രു നഗരം നമ്മെ മോഹിപ്പിക്കുന്നുവെങ്കില്‍ അതിനൊരു മനസ്സുള്ളതുകൊണ്ടാണ്. കോഴിക്കോട് നഗരത്തിന് വല്ലാത്തൊരു വശ്യതയാണുള്ളത്. സംഗീതവും സാഹിത്യവും ഒപ്പം ഒട്ടേറെ പച്ചയായ മനുഷ്യരുടെ മറയില്ലാത്ത സ്നേഹവുമാണത്. നിലാവുപോലൊഴുകുന്ന ബാബുക്കയുടെ (ബാബുരാജ്) സംഗീതവും കോഴിക്കോട്ടെ നോമ്പുതുറ വിഭവങ്ങളും ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് ഈ ദേശത്തെ ഒരിക്കലും മറക്കാനാവില്ല.

കോഴിക്കോട്ടെ കാറ്റിനുപോലും  സ്നേഹത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാനുണ്ടാവും. ഞാന്‍ ജനിച്ചത് കോഴിക്കോടാണ്, എന്റെ അമ്മയുടെ നാടാണ് കോഴിക്കോട്. അച്ഛന് പാലക്കാട് ആയിരുന്നു ജോലി. അതിനാല്‍ കോഴിക്കോടിന്റെ മണ്ണില്‍ പിച്ചവെക്കാനായില്ല. എന്നാല്‍ കോളേജ് പഠനകാലം കോഴിക്കോട്ടായിരുന്നു. അത് ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. 

കോഴിക്കോടിന്റെ ശ്വാസം എന്തെങ്കിലും പറയാനുണ്ടാവും. ഒട്ടേറെ ആളുകളുമായി ബന്ധം സ്ഥാപിക്കാനും എഴുതാനും ഒക്കെ എന്നെ പഠിപ്പിച്ചത് കോഴിക്കോടാണ്. അതില്‍ എടുത്തുപറയേണ്ടത് കുഞ്ഞിക്കയുമായുണ്ടായ (പുനത്തില്‍ കുഞ്ഞബ്ദുള്ള) അടുത്ത ബന്ധമാണ്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സെക്കുലറായ മനുഷ്യന്‍ കുഞ്ഞിക്കയായിരുന്നു. ആ പച്ചയായ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നതും ഒരു ഇഫ്താര്‍ സംഗമത്തിലാണ്. അദ്ദേഹവുമായുള്ള സ്നേഹബന്ധം മരണംവരെ തുടര്‍ന്നു.

കോഴിക്കോട് ബേപ്പൂരാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കോളേജില്‍ പഠിപ്പിക്കുന്ന കാലം. രാവിലെ അഞ്ചിനുള്ള ബസ്സില്‍ കയറണം. രാവിലെ ട്യൂഷന്‍ ഉള്ളതിനാല്‍ കുട്ടികള്‍ ക്ലാസിന് വരും. അതിനാല്‍ കൃത്യസമയത്ത് എത്തണം. സുബ്ഹി ബാങ്ക് സമയത്ത് ഞാന്‍ എന്നും ബസ്റ്റോപ്പില്‍ ഉണ്ടാവും.

ഒരു പ്രാര്‍ഥനയോടെ തുടങ്ങുന്ന ദിവസം. പള്ളിയിലേക്ക് നമസ്‌ക്കാരത്തിനായി പോവുന്ന മിക്ക ആളുകളുമായും സംസാരിക്കും. ഇവരുമായി എനിക്കുണ്ടായിരുന്ന പരിചയം പിന്നീട് ഒരു നാടുമായുള്ള നല്ല ബന്ധത്തിനുള്ള തുടക്കമായിരുന്നു. ഇന്നും അതിരാവിലെയുള്ള ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ബേപ്പൂരിലെ വെളുപ്പാന്‍കാലത്തെ ബസ്ഷെല്‍ട്ടറിലെ നില്‍പ്പ് ഓര്‍മവരും.

