട്ടുകാരനായ അബുബക്കറിന്റെ കാവലിനെപ്പറ്റി നബി തിരുമേനി തന്നെ ഇടയ്‌ക്കോര്‍ക്കും. അനന്തവും വിശാലവുമായ ബന്ധങ്ങളുടെ ഉടമയായിരുന്നു പ്രവാചകന്‍.