'പക്ഷികളുടെ സമ്മേളനം' എന്ന മനോഹര മിസ്റ്റിക് കൃതിയുടെ കര്‍ത്താവായ പേര്‍ഷ്യന്‍ സൂഫി അത്തര്‍ (forid ud din attar: 1119-1230) പറയുന്നു: ''ഞാന്‍ അറിയാന്‍ നാലുകാര്യങ്ങളെ തിരഞ്ഞെടുത്തു, ബാക്കിയെല്ലാം ഞാന്‍ ഉപേക്ഷിച്ചു. ഒന്ന്, എന്റെ ആഹാരത്തിന്റെ അളവ് നിശ്ചയിക്കപ്പെട്ടിരിക്കുന്നു, അത് കൂട്ടരുത്, കുറയ്ക്കരുത്. രണ്ട്, എന്റെ ജീവിതത്തിന്റെ ഉത്തിരിപ്പുകടം ദൈവത്തോട് നിറവേറ്റുന്ന തിരക്കിലാണ് ഞാന്‍. മൂന്ന്, മരണം എന്നെ പിന്തുടരുന്നു, അവനെ സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങണം. നാല്, ദൈവം എല്ലാം കാണുന്നു, ദൈവത്തിന് നിരക്കാത്തത് ചെയ്യരുത്. 

റംസാന്‍ മാസത്തില്‍ നോമ്പാചരിക്കുന്ന ഏത് മുസ്ലിംവിശ്വാസിയും അനുസരിക്കുന്നത് ഇതാണ്. ഇത് മുസ്ലിംവിശ്വാസിക്ക് മാത്രമല്ല ഏത് മനുഷ്യനും മനുഷ്യനാകാന്‍ ജീവിതത്തില്‍ പാലിക്കേണ്ടതാണ്. ഇവയില്‍ ഒന്നിനും രണ്ടിനും ഈ നോമ്പുകാലത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്. 

നബി നോമ്പാചരണത്തെക്കുറിച്ച് പറഞ്ഞു: ''നോമ്പ് നോക്കുമ്പോള്‍ രണ്ടുനേരം സന്തോഷിക്കുന്നു, നോമ്പ് അവസാനിക്കുമ്പോള്‍ സന്തോഷിക്കുന്നു, ദൈവത്തെ കണ്ടുമുട്ടുമ്പോഴും സന്തോഷിക്കുന്നു.'' നോമ്പ് വയറിനെയും വിശപ്പിനെയും ആഹാരത്തെയും ബാധിക്കുന്നു. ആഹാരത്തിന്റെ അളവിന്റെയും അതില്‍ അരുതുകള്‍ വയ്ക്കുന്നതിന്റെയും ആഘോഷമാണിത്. 

ആഹാരത്തിന്റെ അളവ് അറിയുക. അത് അറിയുന്നവന്‍ കൂട്ടാതെയും കുറയ്ക്കാതെയും ജീവിക്കുന്നു. ജീവിതത്തിന്റെ പ്രശ്നങ്ങളില്‍ പലതും ആഹാരം കൂടിയതുകൊണ്ടോ കുറച്ചതുകൊണ്ടോ ആവാം. പലരോടും ആഹാരത്തിന്റെ അളവിനെക്കുറിച്ച് പഠിപ്പിക്കേണ്ടിവരുന്നത് വൈദ്യന്മാരാണ്. പല പഥ്യങ്ങളും ഇഷ്ടപ്പെട്ടത് സ്വയം വിലക്കുന്നതാണ്. 

നല്ലകാലത്തോളം ഭൂമിയില്‍ ഇരിപ്പാന്‍ ഈ വിലക്കുകള്‍ കൂടിയേതീരൂ. ആഹാരത്തിന്റെ അളവറിയാത്തവര്‍ തീറ്റിപ്പണ്ടാരങ്ങള്‍ മാത്രമല്ല. നാളേക്കും വര്‍ഷങ്ങളിലേക്കും തലമുറകള്‍ക്ക് തിന്നുതീര്‍ക്കാന്‍പറ്റാത്തത് കരുതിവയ്ക്കുന്നവര്‍ക്ക് കണക്കില്ല.

ആഹാരപ്രശ്നം ആര്‍ത്തിയുടെയും അന്തമില്ലാത്ത സ്വത്തുസമാഹരണത്തിന്റെയും പ്രശ്നമാണ്. 'ആറടി മണ്ണിന്റെ ജന്മി'യുടെ കഥ പറഞ്ഞത് ടോള്‍സ്റ്റോയിയാണ്. രാജാവ് കല്പിച്ചു. ഓടുക, എന്തുമാത്രം അങ്ങോട്ടോടിയോ അത്രയും കിട്ടും, സൂര്യാസ്തമയത്തിനുമുന്‍പ് ഇങ്ങോട്ട് ഓടിയെത്തിയാല്‍. ഒരുവന്‍ ഓടി പരമാവധി, പക്ഷേ, തിരിച്ചോടണമല്ലോ. അയാള്‍ സൂര്യാസ്തമയത്തിനുമുന്‍പ് ഓടിയെത്തി; രാജാവിന്റെ മുന്‍പില്‍ വന്നുവീണു. അയാള്‍ എണീറ്റില്ല, ആറടി മണ്ണില്‍ അയാളെ അടക്കി. അത്യാഗ്രഹത്തിന്റെയും ആര്‍ത്തിയുടെയും ഓട്ടത്തിലാണ് നാം. ഈ ഓട്ടം ആറടി മണ്ണില്‍ അവസാനിക്കും എന്ന് ഈ നോമ്പുകാലം ഓര്‍മപ്പെടുത്തുന്നു. 

