മലപ്പുറം: പുണ്യമാസത്തിൽ നോമ്പുനോറ്റ ഇതരമതസ്ഥർക്ക് മലപ്പുറത്തിന്റെ മതേതരത്തറവാടായ പാണക്കാട് കൊടപ്പനക്കൽവീട്ടിൽ ഇഫ്താറൊരുക്കി. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷിയായ കൊടപ്പനക്കൽ തറവാട്ടിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ്‌ നടക്കുന്നത്.

അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ മകനും യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവറലി ശിഹാബ് തങ്ങളാണ് വെള്ളിയാഴ്ച വ്യത്യസ്തമായ നോമ്പുതുറയൊരുക്കിയത്. വർഷങ്ങളായി റംസാൻ മാസത്തിൽ കൃത്യമായി നോമ്പുനോൽക്കുകയും നോമ്പുതുറ സംഘടിപ്പിക്കുകയുംചെയ്ത ഹൈന്ദവ കുടുംബങ്ങൾക്കു വേണ്ടിയായിരുന്നു നോമ്പുതുറ. കുന്നംകുളം കലശമല ആര്യലോക് ആശ്രമ മഠാധിപതി ശ്രീ ശ്രീ ആര്യമഹർഷി, വളാഞ്ചേരിയിലെ വെസ്റ്റേൺ പ്രഭാകരൻ, കൊയിലാണ്ടി ചെങ്ങോട്ടുകാവ് ക്ഷേത്രത്തിലെ പൂജാരി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരായിരുന്നു പ്രധാന അതിഥികൾ.

എല്ലാവരും നേരത്തേതന്നെ പാണക്കാട്ടെത്തി. വൈകീട്ട് ബാങ്കുവിളിയുയർന്നതോടെ ഇൗന്തപ്പഴം കഴിച്ച് എല്ലാവരും നോമ്പുതുറന്നു. പിന്നീട് മുനവറലി ശിഹാബ് തങ്ങളുടെ സ്നേഹവിരുന്നായിരുന്നു.

ആര്യമഹർഷിയും ഭാര്യ സിമിയും 15 വർഷത്തോളമായി എല്ലാ റംസാൻമാസത്തിലും നോമ്പുനോൽക്കുന്നവരാണ്. ഇവരുടെ ആശ്രമത്തിൽ ഈമാസം മുഴുവൻ നോമ്പുതുറയ്ക്കും നമസ്‌കാരത്തിനും സൗകര്യവുമുണ്ട്. ഒരേദിവസം വൃക്ക ദാനംചെയ്ത ദമ്പതികൾകൂടിയാണിവർ. മക്കൾ ആര്യശ്രീയും ശ്രീലോകയും നോമ്പുനോൽക്കാറുണ്ട്.

വെസ്റ്റേൺ പ്രഭാകരൻ നോമ്പുനോൽക്കാൻ തുടങ്ങിയിട്ട് മുപ്പതുവർഷമായി. എല്ലാവർഷവും ഇദ്ദേഹത്തിന്റെ വീട്ടിൽ നോമ്പുതുറ നടത്തുന്നുണ്ട്. ഇക്കൊല്ലത്തെ നോമ്പുതുറയ്ക്ക് മന്ത്രി കെ.ടി. ജലീൽ, സംവിധായകൻ ലാൽജോസ് എന്നിവരെല്ലാം എത്തിയിരുന്നു. ഭാര്യ ഉഷയോടൊപ്പമാണ് പ്രഭാകരനെത്തിയത്.

ഹരികൃഷ്ണൻ നമ്പൂതിരി വർഷങ്ങളായി പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇതൊരു മഹദ്‌സന്ദേശമാക്കുകയാണ് ലക്ഷ്യമെന്ന് ആര്യമഹർഷി പറഞ്ഞു. കൊടപ്പനക്കലിൽ നോമ്പുതുറക്കുക ഒരു ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതങ്ങളുടെപേരിൽ മനുഷ്യൻ കടിച്ചുകീറുമ്പോൾ മുനവറലി ശിഹാബ്തങ്ങൾ ഒരു വലിയ മാതൃകയാകുകയാണെന്ന് വെസ്‌റ്റേൺ പ്രഭാകരൻ പറഞ്ഞു.

നോമ്പുനോൽക്കുന്ന ഇതരമതസ്ഥരായ സഹോദരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവരെ ഒരുമിച്ചിരുത്തി നോമ്പുതുറക്കാൻ അവസരം ലഭിച്ചിരിരുന്നില്ല. ആ ആഗ്രഹമാണ് ഇപ്പോൾ സാധിച്ചതെന്നായിരുന്നു മുനവറലി ശിഹാബ്തങ്ങളുടെ അഭിപ്രായം. തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇഫ്താർവിരുന്നിൽ പങ്കെടുത്തു.