'ലോകത്തിനാകെ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.' (ഖുര്‍ആന്‍, അമ്പിയാ അധ്യായം 107)

പൗരാണിക പ്രവാചകന്മാരില്‍ ഒരാള്‍. അതിഥിസല്‍ക്കാരത്തില്‍ വലിയ കമ്പക്കാരനായിരുന്നു. ആര് വന്നാലും സുഭിക്ഷമായി ഊട്ടും. എന്നിട്ടേ ഊരും പേരുമൊക്കെ ചോദിക്കൂ. ആ വീട്ടില്‍ കയറിയിറങ്ങാന്‍ എല്ലാവര്‍ക്കും താത്പര്യവുമാണ്. ഒരിക്കല്‍ അഗ്നി ആരാധകനായ ഒരു സുഹൃത്താണ് വന്നത്. അന്നും ഗംഭീര സദ്യ ഉണ്ടാക്കിയിരുന്നു. അതിഥി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ പ്രവാചകന്‍ തന്റെ ദൗത്യമോര്‍ത്തു. 

അതിഥിയെ തന്റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. അത്ര പരുക്കന്‍ രീതിയിലൊന്നുമല്ല ക്ഷണിച്ചത്. വരാന്‍ താത്പര്യമുണ്ടോ എന്നേ ചോദിച്ചുള്ളൂ. എന്തുചെയ്യാന്‍. അതിഥിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. ഇതാണല്ലേ, ഈ സല്‍ക്കാരത്തിന്റെയൊക്കെ പിന്നില്‍ എന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം ഭക്ഷണം ഇടയ്ക്കുവെച്ച് നിര്‍ത്തി ഇറങ്ങിപ്പോയി. പ്രവാചകന്‍ തല കുനിച്ചു. അദ്ദേഹം വല്ലാതായി. 

ആ നിമിഷം, ദിവ്യസന്ദേശവുമായി ദൂതന്‍ വന്നു. ദൈവം ചോദിച്ചു: എന്താണ് പ്രിയനേ നീ ചെയ്തത്? നാല്പതു കൊല്ലമായി ഞാനയാള്‍ക്ക് അന്നം കൊടുക്കുന്നു. അയാളാരാണെന്ന് നോക്കിയിട്ടല്ല അത്. എന്നിട്ട് നീയിപ്പോള്‍ ഒരുപിടി ഭക്ഷണം കൊടുത്തിട്ട് അയാളെ മാര്‍ഗം കൂട്ടാമെന്ന് വിചാരിച്ചു അല്ലേ?

ദൈവഹിതം എന്താണെന്ന് പ്രവാചകന് മനസ്സിലായി. അദ്ദേഹം വീടിറങ്ങിച്ചെന്ന് അതിഥിയായ സുഹൃത്തിനെ കണ്ടു. ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. താങ്കളെ മുഷിപ്പിക്കാനുദ്ദേശിച്ചല്ല താനത് പറഞ്ഞതെന്ന് പ്രവാചകന്‍ സങ്കടപ്പെട്ടു. സുഹൃത്തിന്റെ കരളലിഞ്ഞു. അയാള്‍ വീണ്ടും പ്രവാചകന്റെ വീട്ടിലെത്തി. തനിക്ക് വേണ്ടി പാകംചെയ്ത ഭക്ഷണം വല്ലാത്ത സംതൃപ്തിയോടെ കഴിച്ചു.

എന്നിട്ടയാള്‍ പ്രവാചകനെ ഒരു പ്രധാന സന്തോഷമറിയിച്ചു: ഞാനും അങ്ങയുടെ മാര്‍ഗത്തിലേക്ക് വരുകയാണ്. പ്രവാചകന്‍ ഏറെ എളിമയോടെ അയാളെ ആലിംഗനം ചെയ്തു. ആ രണ്ട് സുഹൃത്തുക്കളും പറഞ്ഞറിയിക്കാനാവാത്ത ഒരാത്മ നിര്‍വൃതി അന്നേരം ഉള്ളില്‍ അനുഭവിച്ചു.

ഈ കഥയില്‍ പുതിയ കാലത്തിന് ഒരുപാട് പകര്‍ത്താനുണ്ട്. കലര്‍പ്പറ്റ കാരുണ്യമാണ് ദൈവം. അവന്‍ ഈ പ്രപഞ്ചത്തെയൊന്നാകെ അതിന്റെ തനത് രീതിയില്‍ നോക്കി വളര്‍ത്തുന്നു. അവന്റെ കാരുണ്യം എല്ലാത്തിനെയും പൊതിഞ്ഞു കാക്കുന്നു. 

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവത്തെപ്പോലെ സകലതിനെയും സ്നേഹിക്കാന്‍ കടപ്പെട്ടവരാണ് മനുഷ്യര്‍. പടച്ച ജീവികളെയൊക്കെ പോറ്റുന്ന ദൈവത്തിന്റെ സ്വഭാവമാണ് മനുഷ്യന്‍ ആര്‍ജിക്കേണ്ടതെന്ന് നബി തിരുമേനി പറഞ്ഞിട്ടുണ്ട്.