പരപ്പനങ്ങാടി: മലബാര്‍ കലാപത്തെക്കുറിച്ചുള്ള തന്റെ ഡോക്ടറല്‍ തിസീസായാലും മലബാറിലെ മാപ്പിളമാരെക്കുറിച്ചുള്ള പഠനമായാലും സൂക്ഷ്മനിരീക്ഷണങ്ങള്‍കൊണ്ടും ചരിത്രപരമായ ഉള്‍ക്കാഴ്ചകൊണ്ടും സമ്പന്നമാണ് ഡോ. എം. ഗംഗാധരന്റെ ധൈഷണിക ലോകം. തന്റെ കുട്ടിക്കാലത്തെ റംസാന്‍ സ്മരണകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

ഡോക്ടറായ അച്ഛന്‍ പി.കെ. നാരായണന്‍ നായരുടെ സുഹൃത്തുക്കളായ എ.സി. മൊയ്തീന്‍കുട്ടിയുടെയും കെ.എന്‍.എസ് ഹാജി റാവുത്തരുടെയും റംസാനിലെ സത്കാരങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞശേഷം പല മുസ്ലിം സുഹൃത്തുക്കളുടേയും കുടുംബത്തിന്റെ ചികിത്സ നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ ഇഴയടുപ്പമുള്ള സൗഹൃദമായിരുന്നു ഈ കുടുംബങ്ങളുമായി. ചികിത്സയ്ക്ക് പണംവാങ്ങില്ല. ഭക്ഷണം നിയന്ത്രിച്ചാല്‍ ഒരുവിധം രോഗങ്ങളെല്ലാം ശരീരംതന്നെ മാറ്റും എന്ന് വിശ്വസിച്ച ഭിഷഗ്വരന്‍. ആദ്യത്തെ പ്രകൃതിചികിത്സകന്‍ തന്റെ അച്ഛനാണെന്ന് ഗംഗാധരന്‍ മാഷ് പറയുന്നു.

നോമ്പുകാലത്ത് പലഹാരങ്ങളും നോമ്പുതുറവിഭവങ്ങളും വീട്ടിലേക്ക് ഒഴുകിയെത്തുന്നത് മാഷ് ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കാലത്ത് വിശ്വാസങ്ങള്‍ ഒന്നിനും തടസ്സമായില്ല. ആ കാലത്ത് സാധാരണ മുസ്ലിം കുടുംബങ്ങളിലെ റംസാന്‍ നോമ്പും തുടര്‍ന്നുവരുന്ന പെരുന്നാളും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. റിലീഫ് പ്രവര്‍ത്തനങ്ങളൊന്നും ഇന്നത്തെപ്പോലെ ഫലപ്രദമായിരുന്നുമില്ല. ഒരു നോമ്പുകാലത്ത് എ.സി. മൊയ്തീന്‍കുട്ടിഹാജി വീട്ടില്‍ വന്നതും, മെലിഞ്ഞ് ശോഷിച്ച തന്റെ കൈകള്‍ കയ്യിലെടുത്ത് അച്ഛനോട് 'ഇവന്‍ ദുര്‍ബലനാണ്, ഇവനു വേണ്ടിയെങ്കിലും ഡോക്ടര്‍ ഒരു വീടുണ്ടാക്കണം' എന്നുപറഞ്ഞതും മാഷ് ഓര്‍ക്കുന്നു.

അക്കൊല്ലത്തെ റംസാന്‍ നോമ്പ് കഴിഞ്ഞ ഉടനെ മാഷ് ഇപ്പോള്‍ താമസിക്കുന്ന കൈലാസം എന്ന വീടിന്റെ നിര്‍മാണം മൊയ്തീന്‍കുട്ടി ഹാജിതന്നെ പണിക്കാരൈവച്ച് പൂര്‍ത്തിയാക്കി. നോമ്പെടുക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് മാഷ് പറയുന്നു.

സ്‌കൂള്‍ ഓഫ്‌ െലറ്റേഴ്‌സില്‍ ഉള്ളപ്പോള്‍ റംസാനില്‍ തന്റെ മുസ്ലിം സുഹൃത്തുക്കളുടെകൂടെ നോമ്പെടുത്ത കാര്യവും മാഷ് ഓര്‍മിച്ചു.