കോഴിക്കോടിന്റെ ജീവിതം ഒരിക്കലും മറക്കാനാവാത്ത കുറേ സ്നേഹബന്ധങ്ങളുടെ ഇഴനെയ്യലാണ്. അതില്‍ ഏറ്റവും കൂടുതല്‍ എടുത്തുപറയേണ്ടത് നോമ്പുകാലംതന്നെയാണ്. ഞാന്‍ സിനിമയിലൊക്കെ വരുന്നതിനും എത്രയോ മുന്‍പുള്ള ഇഫ്താര്‍ ഓര്‍മകളാണ് അതൊക്കെ.  

നോമ്പുകാലത്തെ സായന്തനങ്ങള്‍ എനിക്ക് സ്നേഹത്തിന്റെ അപ്പത്തരങ്ങളായിരുന്നു. മുട്ടമാലയും മുട്ടപ്പത്തിരിയും ചട്ടിപ്പത്തിരിയും തുടങ്ങി എന്തെല്ലാം പലഹാരങ്ങള്‍ അന്ന് വിഭവങ്ങളായിരുന്നു. സ്നേഹത്തെ ഭക്ഷണത്താല്‍ കൂട്ടിക്കെട്ടുക എന്നൊക്കെ പറയില്ലേ, അതുപോലുള്ള അനുഭവമായിരുന്നു അന്നൊക്കെ. എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ മുസ്ലിങ്ങളായിരുന്നു.

ഒരുമിച്ചു പഠിച്ചവരും പിന്നീട് ഞാന്‍ പഠിപ്പിച്ചവരുമായി ഒട്ടേറെപേര്‍ മുസ്ലിങ്ങള്‍ ആയിരുന്നു.  കോളേജ് പഠനകാലത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജാഫര്‍. ജാഫര്‍ നല്ല തടിയനായിരുന്നു. ഒരിക്കല്‍ അവന്റെ വീട്ടില്‍ പോയി. അന്ന് അവിടെനിന്നും ലഭിച്ച ഭക്ഷണം എത്രയേറെ രുചികരമായിരുന്നു. ജാഫര്‍ തടിവെച്ചതിന്റെ കാരണം അന്നു ഞാന്‍ മനസ്സിലാക്കി. സ്നേഹത്തോടെ ലഭിക്കുന്ന ആഹാരം ആരും അമിതമായി കഴിക്കും. അതാണ് ജാഫറിനെ തടിയനാക്കിയത്.

പിന്നീട് എത്രയെത്ര ദിനങ്ങള്‍ ഞാന്‍ ജാഫറിന്റെ വീട്ടിലെ ഭക്ഷണം കഴിച്ചു. ചിലസുഹൃത്തുക്കളുടെ  വീടുകളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കാറുണ്ട്. ഭക്ഷണത്തോട് അമിതമായ താത്പര്യം ഉണ്ടായിരുന്ന ആളായിരുന്നില്ല ഞാന്‍. എന്നാല്‍ ഇഫ്താര്‍ സംഗമങ്ങളിലെ വിഭവങ്ങളെല്ലാം എന്നെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ചും നോണ്‍വെജ് ഐറ്റംസ്. ഒറട്ടിയും കോഴിയിറച്ചിയുമായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ആഹാരം.

ഇറച്ചിയില്‍ തീര്‍ത്ത എന്തെല്ലാം കറികള്‍. ഇന്ന് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂവെങ്കിലും അന്നത്തെ ആഹാരത്തിന്റെ രുചിയൊന്നും ജീവിതത്തില്‍ മറക്കാനാവില്ല. നോമ്പുകാലത്ത് മുസ്ലിം വീടുകളില്‍ മാത്രം ഉണ്ടാക്കിയിരുന്ന ഒട്ടേറെ പലഹാരങ്ങളുണ്ട്. അതൊക്കെ നേരില്‍ കാണാനും രുചിക്കാനും ഒക്കെ ലഭിക്കുന്ന അവസരങ്ങളായിരുന്നു ഇഫ്താര്‍ വിരുന്നുകള്‍. ജാതി മത ചിന്തകള്‍ക്കെല്ലാം അപ്പുറത്തുള്ള ഒരു സ്നേഹസംഗമമായിരുന്നു ഇഫ്താര്‍ വിരുന്നുകള്‍.

