ശരീരത്തിലെ അന്നനാളം മുതല്‍ ദഹനേന്ദ്രിയം വരെ പല ഭാഗങ്ങള്‍ക്കും പൂര്‍ണാര്‍ഥത്തില്‍  വിശ്രമം നല്‍കുന്ന ആരാധനയാണ് ഇസ്‌ലാമിലെ നോമ്പ്. 

ദ്യപകുതിയില്‍ വേനലിന്റെ അവസാനകാലം... രണ്ടാംപകുതിയില്‍ മഴക്കാലത്തിന്റെ തുടക്കം... ഇത്തവണ നോമ്പിന്റെ നാളുകള്‍ വേനല്‍ചൂടില്‍നിന്ന് മഴക്കാലത്തിന്റെ തണുപ്പിലേക്ക് മാറിവരുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ആരോഗ്യകാര്യങ്ങളിലും ആഹാരകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണവിഭവങ്ങള്‍ നോമ്പ് തുറകളിലും അത്താഴവേളകളിലും തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ശുദ്ധജലത്തിലും കാരക്കയിലും തുടങ്ങാം. ഊര്‍ജസമ്പുഷ്ടമാണ് കാരയ്ക്ക. ഈ സമയത്ത് ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

വേനല്‍ചൂടുള്ള ദിനങ്ങളില്‍ നോമ്പുതുറയ്ക്കുശേഷം കൂടുതല്‍ ശുദ്ധജലം കുടിക്കാന്‍ മറക്കരുത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് ആവശ്യമാണ്. കൂടാതെ നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴവര്‍ഗങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് കഷണങ്ങളാക്കി കഴിക്കുന്നതാണ്. നാരിന്റെ സാന്നിധ്യം കൂടുതല്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍ മിതമായി ക്രമീകരിക്കുക. പ്രത്യേകിച്ചും വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ നിയന്ത്രിക്കണം. മാത്രല്ല പഞ്ചസാര ധാരാളമടങ്ങിയ ഭക്ഷണങ്ങളും ബേക്കറിപ്പലഹാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. അതുപോലെ അത്താഴത്തിന് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അതിലും നിയന്ത്രണം വരുത്തണം. ചുരുക്കത്തില്‍ റംസാനിലെ ഭക്ഷണരീതി സമീകൃതവും സന്തുലിതവുമായിരിക്കണം. അത് ആരോഗ്യത്തിന് ഗുണകരമായി മാറും. നോമ്പുകാലത്ത് വിശ്വാസികള്‍ നേടിയെടുക്കുന്ന ആരോഗ്യകരമായ നല്ല ശീലങ്ങള്‍ നോമ്പിനുശേഷവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

പ്രമേഹമുള്ളവര്‍ നോമ്പെടുക്കുമ്പോള്‍

ആഹാരത്തിലും വ്യായാമത്തിലും മരുന്നിന്റെ കാര്യത്തിലും ഏറെ ചിട്ട പാലിക്കേണ്ടവരാണ് പ്രമേഹരോഗികള്‍. അതുകൊണ്ടുതന്നെ നോമ്പെടുക്കുന്ന പ്രമേഹരോഗികളും അവരുടെ കുടുംബാംഗങ്ങളും ചില മുന്‍കരുതലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തിലുള്ള ചിട്ടകള്‍, മരുന്നിന്റെ സമയത്തിലും ഡോസിലും വരുത്തേണ്ട മാറ്റങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുള്ള അറിവുകള്‍ തുടങ്ങിയവ പ്രമേഹബാധിതരും അവരുടെ കുടുംബാംഗങ്ങളും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

മുന്‍കരുതല്‍ വേണം

പ്രമേഹബാധിതര്‍ ആവശ്യമായ മുന്‍കരുതലുകളില്ലാതെ വ്രതമനുഷ്ഠിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ എന്നാണ് പറയുക. അമിതമായ വിയര്‍പ്പ്, കൈകാല്‍ വിറയല്‍, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ഗ്ലൂക്കോസ്‌നില പെട്ടെന്ന് താഴ്ന്നുപോകുമ്പോഴുണ്ടാകാറുള്ള സൂചനകള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടണം.

