നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഉച്ചയ്ക്ക് ബെല്ലടിക്കുമ്പോള്‍ ഉപ്പുമാവു വാങ്ങാനായി ക്ലാസില്‍നിന്ന് പാചകപ്പുരയിലേക്ക് ഓടുകയാണ്. നല്ല ചൂടുള്ള ഗോതമ്പുറവയുടെ ഉപ്പുമാവ് പൊടുവണ്ണിയുടെ ഇലയില്‍ (വട്ടയില) ഏറ്റുവാങ്ങുമ്പോഴുള്ള ഒരു മണമുണ്ട്. ചൂടേറ്റുവാടിയ വട്ടയിലയും വെളിച്ചെണ്ണയും വറവിട്ട മുളകും കറിവേപ്പിലയും ചേര്‍ന്ന ഒരു മണം. ഒരു ഫാസ്റ്റ്ഫുഡിനും പകരംവയ്ക്കാനാവില്ല അത്.  

ക്ലാസില്‍നിന്നെല്ലാരും ഒന്നിച്ചൊരു ഓട്ടമാണ്. അക്കൂട്ടത്തില്‍ പ്രവീണും പ്രകാശും സെയ്താലിയും ഷുക്കൂറുമൊക്കെയുണ്ടാവും. പക്ഷേ, ആ ദിവസം സെയ്താലിയും ഷുക്കൂറുമൊന്നും കൂടെ വന്നില്ല. ഞങ്ങള്‍ കൊണ്ടുവന്നു കൊടുത്ത ഉപ്പുമാവ് കഴിച്ചതുമില്ല. ചോദിച്ചപ്പോള്‍ നോമ്പാണെന്ന് പറഞ്ഞു. ഞങ്ങള്‍ വയറുനിറച്ചു കഴിക്കുകയും ചെയ്തു. 

അടുത്ത ദിവസങ്ങളിലും ഇത് തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് അദ്ഭുതമായി. ഇവരെങ്ങനെ ഇങ്ങനെ ഭക്ഷണം കഴിക്കാതിരിക്കുന്നു, എന്തിന് പട്ടിണികിടക്കുന്നു...?  അവരോടു ചോദിച്ചപ്പോള്‍ ഒരു മാസം ഇങ്ങനെയാണെന്നായിരുന്നു മറുപടി. വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അമ്മയോ അമ്മമ്മയോ പറഞ്ഞു, 'അവര്‍ക്കിത് പുണ്യമാസമാണ്. ഒരുമാസം മുഴുവന്‍ നോമ്പാണ്. വൈകീട്ടു മാത്രമേ ഭക്ഷണം കഴിക്കൂ. അവരുടെ മുന്നില്‍വെച്ച്  ഭക്ഷണം കഴിക്കരുത്. അത് പാപമാണ്.'

ഉപ്പുമാവ് വേണ്ടെന്നുവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അന്നുമുതല്‍  ഷുക്കൂറിന്റെയോ സെയ്താലിയുടെയോ മുന്നിലിരുന്ന് കഴിക്കുന്ന പരിപാടി നിര്‍ത്തി. അവരോട് ഒരു വല്ലാത്ത സഹതാപമായിരുന്നു ആദ്യം തോന്നിയത്. ഒന്നും കഴിക്കാതെ, ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ... പക്ഷേ, നോമ്പുനോല്‍ക്കുന്നവര്‍ക്കൊന്നും ആദ്യത്തെ കുറച്ചു ദിവസമല്ലാതെ ക്ഷീണം കാണാറില്ല. ഓടിക്കളിക്കാനും ഒറ്റക്കാലില്‍ കൊക്കിക്കളിക്കാനുമെല്ലാം സജീവമായിത്തന്നെ അവരുമുണ്ടാവും. 