എന്റെ ആഹാരപ്രശ്നം വെറും ഭൗതികപ്രശ്നമാണ്. പക്ഷേ, നിന്റെ ആഹാരകാര്യം എന്റെ ആത്മീയപ്രശ്നമാണ്. ഞാന്‍ കരുതിവെച്ച് എന്റെ വായിലേക്ക് തിന്നാന്‍ എടുത്തത്, വിശന്ന് എന്റെ മുന്‍പില്‍ കൈനീട്ടുന്നവന് ഞാന്‍ കൊടുക്കുമ്പോള്‍ എന്റെ ആഹാരത്തിന്റെ അളവ് ഞാന്‍ വെട്ടിച്ചുരുക്കി. 

അപ്പോള്‍ അപരന് കിട്ടിയത് ജീവിതമാണ്, എനിക്ക് കിട്ടിയതോ? ഔന്നത്യം, എന്റെ മനുഷ്യത്വത്തിന് മഹത്ത്വമുണ്ടായി. അപ്പോഴാണ് ഞാന്‍ മനുഷ്യനായത്. ഞാന്‍ എന്റെ ആഹാരകാര്യം മറന്ന് എന്റെ വിശപ്പ് അവഗണിച്ച് നിനക്ക് ഞാന്‍ വിളമ്പുന്നു - വിരുന്ന്. നോമ്പുതുറ ആഘോഷമാണ്; നിങ്ങള്‍ക്ക് ഞാന്‍ ത്യാഗത്തില്‍നിന്ന് വിളമ്പുന്ന ആഘോഷം. ഈ ആഘോഷത്തിലാണ് ഞാന്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നത്. 

ജീവിതം വിളമ്പലാക്കാന്‍ നോമ്പ് പഠിപ്പിക്കുന്നു. ഞാന്‍ വിളമ്പുന്നത് എന്റെ ജീവിതമാണ്. എന്റെ ജീവിതവും എനിക്കുള്ളത് മുഴുവനും എനിക്ക് ദാനമായി കിട്ടി. ദാനമായി കിട്ടാത്തതായി എന്തുണ്ട് എനിക്ക്? പക്ഷേ, അവയൊന്നും ആര്‍ക്കും അവകാശപ്പെട്ടതല്ല. ഈ ദാനങ്ങള്‍ നല്കിയ അള്ളാഹുവിനോടുള്ള കടം വീട്ടാന്‍ ഞാന്‍ എന്തുചെയ്യുന്നു? അതുകൊണ്ടാണ് സൂഫി അത്തര്‍ പറഞ്ഞത്; ഞാന്‍ ഉത്തരിപ്പുകടം വീട്ടുന്ന തിരക്കിലാണ്. ജീവിതം സദ്യവിളമ്പലായി മാറ്റുന്നവരാണ് ആത്മീയര്‍. അവര്‍ വിളമ്പുന്ന ജീവിതം... അത് സന്തോഷത്തിന്റെ വിളമ്പലുമാണ്. 

എന്റെ മുന്‍പില്‍ വരുന്നവരെല്ലാം വിശക്കുന്നവരാണ്. ഈ വിശക്കുന്നവര്‍ക്ക് വിളമ്പാന്‍ എന്റെ പക്കല്‍ എന്തുണ്ട്? വിശപ്പ് പലതരമാണ്, ആഹാരത്തിനും ആദരത്തിനും നീതിക്കും സ്നേഹത്തിനും വേണ്ടി വിശക്കുന്നവരില്ലേ? എല്ലാവര്‍ക്കും വിളമ്പാന്‍ എന്താണ് ദൈവം എനിക്ക് തന്നത്? എനിക്ക് കിട്ടിയതൊന്നും എന്റെ സ്വകാര്യസ്വത്തല്ല; വിളമ്പിക്കൊടുക്കാന്‍ തന്ന വിഭവങ്ങള്‍. ഒരു നല്ല വാക്ക്, ഒരു പുഞ്ചിരി, ഒരുനേരത്തെ ആഹാരം, ഒരു അഭിവാദനം, ഒരു നോട്ടം, ഒരു വഴികാട്ടല്‍... എല്ലാം നിസ്സാരങ്ങള്‍. പക്ഷേ, എത്രയോ വിലപ്പെട്ടത്! ഞാന്‍ എനിക്കുവേണ്ടിയല്ല, അത് എന്നെ നോമ്പ് ഓര്‍മപ്പെടുത്തുന്നു. ഞാന്‍ വിളമ്പുമ്പോഴാണ് ഞാന്‍ മനുഷ്യമഹത്ത്വത്തിലേക്ക് പ്രവേശിക്കുന്നത്. ഞാന്‍ നിനക്കുവേണ്ടിയാണ്. ആ ഉയര്‍ച്ചയിലേക്ക് എന്നെ ഉയര്‍ത്താന്‍ കഴിയുമോ?