മലപ്പുറം: ഇതിനേക്കാൾ മഹത്തായ റംസാൻസന്ദേശം ഈ ഉമ്മയ്ക്ക് നൽകാനില്ല. അള്ളാഹു മാപ്പു കൊടുക്കുന്നവനും കൊടുക്കുന്നതിനെ ഇഷ്ടപ്പെടുന്നവനുമാണെന്ന ഖുർആൻ വചനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാവുകയായിരുന്നു അവർ. സ്വന്തം മകനെ കൊന്നയാൾക്കാണ് ഈ ഉമ്മ ഒരു ഉപാധിയുമില്ലാതെ മാപ്പു നൽകിയത്.

ഒറ്റപ്പാലത്തെ പാലത്തിങ്ങൽ ആയിഷാബീവിയുടെ മകൻ മുഹമ്മദ് ആസിഫ്(24) സൗദിയിലെ അൽഹസയിൽ വെച്ചാണ് ആറുകൊല്ലം മുൻപ് കൊലചെയ്യപ്പെടുന്നത്. ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മഹ്‌റം മലി ഷഫിയുള്ള(35) യാണ് ആസിഫിനെ കൊലപ്പെടുത്തിയത്.

അൽഅസയിൽ ഒരു പെട്രോൾ പമ്പിൽ ജോലിചെയ്തിരുന്ന ഇരുവരും ഒരേ മുറിയിൽ താമസിച്ചുവരികയായിരുന്നു. പകൽ ഡ്യൂട്ടി കഴിഞ്ഞെത്തി ഇരുവരും ഉറങ്ങാൻ കിടന്നു. രാത്രി പച്ചക്കറി മുറിക്കുന്ന കത്തിയുപയോഗിച്ച് ഷഫിയുള്ള ആസിഫിനെ കൊലപ്പെടുത്തി. കൊലയുടെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല. സൗദി നിയമപ്രകാരം ഷഫിയുള്ള വധശിക്ഷക്ക് വിധിക്കപ്പെടുകയുംചെയ്തു.

mlp
മകന്റെ കൊലപാതകിക്ക് മാപ്പുനല്‍കിക്കൊണ്ടുള്ള
സമ്മതപത്രം ഒപ്പിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ എല്‍പിക്കുന്ന മുഹമ്മദ് ആസിഫിന്റെ ഉമ്മ ആയിഷാബീവി.

ജയിലിൽവെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ സർക്കാർ ഇയാളുടെ വധശിക്ഷ നടപ്പാക്കാതെ മാനസികരോഗ ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഇതോടെ നാട്ടിലുള്ള ഷഫിയുള്ളയുടെ ഭാര്യയും മൂന്നുമക്കളുമുള്ള കുടുംബം പ്രതിസന്ധിയിലായി. ഇതിനിടയിലാണ് സൗദി പോലീസ് ഇക്കാര്യം കെ.എം.സി.സിയെ അറിയിക്കുന്നത്. മരിച്ചവ്യക്തിയുടെ കുടുംബം മാപ്പുനൽകിയാൽ പ്രതി രക്ഷപ്പെടുമെന്ന് അവർ അറിയിച്ചു.

കെ.എം.സി.സി. ഉത്തർപ്രദേശിലെ പ്രതിയുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടു. അദ്ദേഹം ഒറ്റപ്പാലത്തെ ആസിഫിന്റെ ഉമ്മയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അങ്ങനെ ഒരു ഉപാധികളുമില്ലാതെ പുണ്യമാസത്തിൽ മകന്റെ കൊലയാളിക്ക് മാപ്പുനൽകാൻ ഉമ്മ തയ്യാറായി.

ബുധനാഴ്ച രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ ഇരുകുടുംബങ്ങളുമെത്തി. ആയിഷാബീവിയുടെ കാൽക്കൽവീണ് ഷഫിയുള്ളയുടെ ഭാര്യ റജിയ പൊട്ടിക്കരഞ്ഞു. അവിടെവെച്ച് മാപ്പുനൽകിയെന്ന രേഖ സൗദി കെ.എം.സി.സി. ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, കുഞ്ഞിപ്പഹാജി, തുപ്പിലിക്കാട്ട് കുഞ്ഞാലസ്സൻ എന്നിവർക്ക് കൈമാറി. ഇവർ ഇത് സൗദി ജയിൽഅധികാരികൾക്ക് കൈമാറും.

ദൈവം ക്ഷമാശീലരോടൊപ്പമാണെന്ന് കാണിച്ചുതരികയാണ് ആയിഷാബീവി ചെയ്തതെന്ന് പ്രശ്‌നത്തിൽ മധ്യസ്ഥതവഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അൽഹസ്സയിലെ കെ.എം.സി.സിയെയും അദ്ദേഹം അഭിനന്ദിച്ചു.

എന്റെ മോനെ ഏതായാലും തിരിച്ചുകിട്ടില്ല. ഇനി മറ്റൊരു കുടുംബം അനാഥമാവരുതെന്ന് കരുതിയാണ് മാപ്പുകൊടുക്കുന്നതെന്ന് ആയിഷാബീവി പറഞ്ഞു.