കൊണ്ടോട്ടി: ആരോഗ്യത്തിന് ഹാനികരമെന്ന് ബോധ്യപ്പെട്ടതോടെ ഉപ്പിലിട്ടപഴങ്ങളും അച്ചാറുകളും വില്പന നടത്തിയ കടകള്‍ക്കെതിരേ അധികൃതരുടെ നടപടി. കൊണ്ടോട്ടി -അരീക്കോട് റോഡില്‍ കിഴിശ്ശേരി അങ്ങാടി, ബാലത്തില്‍ പുറായ്, മുണ്ടംപറമ്പ് എന്നിടങ്ങളിലെ ബേക്കറികള്‍ക്കും താത്കാലിക കടകള്‍ക്കുമെതിരേയാണ് നടപടിയെടുത്തത്.

പഞ്ചായത്ത് - ആരോഗ്യവകുപ്പധികൃതരും പോലീസും ചേര്‍ന്ന നടത്തിയ പരിശോധനയില്‍ ആറു കടകള്‍ അടപ്പിച്ചു. ഗര്‍ഭംകലക്കി, ആനമയക്കി, ദം സോഡ തുടങ്ങിയ ചെല്ലപ്പേരോടെ ഉപ്പിലിട്ട പഴങ്ങളും അച്ചാറുകളും വില്പന നടത്തുന്ന കടകള്‍ നോമ്പുതുറ കഴിഞ്ഞെത്തുന്നവരെ ലക്ഷമിട്ട് രാത്രിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രത്യേക മസാലക്കൂട്ട് ചേര്‍ത്ത മാങ്ങ, കൈതച്ചക്ക, കാരറ്റ് തുടങ്ങിയവയും കടകളില്‍ വില്പന നടത്തിയിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തിലും പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തിയതിനാണ് കടകള്‍ പൂട്ടിച്ചത്. ഉപ്പിലിട്ടവ കഴിച്ച ചിലര്‍ക്ക് വയറിളക്കമുണ്ടായതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടായിരം രൂപ വരെ കടകള്‍ക്ക് അധികൃതര്‍ പിഴയിട്ടു.

പരാതി ഉയര്‍ന്നതോടെ രാത്രിയില്‍ അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി എസ്. നൈസാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസ് ആലുങ്ങല്‍, എ.എസ്.ഐ. ഇ.പി. അയ്യപ്പന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.