ജീവിതത്തിന്റെ നാനാതുറകളില്‍ പെടുന്ന ഒട്ടേറെ പേരെ ഒന്നിപ്പിക്കുന്ന സംഗമം. അതില്‍ സാഹിത്യകാരന്‍മാരുണ്ട്, ഗായകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്. എല്ലാ തരത്തിലുള്ള ജനതയുടെയും കൂടിച്ചേരല്‍. ഇഫ്താര്‍ വിഭവങ്ങളെപ്പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു ഇതില്‍ പങ്കെടുക്കുന്നവരുടെ സാന്നിധ്യവും. കുറഞ്ഞത് ഒരു പതിനഞ്ചു ദിവസമെങ്കിലും നോമ്പുകാലത്ത് നോമ്പുതുറ ചടങ്ങില്‍ ഞാന്‍ ഒരു വര്‍ഷം പങ്കെടുത്തിരുന്നു, ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ നോമ്പുതുറയിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സ്നേഹത്തിന്റെ പേരില്‍ സ്വീകരിക്കുന്നതാണ്. 

കാലം പിന്നെയും കടന്നുപോയി. സിനിമാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിന്നീട് പലസ്ഥലത്തും ജീവിക്കേണ്ടി വന്നിട്ടുണ്ട്. ഒട്ടേറെ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ കോഴിക്കോട്ടെ ഇഫ്താര്‍ വിരുന്നിന്റെ ഓര്‍മകള്‍ എല്ലാം വേറെയായിരുന്നു. വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് ഞാനും കുടുംബവും താമസിക്കുന്നത്. അവിടെയും പല ഇഫ്താര്‍ സംഗമങ്ങളില്‍ സംബന്ധിക്കാറുണ്ട്. എന്നാല്‍ അവിടെയൊന്നും ഇഫ്താര്‍ സംഗമം ഒരു സ്നേഹക്കൂട്ടായ്മയായി എനിക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

എന്നില്‍ ഇന്നും ശേഷിക്കുന്ന ഇഫ്താര്‍ ഓര്‍മകള്‍ അതുകൊണ്ടുതന്നെ കോഴിക്കോടിന്റേതാണ്. അവിടുത്തെ ഇഫ്താര്‍ സംഗമങ്ങളിലെ ആത്മാര്‍ഥമായ സ്നേഹം ഒരിക്കലും മറ്റൊരു സ്ഥലത്തും ലഭിക്കില്ലെന്ന് ഞാന്‍ തിരിച്ചറിയുമ്പോഴാണ് അതിന്റെ മധുരം ഇരട്ടിക്കുന്നത്.

നോമ്പുകാലം സഹനത്തിന്റെതും സ്നേഹത്തിന്റെതുമാണ്. അതുകൊണ്ടുതന്നെ ഇഫ്താര്‍ എന്നത് എനിക്ക്  ഭക്ഷണങ്ങളിലെ വൈവിധ്യമല്ല, മറിച്ച് സ്നേഹത്തിലെ വൈവിധ്യംകൂടിയാണ്. പണ്ടൊക്കെ എന്നും നോമ്പുകാലമാവാന്‍ കാത്തിരുന്നിട്ടുണ്ട്. നോമ്പുകാലത്ത് സുഹൃത്തുക്കളുടെ ഉമ്മമാര്‍ ഉണ്ടാക്കിയ മുട്ടമാലയുടെയും പത്തിരിയുടെയും ഉന്നക്കായയുടെയുമൊക്കെ രുചിയും മധുരത്തില്‍ ചാലിച്ച സ്നേഹവും മറ്റൊന്നിനും അപ്പുറത്തേക്ക് വരില്ല.

