ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ച നടത്തിയ ഇഫ്താർ വിരുന്ന് രാജ്യത്ത് രൂപംകൊണ്ടുവരുന്ന വിശാല പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. എങ്കിലും ബി.എസ്.പി. നേതാവ് മായാവതി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി. നേതാവ് ശരദ് പവാർ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് എന്നിവർ വിരുന്നിനെത്തിയില്ല. ഈ പാർട്ടികളിലെ മറ്റുനേതാക്കളും പങ്കെടുത്തില്ല.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സാന്നിധ്യമായിരുന്നു ശ്രദ്ധേയം. രാഹുലിനടുത്തായിരുന്നു പ്രണബിന്റെ ഇരിപ്പിടം. നാഗ്പുരിലെ ആർ.എസ്.എസ്. ആസ്ഥാനത്തു നടന്ന ചടങ്ങിൽ പങ്കെടുത്ത പ്രണബിന് ഇഫ്താറിന് ക്ഷണമില്ലെന്നായിരുന്നു ആദ്യവിവരം. എന്നാൽ, അദ്ദേഹത്തെ ക്ഷണിച്ചതായി കോൺഗ്രസ് പിന്നീട് അറിയിക്കുകയുണ്ടായി.

കോൺഗ്രസ് അധ്യക്ഷപദമേറ്റെടുത്തശേഷം രാഹുൽ നടത്തുന്ന ആദ്യ ഇഫ്താറാണിത്. പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായ 17 പാർട്ടികളുടെ പ്രതിനിധികളെയും വിരുന്നിന് ക്ഷണിച്ചിരുന്നു. ‍ഡൽഹി താജ് പാലസ് ഹോട്ടലിലായിരുന്നു വിരുന്ന്.

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്ര, തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി, ഡി.എം.കെ. നേതാവ് കനിമൊഴി, ആർ.ജെ.ഡി. നേതാവ് മനോജ് ഝാ, എൻ.സി.പി. നേതാവ് ഡി.പി. ത്രിപാഠി, ജെ.ഡി.എസ്. നേതാവ് ഡാനിഷ് അലി തുടങ്ങിയവർ പങ്കെടുത്തു.

വിദേശത്തായതിനാൽ സോണിയാഗാന്ധിക്ക് പങ്കെടുക്കാനായില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എ.കെ. ആന്റണി, പി. ചിദംബരം എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇഫ്താറിനെത്തി. കേരളത്തിൽനിന്ന് കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് നേതാക്കളായ പി.ജെ. കുര്യൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.