ഒരു ദിവസം മൂത്രപ്പുരയിലേക്ക് ഓടിക്കയറുമ്പോള്‍ കാണുന്ന കാഴ്ച നാല് ബി ക്ലാസിലെ ഉസ്മാന്‍ പെട്ടെന്നെന്തോ എടുത്ത് വായിലേക്കിടുന്നതാണ്. ആളെ കണ്ടതോടെ അവന്‍ അത് വിഴുങ്ങാന്‍ ശ്രമിച്ചു. പെട്ടെന്ന് ചുമച്ച് അത് ഛര്‍ദിച്ചു. ഒരു പുഴുങ്ങിയ കോഴിമുട്ട. അല്ലെങ്കിലേ ഉസ്മാന്‍ കുറച്ച് പോക്കിരിയാണ്. വീട്ടില്‍നിന്ന് ആരും കാണാതെ എടുത്ത് പോക്കറ്റിലിട്ടതാണവന്‍.  നോമ്പുകാലമായാല്‍ അടുത്തുള്ള ഹൈദ്രുവാക്കയുടെ വീട്ടില്‍നിന്ന് വൈകുന്നേരം ഇറച്ചിയും പത്തിരിയും ബിരിയാണിയുമെല്ലാം കൊടുത്തയയ്ക്കും. ആ ഒരു മാസം അങ്ങനെ ഞങ്ങള്‍ക്കും പുണ്യമാസമായി.  

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സൈറണ്‍ കേട്ട് സമയം ചിട്ടപ്പെടുത്തിയിരുന്ന നാട്ടുകാര്‍ക്ക് നോമ്പുമാസത്തില്‍ ബാങ്കുവിളികള്‍ കൂടി അവരുടെ ടൈംടേബിളിന്റെ ഭാഗമായി. പാലപ്പുറപ്പള്ളിയില്‍നിന്നും പുലിക്കോട്ടെ പള്ളിയില്‍നിന്നും ബാങ്കുയരുന്ന സമയത്തുതന്നെ പാണ്ടമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലും വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലും ഭക്തിഗാനമുയരും. ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടത്തിയിരുന്നത് കുട്ടേട്ടനും ഹൈദ്രുവാക്കയും രാജേട്ടനുമൊക്കെ അടങ്ങിയ കമ്മിറ്റിയായിരുന്നു. 

നേര്‍ച്ചയ്ക്കുള്ള പണം നല്‍കിയിരുന്നത് ചുറ്റുവട്ടത്തുള്ള ഹൈന്ദവഭവനങ്ങളില്‍നിന്നും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അന്ന് നേര്‍ച്ചച്ചോറും നല്ല എരിവുള്ള കോഴിക്കറിയുമുണ്ടാവും. ആരുപോയാലും പാത്രത്തിലാക്കിത്തരും. ഈ നേര്‍ച്ച ഇപ്പോഴും അതുപോലെ തുടരുന്നു.  രണ്ടുകിലോമീറ്റര്‍ അകലെയുള്ള പറപ്പുര്‍കാവിലെ വേലക്കുള്ള നാട്ടിലെ കൊടിപോക്കിന് നേതൃത്വം നല്‍കിയവരില്‍ കുഞ്ഞിപ്പയും മരക്കാരും മമ്മുട്ടിയുമെല്ലാമുണ്ടായി. ഇതൊന്നും ആരും ബാലന്‍സ് ചെയ്യാന്‍ തട്ടിക്കൂട്ടിയതായിരുന്നില്ല. അവരുടെ ചെറിയ ജീവിതത്തിലെ ചെറിയ ആഘോഷങ്ങളില്‍ ആരും മതം നോക്കിയില്ല, അത്രമാത്രം. 

നോമ്പുകാലത്ത് രാത്രി പള്ളിപ്പരിസരത്തെ കലാപരിപാടികളില്‍ ഏറ്റവും രസകരമായി തോന്നിയത് ലേലം തന്നെ. പള്ളിയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ അവിടെവെച്ച് ലേലം ചെയ്യും. അതില്‍ പെട്ടിയും ബാഗും ചക്കയും മാങ്ങയും കസേരയും ടോര്‍ച്ചുമെല്ലാമുണ്ടാവും. അന്ന് 60 പൈസയുണ്ടായിരുന്ന കോഴിമുട്ട ഒന്നരരൂപയ്ക്കും മൂന്നുരൂപയുണ്ടായിരുന്ന ഈര്‍ക്കില്‍ചൂല്‍ അഞ്ചും പത്തും രൂപയ്ക്കുമൊക്കെ ലേലത്തില്‍ പോയിട്ടുണ്ട്. ആവേശം മൂത്ത് വിളിയോടുവിളിയാണ്.  റംസാന്‍ മാസമായാല്‍ 

