ന്യൂഡല്‍ഹി: റംസാന്‍ മാസത്തില്‍ സംസ്ഥാനത്ത് വെടിനിര്‍ത്തണമെന്ന ജമ്മുകശ്മീരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ ഫോണില്‍ വിളിച്ചറിയിച്ചു. ഇക്കാര്യം മുഫ്തി സ്ഥിരീകരിച്ചു. ഇതു ശുഭവാര്‍ത്തയാണെന്നും എല്ലാവരും ഇതിനെ പിന്തുണയ്ക്കുമെന്നു കരുതുന്നതായും അവര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് ജമ്മു കശ്മീരില്‍ വെടിനിര്‍ത്തുന്നകാര്യം അറിയിച്ചത്. 'പുണ്യമാസമായ റംസാനില്‍ ജമ്മു കശ്മീരില്‍ സൈനികനടപടികള്‍ പാടില്ലെന്ന് സുരക്ഷാസേനകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനകാംക്ഷികളായ മുസ്ലിങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ റംസാന്‍ വ്രതം ആചരിക്കുന്നതിനു സഹായിക്കാനാണ് ഈ തീരുമാനമെടുത്തത്'-മന്ത്രാലയം അറിയിച്ചു.

2000-ത്തില്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് റംസാനില്‍ ഇതിനുമുമ്പ് ഇന്ത്യ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

'എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും (ബി.ജെ.പി. ഒഴികെ, അവര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്) ആവശ്യപ്രകാരം കേന്ദ്രം ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഭീകരര്‍ ഇനി അതിനനുസരിച്ച് പെരുമാറിയില്ലെങ്കില്‍ ജനത്തിന്റെ യഥാര്‍ഥ ശത്രുക്കളാരെന്ന് തെളിയു'മെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.