ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തുന്ന ഇഫ്താര്‍ വിരുന്നിന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ലെന്ന വാര്‍ത്ത ഊഹാപോഹമെന്ന് കോണ്‍ഗ്രസ് വാക്താവ് രന്ദീപ് സിങ് സുര്‍ജെവാല. കോണ്‍ഗ്രസ് അധ്യക്ഷന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും പ്രണബ് ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അനാവശ്യമായ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പ്രണബിനെ ക്ഷണിക്കാതിരുന്നതെന്നായിരുന്നു ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ക്ഷണിച്ചവരുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ജൂണ്‍ 13 ന് ഡല്‍ഹി താജ് പാലസ് ഹോട്ടലിലാണ് വിരുന്ന്. രാഷ്ട്രപതി ഭവനില്‍ എല്ലാവര്‍ഷവും നടത്തി വരാറുള്ള ഇഫ്താര്‍ വിരുന്ന് ഇത്തവണ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തവണ ഇഫ്താര്‍ വിരുന്ന് നടത്താന്‍ തീരുമാനിച്ചത്.