രാവിലെമുതല്‍ തുടങ്ങും കുഞ്ഞാപ്പുഹാജിയുടെ വീട്ടിലേക്കുള്ള സക്കാത്തിനുള്ള വരവ്. എത്രയോ ദൂരത്തുനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഹാജ്യാരുടെ വീട്ടിലെത്തും. സക്കാത്ത് വാങ്ങിപ്പോകും. സ്ഥിരമായി വരാറുള്ള ഒരു ഇത്താത്തയെയും മകനെയും ഇപ്പോഴും ഓര്‍മയുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ മുസ്ലിംകൂട്ടുകാരില്‍ നോമ്പുനോല്‍ക്കുന്നവരും നോല്‍ക്കാത്തവരുമുണ്ടായിരുന്നു. വിശപ്പു സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയിട്ടേയില്ല. ചിലര്‍ ഞങ്ങളുടെ കൂടിയിരുന്ന് ഭക്ഷണം കഴിക്കും. നോമ്പുള്ളവര്‍ കൂടെയിരുന്ന് തമാശയും പറഞ്ഞിരിക്കും. ആര്‍ക്കും എവിടെയും വ്രണപ്പെട്ടില്ല. ആരും ആരെയും കുറ്റപ്പെടുത്തിയില്ല. 

അന്നൊന്നും ഇത്രയും നോമ്പുതുറകളില്ല. മിക്കതും വീടുകളില്‍ ഒതുങ്ങി. ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടുകാരെയും ഏതെങ്കിലും  ദിവസം വീട്ടിലേക്ക് വിളിച്ച് ഒരു തുറക്കല്‍. വിഭവങ്ങളിലെ താരം നൈസ് പത്തിരിയും കോഴിക്കറിയും തന്നെ.  പൊറോട്ട എല്ലാ ആഘോഷങ്ങളിലെയും സ്ഥിരം ക്ഷണിതാവാണ്. കുറച്ചു ചപ്പാത്തിയും കൂടിയായാല്‍ വി.ഐ.പി നോമ്പുതുറയായി. പൊതു വിഭവമായി ബീഫുമുണ്ടാവും. ഇന്നോ... നോമ്പുതുറ പലയിടത്തും വലിയ ആഘോഷമായി. ഹറാമല്ലാത്ത എല്ലാത്തരം ജീവികളും വറുത്തും പൊരിച്ചും മേശയില്‍ നിറഞ്ഞു. 

യൂറോപ്യന്‍വിഭവങ്ങളും അറേബ്യന്‍വിഭവങ്ങളും വേറെയും. ദൃശ്യമാധ്യമങ്ങളിലെ അടുക്കളപ്പരിപാടികള്‍ നോമ്പുതുറ ഒരു ഭക്ഷ്യോത്സവമാണെന്ന ധാരണ പരത്തി. നോമ്പുതുറയുടെ ലക്ഷ്യം പാളുന്നുവെന്ന് പലമേഖലകളില്‍ നിന്നും പരാതികളും വരാന്‍ തുടങ്ങി.

നോമ്പുതുറസമയത്ത് കവലകളിലും മറ്റും സൗജന്യ തരിക്കഞ്ഞി വിതരണം പ്രധാനമായിരുന്നു. സംഘടനകളും ക്ലബ്ബുകളും വിതരണം ചെയ്യുന്ന റവകൊണ്ടുണ്ടാക്കിയ രുചിയുള്ള തരിക്കഞ്ഞി നോമ്പുള്ളവരും ഇല്ലാത്തവരും വാങ്ങും. ഇന്നത്തെപ്പോലെ മുക്കിലും മൂലയിലും പലഹാരവിതരണമില്ല. റംസാന്‍മാസത്തില്‍ മിക്ക ഹോട്ടലുകളും അടച്ചിടും. ഒരു മാസം അവര്‍ക്ക് അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും സമയമാണ്. ഇക്കാലത്തും സ്ഥിരം ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന ഹോട്ടലുകളുണ്ട്.  നോമ്പുതുറന്നുകഴിഞ്ഞാല്‍ പിന്നെ ചെറുപ്പക്കാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങും. അടുത്ത നിസ്‌കാരമാവുന്നതുവരെ അങ്ങാടിയിലും മറ്റും കൂട്ടുകാരോടൊപ്പം കറങ്ങിനടക്കും. പുതിയ സൗഹൃദങ്ങള്‍ തേടും. മൊബൈല്‍ഫോണുകളില്ലാത്തതുകൊണ്ടാവാം, ദൃഢമായിരുന്നു അന്നത്തെ സൗഹൃദങ്ങള്‍.