വളാഞ്ചേരി: ആഗ്രഹിച്ച കാര്യങ്ങൾ നിറവേറിയാൽ പിന്നെ ഒട്ടും താമസമില്ല, നേർച്ചയിട്ട അരി മൂന്നാക്കൽ പള്ളിയിൽ എത്തിയിരിക്കും. അത് ചിലപ്പോൾ ഒരു ചാക്കായിരിക്കാം, അല്ലെങ്കിൽ അനവധി ചാക്കുകളായിരിക്കും. അതാണ് വിശ്വാസികളും മൂന്നാക്കൽ പള്ളിയും തമ്മിലുള്ള ആത്മബന്ധം. ഇങ്ങനെ പള്ളിയിൽ വന്നുനിറയുന്ന അരി നാനാജാതി മതസ്ഥർക്ക് വിതരണം ചെയ്യുകയാണ്‌ ഇവിടെ. വിശക്കുന്നവയറുകൾക്ക് അന്നമായി.

ജില്ലയ്ക്കകത്തും പുറത്തുമായി 25 പഞ്ചായത്തുകളിലെ 160 മഹല്ലുകളിലുള്ള പതിനയ്യായിരം കുടുംബങ്ങളാണ് പള്ളിയിൽ എത്തി അച്ചടക്കത്തോടെ വരിനിന്ന് അരിവാങ്ങി പോകുന്നത്. സാധാരണ മാസങ്ങളിൽ മാസത്തിൽ രണ്ട് ഞായറാഴ്ചകളിലും പുണ്യറംസാൻ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലുമാണ് അരിവിതരണം. ഇങ്ങനെ ഒരുപ്രാവശ്യം വിതരണംചെയ്യാൻ രണ്ടായിരം ചാക്ക് അരി വേണം. അത്രയും അരി ഒരു മുടക്കവുമില്ലാതെ ഇന്നും പള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നു. അതത് മഹല്ല് കമ്മിറ്റികൾ നിർദേശിക്കുന്ന കുടുംബങ്ങൾക്ക് മൂന്നാക്കൽ പള്ളിയിൽനിന്ന്‌ പ്രത്യേക കാർഡ് നൽകും. കാർഡ്‌ ഉള്ളവർക്കാണ് അരി ലഭിക്കുന്നത്.

മൂന്നാക്കൽ മഹല്ലിലുള്ളവർക്ക് ചെറിയൊരു മുൻഗണന എന്ന നിലയ്ക്ക് മറ്റ് മഹല്ലുകളിലുള്ളവർക്ക് ലഭിക്കുന്നതിലും രണ്ടുകിലോ അരി എപ്പോഴും കൂടുതൽ നൽകാറുണ്ട്. എന്നാൽ അരിയുടെ വരവ് വിചാരിച്ചതിലും കൂടുതലാണെങ്കിൽ എല്ലാവർക്കും ഒരുപോലെ വിതരണം ചെയ്യാറുമുണ്ട്. 700 വർഷം പഴക്കമുള്ളതും എഴുതപ്പെട്ട നിയമാവലികൾ ഒന്നുമില്ലാത്തതും പ്രത്യേകം ജാറവുമില്ലാത്തതാണ്‌ പള്ളി. പൊതുഖബർസ്ഥാനുമുണ്ട്‌. ജാതിമത വ്യത്യാസമില്ലാതെ മേലേ പള്ളിയിലെത്തുന്നവർ മൂന്നാക്കലെ മഹാന്മാർക്കായാണ് പ്രാർഥിക്കുക.

മൂന്നാക്കലിനുകീഴിൽ മൂന്ന് ജുമാമസ്ജിദുകളുൾപ്പടെ പതിനാറ് പള്ളികളും ഏഴ് മദ്രസകളുമുണ്ട്. കൂടാതെ ഒരു വാഫി അറബി കോളേജും ഒരു വനിതാകോളേജും പ്രവർത്തിക്കുന്നു. 2014 മുതൽ സംസ്ഥാന വഖഫ് ബോർഡാണ് പള്ളിയുടെ ഭരണം നടത്തുന്നത്. മലപ്പുറം ജില്ല വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസർ നാലകത്ത് റഹ്മത്തുള്ളയാണ് മുത്തവല്ലി. എക്‌സിക്യുട്ടീവ് ഓഫീസർ കെ.എം. മുഹമ്മദ് സക്കീറിനും തച്ചങ്ങാട്ടിൽ അബ്ദുറഹ്മാനുമാണ് ഓഫീസ് ചുമതല.