പഠിക്കുന്ന കാലത്ത് മഞ്ചേരിക്കാരനായ ഇമ്പിച്ചിക്കോയ തങ്ങളുടെ വീടായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളെ ഏറ്റവും ആകര്‍ഷിച്ചിരുന്നത്. ബാലുവും ചന്ദ്രസേനനും ഞാനും ചേര്‍ന്നാണ് തങ്ങളുടെ വീട്ടില്‍ പോകുന്നത്. അത് സ്വന്തം വീടുപോലെയായിരുന്നു ഞങ്ങള്‍ക്ക്. ഒരു വേര്‍തിരിവുമില്ലാതെ അവിടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചും കഥകള്‍ പറഞ്ഞും ചെലവഴിച്ചിരുന്നു.

ആ വീട്ടുകാരും ഞങ്ങളെ ഒരിക്കലും അന്യരായി കണ്ടിരുന്നില്ല. ആളുകള്‍ തമ്മിലുണ്ടായിരുന്ന അടുപ്പവും സ്നേഹവും വിശ്വാസവും ഒക്കെയായിരുന്നു അതിനുകാരണം. പരസ്പരമുള്ള വിശ്വാസം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ നോമ്പുകാലവുമെന്ന് എനിക്ക് ബോധ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങളുണ്ട്. മതവിശ്വാസമല്ല മനുഷ്യവിശ്വാസമാണ് പ്രധാനമെന്ന് എന്നെ പഠിപ്പിച്ചതും ഇവരൊക്കെത്തന്നെയായിരുന്നു.

ഓരോ നോമ്പുകാലവും എന്റെ മനസ്സ് കോഴിക്കോട്ടേക്ക് അറിയാതെ യാത്ര ചെയ്യും. പാളയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികള്‍ സംഘടിപ്പിച്ച ഒരു ഇഫ്താര്‍ സംഗമത്തിന്റെ ഓര്‍മകള്‍കൂടി ഇതോടൊപ്പം ഓര്‍ക്കുന്നു. പാളയം ബസ്റ്റാന്റിനടുത്ത് ഒരു ചെറിയസ്ഥലത്തായിരുന്നു ഇഫ്താര്‍ ഒരുക്കിയത്. ഭക്ഷണമൊക്കെ തൊഴിലാളികള്‍ അവിടെ പാകം ചെയ്യുകയായിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ അവിടെ എത്തിയിരുന്നു. അവരെല്ലാം വലിപ്പച്ചെറുപ്പമില്ലാതെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവിടെയാണ് ഞാന്‍ ജീവിതത്തെ തിരിച്ചറിയുന്നത്.

ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുന്നത്. നോമ്പുകാലം എന്നത് സ്നേഹം,  മനുഷ്യമനസ്സിലെ നന്മ എന്നിവ പ്രകടിപ്പിക്കാനും അത് സമൂഹത്തിനായി സമര്‍പ്പിക്കാനുമുള്ളതാണ് എന്ന തിരിച്ചറിവ് പാളയത്തുനിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. പാളയത്തെ തൊഴിലാളികള്‍ എന്നോട് അവരുടെ സ്വന്തം സഹോദരനെപ്പോലെ അടുപ്പം കാണിക്കുമ്പോള്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നുണ്ട്.  

വിശപ്പറിയുന്ന മനുഷ്യനാണ് എല്ലാറ്റിനെക്കാളും വലിയവനെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അത് എന്നില്‍ ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ചതായിരുന്നു ആ ഇഫ്താര്‍ ദിനം. നമ്മള്‍ ഒരുപാട് യാത്ര ചെയ്തു. പലരെയും അടുത്തും അകലെയുമായി കണ്ടു. തിരികെ നോക്കുമ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമാവുന്നുണ്ട്. എത്ര വലുതാവുമ്പോഴും അവരുടെ സ്നേഹത്തിന്റെ വലുപ്പത്തിനു മുന്നില്‍ നമ്മള്‍ എത്ര ചെറുതാണെന്ന്. ഒരു കാരക്ക കടിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമുണ്ടല്ലോ അതാണ് എനിക്ക് നോമ്പുകാലത്തെ ഓര്‍മകള്‍.

Content Highlights: Ramzan memories in kozhikode- madhupal