ശാസ്ത്രലോകം അടുത്ത കാലങ്ങളിലായി വ്രതാനുഷ്ഠാനം മുഖേന മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ പഠന വിധേയമാക്കിയപ്പോള്‍ ഒരുപാട് ഗുണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാന സമയത്ത് മനുഷ്യന്റെ ആമാശയത്തിന് വേണ്ട രൂപത്തിലുള്ള വിശ്രമം കിട്ടുന്നു.

തന്മൂലം ഈ ഒരു മാസത്തെ കാലയളവില്‍ ഭക്ഷണത്തിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ വേണ്ടവിധം പുറംതള്ളാന്‍ ശരീരത്തിന് അവസരം കിട്ടുന്നു. ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാനും വ്രതാനുഷ്ഠാനം വലിയ ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ സഹായിക്കുന്നു. 

വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ ഊര്‍ജം കൊഴുപ്പില്‍ നിന്നാണ് പ്രത്യേക രാസപ്രവര്‍ത്തനം വഴി ശരീരം കണ്ടെത്തുന്നത്.  തന്മൂലം ശരീരത്തിലുള്ള ചീത്ത കൊഴുപ്പിന്റെ (LDL) അളവ് എട്ടു ശതമാനമായി കുറയുകയും നല്ല കൊഴുപ്പിന്റെ (HDL) അളവ് 14.3% ആയി കൂടുകയും ചെയ്യുന്നതായി ശാസ്ത്രീയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. വ്രതം അനുഷ്ഠിക്കുന്നതു വഴി മനുഷ്യ ശാരീരികേച്ഛകളുടെ മേല്‍ ഒരു കടിഞ്ഞാണ്‍ ഇടാന്‍ കഴിയുന്നുണ്ട്. അതുമൂലം വലിയ മാനസിക സംഘര്‍ഷങ്ങള്‍ കൂടാതെ മനുഷ്യന് വന്നുചേരുന്ന പല ദുശ്ശീലങ്ങളില്‍ നിന്ന് (പുകവലി, മുറുക്ക്, അമിതമായുള്ള ചായ/കാപ്പി കുടിക്കല്‍) വിട്ടുനില്‍ക്കാനും അത് ജീവിതത്തില്‍ നിന്നു തന്നെ പാടേ തുടച്ചുനീക്കാനും സഹായകമാകുന്നു. 

വ്രതം അനുഷ്ഠിക്കുന്ന സമയത്ത് സാധാരണയായി മനുഷ്യന്  സന്തോഷവും ഉല്ലാസവും പകരുന്ന നല്ല ഭക്ഷ്യപാനീയങ്ങള്‍ കഴിക്കുക, പങ്കാളിയുമായി ഇണചേരല്‍ എന്നിവയില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. ആയതുകൊണ്ട് ദൈവത്തിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടില്ലാതെ വരികയും സൗമ്യശീലം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്രതം നല്ല ഉറക്കം തരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ വിഷാംശം പുറന്തള്ളുന്നതു മൂലം ചര്‍മത്തിന്റെ ചുളിവ് കുറയ്ക്കാന്‍ സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണ രീതി

വ്രതം അനുഷ്ഠിക്കുന്ന സമയം 12-13 മണിക്കൂര്‍ കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നു. വ്രതം മുറിക്കുന്നത് കാരയ്ക്ക (ഈന്തപ്പഴം) കൊണ്ടോ, വെള്ളം കൊണ്ടോ ചെയ്യാനാണ് മുഹമ്മദ് നബി (സ) നമ്മെ പഠിപ്പിച്ചത്. നോമ്പ് മുറിക്കുന്നത് വളരെ ലഘുവായ ഭക്ഷണം കൊണ്ടാവണം. പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, ധാരാളം വെള്ളം, തരിക്കഞ്ഞി മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം.

എണ്ണ ഉപയോഗിച്ചുള്ള വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളും വയറിന് കനം തോന്നുന്ന ഫാസ്റ്റ് ഫുഡും ഇറച്ചിയും മറ്റും ഒഴിവാക്കുന്നതാണ് ഉത്തമം.  കഞ്ഞി ഉപയോഗം മൂലം ധാരാളം വെള്ളം ശരീരത്തില്‍ ചെല്ലുന്നു. അതുമൂലം മൂത്രസംബന്ധമായ പ്രയാസങ്ങളും മറ്റും തടയാന്‍ സഹായകമാകുന്നു. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കേണ്ടതാണ്.

വ്രതാനുഷ്ഠാനം വഴി ശരീരം അതിനകത്ത് അടിഞ്ഞുകൂടിയ വിഷാംശം പുറന്തള്ളുമ്പോള്‍ അങ്ങനെയുള്ള ഭക്ഷണപാനീയങ്ങള്‍ പരമാവധി ഒഴിവാക്കിയാല്‍ ശരീരം വളരെയേറെ ശുദ്ധീകരിക്കപ്പെടുന്നു. ഒപ്പം ഒരാളുടെ മനസ്സും. പ്രഭാതത്തിനു മുമ്പായി കഴിക്കുന്ന ഭക്ഷണവും ലഘുവായിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്തും ധാരാളം വെള്ളം അത്യാവശ്യമാണ്.

ആര്‍ത്തവകാലം, പ്രസവകാലം, രോഗികള്‍, യാത്രക്കാര്‍ എന്നീ വിഭാഗത്തിലുള്ളവരെ നോമ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഈ ഒരു അവസ്ഥയില്‍ നോമ്പ് പിടിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പിന്നീട് ആരോഗ്യം ഉള്ളപ്പോള്‍ നിറവേറ്റിയാല്‍ മതിയാവുന്നതാണ്.

ഡയബറ്റിക് രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  ഈ സമയങ്ങളിലുള്ള ഭക്ഷണരീതിയും മരുന്ന് ഉപയോഗിക്കുന്നതും ഇവര്‍ ഏറെ ശ്രദ്ധയോടെ ചെയ്യണം. ഈ രോഗികള്‍ക്ക് യഥാസമയം ഭക്ഷണവും മരുന്നും കിട്ടിയില്ലെങ്കില്‍ ശരീരത്തിലുള്ള പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ വരാനും അതുവരെ നല്ല നിലയില്‍ നിന്നിരുന്ന പഞ്ചസാരയുടെ അളവ് മാറാനും കാരണമാവും.

അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍ വ്രതാനുഷ്ഠാനത്തിനു മുമ്പായി ഡോക്ടറെ കാണുകയും വേണ്ടവിധത്തിലുള്ള മാറ്റങ്ങള്‍ മരുന്നില്‍ വരുത്താനും ശ്രദ്ധിക്കണം. ഒരു കാരണവശാലും മരുന്നുകള്‍ ഒഴിവാക്കാന്‍ പാടുള്ളതല്ല.നോമ്പ് മുഖേന മനുഷ്യന്റെ മനസ്സിലെ സര്‍വ അശുദ്ധികളും മാറ്റാനും നല്ല ഒരു മനസ്സോടുകൂടി തുടര്‍ന്നുള്ള  മാസങ്ങള്‍ ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് കര്‍മങ്ങളില്‍ ഏര്‍പ്പെടാനും വേണ്ടി മനുഷ്യരെ ക്രമപ്പെടുത്തുക എന്നതാണ് അള്ളാഹു ഉദ്ദേശിക്കുന്നത്. 

അതിനുവേണ്ടി ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുന്ന മനസ്സും നല്ലൊരു ശരീരവും പാകപ്പെടേണ്ടതുണ്ട്. അത്തരം ഉദ്ദേശ്യത്തോടെ തന്നെയാവട്ടെ നാം ഓരോരുത്തരും നോമ്പ് മാസത്തെ വരവേല്‍ക്കുന്നതും.