ഇതിന് വിരുദ്ധമായി രക്തത്തിലെ ഗ്ലൂക്കോസ്‌നില ക്രമാതീതമായി ഉയര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകാം. ഇതാണ് ഹൈപ്പര്‍ ഗ്ലൈസീമിയ. പ്രമേഹമരുന്നുകളുടെ അളവ് ശാസ്ത്രീയമല്ലാതിരുന്നാലും നോമ്പുതുറക്കുന്ന സമയത്ത് ഭക്ഷണനിയന്ത്രണം പാലിക്കാതിരുന്നാലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനിടയാകും. അമിതമായ ദാഹം, ക്ഷീണം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഇതുകൂടാതെ രക്തത്തിലെ ആസിഡ്‌നില ഉയര്‍ന്നുനില്‍ക്കുന്ന ഡയബറ്റിസ് കീറ്റോ അസിഡോസിസ്, നിര്‍ജലീകരണം തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും വഴിവെച്ചേക്കാം. ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് സഹായിക്കും.

നിര്‍ജലീകരണം ഒഴിവാക്കാന്‍

നിര്‍ജലീകരണം ഒഴിവാക്കാന്‍ പ്രമേഹബാധിതര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നോമ്പ് തുറന്നതിനുശേഷം ആവശ്യാനുസരണം ശുദ്ധജലം കുടിക്കാന്‍ മറക്കരുത്. ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍ രക്തസമ്മര്‍ദം കുറയുവാനോ തലകറക്കം, തളര്‍ച്ച എന്നിവ വന്നുചേരാനോ സാധ്യതയുണ്ട്.

വ്രതാനുഷ്ഠാനം തുടങ്ങുന്നതിന് മുന്‍പ്

വ്രതാനുഷ്ഠാനം തുടങ്ങുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറെക്കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഗുളികയോ ഇന്‍സുലിനോ ഉപയോഗിക്കുന്നവര്‍ അത് വേണ്ടെന്നുവയ്ക്കരുത്. ഡോക്ടറെ കണ്ട് മരുന്നിന്റെ കാര്യത്തില്‍ വേണ്ട ക്രമീകരണം നടത്തുകയാണ് ചെയ്യേണ്ടത്.

മരുന്നില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റുകാര്യങ്ങളും ഡോക്ടറുടെ ഉപദേശപ്രകാരം  ചെയ്യുക. മൂന്നുനേരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അത് രണ്ടുനേരമായി ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡോക്ടറുടെ നിര്‍ദേശപ്രകാരം പാലിക്കണം. രക്തത്തിലെ ഷുഗര്‍നില, കൊളസ്‌ട്രോള്‍ എന്നിവയും ബി.പിയും നോമ്പ് തുടങ്ങുന്നതിന് മുന്‍പുതന്നെ നിയന്ത്രണത്തിലായിരിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ആവശ്യാനുസരണം സ്വന്തമായിത്തന്നെ രക്തത്തിലെ ഗ്ലൂക്കോസ്‌നില പരിശോധിക്കാന്‍ പരിശീലിക്കണം. ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവെക്കണം. കൊഴുപ്പ്, എണ്ണ, പഞ്ചസാര എന്നിവ കുറഞ്ഞ ആഹാരരീതി തന്നെ തുടരണം. നോമ്പ് തുടങ്ങുന്നതിന് മുന്‍പും നോമ്പുതുറയ്ക്ക് ശേഷവും ആവശ്യാനുസരണം ജലപാനീയങ്ങള്‍ കുടിക്കണം. ഉറക്കം ഒഴിവാക്കരുത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

നോമ്പുതുറയ്ക്ക് ശേഷം ഉടന്‍തന്നെ വളരെ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഭക്ഷണം ചെറിയ അളവില്‍ തവണകളായി കഴിക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ പ്രമേഹരോഗികള്‍ പഴവര്‍ഗങ്ങള്‍ മിതമായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ്, എണ്ണ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണം പരമാവധി നിയന്ത്രിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മുഴുധാന്യങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

നോമ്പ് തുടങ്ങുന്നതിന് മുന്‍പുള്ള ഭക്ഷണം പ്രമേഹരോഗികള്‍ ഒഴിവാക്കരുത്. അതോടൊപ്പം ഇന്‍സുലിനോ ഗുളികയോ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുകയും വേണം. ഇക്കാര്യത്തില്‍ ശ്രദ്ധവെച്ചില്ലെങ്കില്‍ പകല്‍സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്.