വിശുദ്ധ റംസാന്‍ മാസാചരണം തുടങ്ങാന്‍ ഒരാഴ്ചമാത്രം ബാക്കി. മനസ്സു കൊണ്ടും ശരീരംകൊണ്ടും വ്രതശുദ്ധിയുടെ നാളുകള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് വിശ്വാസികള്‍. വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഇരുനൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ താമസിക്കുന്ന യു.എ.ഇ.യില്‍ വിശുദ്ധ മാസാചാരണത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കേണ്ടത് എല്ലാ താമസക്കാരുടെയും ഉത്തരവാദിത്വമാണ്.

അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

നോമ്പ് തുറക്കുന്നതിനുമുന്‍പ് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ നോമ്പെടുക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചാകണം ഈ തീരുമാനം.

* മാന്യമായ വസ്ത്രധാരണമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മാളുകളിലോ, ഷോപ്പിങ് കേന്ദ്രങ്ങളിലോ, റെസ്റ്റൊറന്റുകളിലോ ഇഫ്താര്‍ സമയത്ത് പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

* ബിസിനസ് മീറ്റിങ്ങുകളും മറ്റും കഴിവതും രാവിലെയാക്കാന്‍ ശ്രദ്ധിക്കുക. ജോലി സമയം സാധാരണയിലും കുറവാണെങ്കിലും ഉച്ച കഴിയുന്നതോടെ നോമ്പെടുക്കുന്നവരുടെ തളര്‍ച്ചയും ക്ഷീണവും കൂടുമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക

* ഉച്ചത്തില്‍ പാട്ട് വെക്കുകയോ, നോമ്പെടുക്കുന്നവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം.

* പൊതുസ്ഥലങ്ങളില്‍െവച്ച് പരസ്യമായുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക.

* ഇഫ്താര്‍ വിരുന്നുകളിലേക്കുള്ള ക്ഷണം നിരസിക്കാതിരിക്കുക.

* നോമ്പുതുറയ്ക്ക് തൊട്ടുമുന്‍പുള്ള സമയം കഴിവതും റോഡില്‍ വാഹനവുമായി ഇറങ്ങാതിരിക്കാന്‍ ശ്രമിക്കുക. വ്രതമെടുക്കുന്നവര്‍ക്ക് വേഗം വീടുകളിലെത്താന്‍ ഈ സമയത്ത് വഴിയൊരുക്കുന്നതിന് ഇത് സഹായമാകും.

* ദാനത്തിന്റെ പുണ്യമാസം കൂടിയാണ് റംസാന്‍. രാജ്യത്തുടനീളം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സമയത്ത് നടക്കും. ഇത്തരം സംരംഭങ്ങളില്‍ പങ്കു ചേരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക.