നിശ്ചയം, ആലോചിച്ച് മനസ്സിലാക്കാന്‍ ഖുര്‍ ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (വി. ഖു: 54:17)

ഫ്രിക്കന്‍ വന്‍കരയുടെ വടക്കുപടിഞ്ഞാറെ അറ്റത്തായി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാന രാഷ്ട്രമാണ് മൊറോക്കോ. ഔദ്യോഗിക ഭാഷ അറബി, ബെര്‍ബര്‍ എന്നിവ. തലസ്ഥാനനഗരം റബാത്ത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കാസാബ്ലാങ്ക, മറാകെഷ്, ടാന്‍ജിയര്‍, ഫെസ് തുടങ്ങി ഭൂഖണ്ഡത്തിലെ ചിരപുരാതനമായ ഒട്ടേറെ നഗരങ്ങളാല്‍ രാജ്യം സമ്പന്നമാണ്. ശിലായുഗം മുതലേ മനുഷ്യവാസം ആരംഭിച്ചുവെന്ന് കരുതപ്പെടുന്ന രാജ്യത്ത് മൂന്നരക്കോടി ജനങ്ങള്‍ അധിവസിക്കുന്നു.

ജനസംഖ്യയുടെ 99 ശതമാനത്തിലധികവും മുസ്ലിംകളാണ്. രാജ്യത്തിന്റെ ഔദ്യോഗിക മതം എന്ന പദവിയും ഇസ്ലാമിനുണ്ട്. ഡമാസ്‌കസ് കേന്ദ്രമാക്കി ഭരണം നടത്തിയ അമവി ഖിലാഫത്തിനു കീഴിലാണ് മൊറോക്കോ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്. അമവി സൈന്യാധിപനായ ഉഖ്ബ ബിന്‍ നാഫിഅ് 680-ല്‍ രാജ്യം കീഴടക്കി. തുടര്‍നൂറ്റാണ്ടുകളില്‍ ഒട്ടേറെ ഭരണമാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച രാജ്യം പതിനൊന്നാം നൂറ്റാണ്ടോടുകൂടിയാണ് ഏകീകൃത രീതിയിലുള്ള ഭരണത്തിനു കീഴിലാവുന്നത്; 1040 മുതല്‍1147 വരെയുള്ള നൂറു വര്‍ഷക്കാലം ഭരണം നടത്തിയ മുറാബിത്വ ഭരണത്തിനു കീഴില്‍.

മൊറോക്കോ ജനതയുടെ മതപരവും രാഷ്ട്രീയവുമായ സ്വത്വനിര്‍മിതി നടത്തുന്നതില്‍ മുറാബിത്വ ഭരണകൂടം ചെലുത്തിയ സ്വാധീനം നിര്‍ണായകമാണെന്നതിന് പില്‍ക്കാല ചരിത്രം സാക്ഷി. മൊറോക്കന്‍ മുസ്ലിംകളെ മാലികി കര്‍മശാസ്ത്രസരണിക്കു കീഴില്‍ ഒന്നിപ്പിക്കുന്നതിലും മുറാബിത്വകള്‍ വിജയിച്ചു. നൂറ്റാണ്ടുകള്‍ക്കു ശേഷവും മാലികി കര്‍മശാസ്ത്രസരണിയാണ് രാജ്യത്തെ ബഹുഭൂരിഭാഗം മുസ്ലിംകളും പിന്‍തുടര്‍ന്നുവരുന്നത്.

പൗരാണിക നൂറ്റാണ്ടുകളില്‍ എന്നപോലെ ആധുനിക കാലത്തും മുസ്ലിം രാജ്യങ്ങളുടെ കൂട്ടത്തില്‍ തന്ത്രപ്രധാന സ്ഥാനമാണ് മൊറോക്കോ അലങ്കരിച്ചുവരുന്നത്. എ.സി 859-ല്‍ ഫെസ് നഗരത്തില്‍ സ്ഥാപിതമായ അല്‍ഖറവിയ്യീന്‍ യൂണിവേഴ്സിറ്റിയാണ് ലോകത്തെ ഏറ്റവും പഴക്കമേറിയ സര്‍വകലാശാല. യുനെസ്‌കോ, ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഉള്‍പ്പെടെയുള്ള ആധികാരിക സമിതികള്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.

ഏറ്റവും പുരാതനമായ ഈ സര്‍വകലാശാല സ്ഥാപിച്ചത് ഫാഥിമ അല്‍ഫിഹ്രി എന്ന മുസ്ലിം മഹിളയാണെന്ന വസ്തുത ഒരു പക്ഷേ, പലര്‍ക്കും അജ്ഞാതമായിരിക്കാം. അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ദി യൂണിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡിന്റെ ആസ്ഥാനവും മൊറോക്കോയിലാണ്. കേരളത്തില്‍നിന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് ഫെഡറേഷനില്‍ അംഗത്വമുണ്ട്.

morocco


ഒട്ടേറെ സവിശേഷതകളുള്ളതാണ് മൊറോക്കോയിലെ റംസാന്‍ മാസം. റംസാന്‍ ആഗതമാവുന്നതിനു ഒരു മാസം മുന്‍പുതന്നെ തുടങ്ങും, നോമ്പുമാസത്തിനുള്ള മുന്നൊരുക്കങ്ങള്‍. വീടുകളും പള്ളികളും തെരുവുകളുമെല്ലാം സമ്പൂര്‍ണമായി ശുചീകരിക്കുന്നത് റംസാന്‍ ഒരുക്കങ്ങളില്‍ പ്രധാനമാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായതിനാല്‍ തന്നെ, നോമ്പുമാസത്തിന്റെ ചൈതന്യം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാവുന്നു. റംസാനിലുടനീളം തെരുവുകളില്‍ വര്‍ണാലങ്കാരങ്ങളോടെ നിറഞ്ഞുകത്തുന്ന അലങ്കാരവിളക്കുകള്‍ ഉത്സവസമാനമായൊരു പ്രതീതി പകരുന്നു.

റംസാന്‍ ഫാനൂസുകള്‍ എന്ന പേരിലാണ് ഈ പ്രത്യേകതരം വിളക്കുകള്‍ അറിയപ്പെടുന്നത്. റംസാനോടനുബന്ധിച്ച് രാജ്യത്തെ ഓഫീസ് സമയം പുനഃക്രമീകരിക്കുന്ന പതിവുമുണ്ട്. രാവിലെ നേരത്തേ തന്നെ പ്രവൃത്തി ആരംഭിച്ച്, ഉച്ച ഭക്ഷണസമയം വെട്ടിച്ചുരുക്കിയാണിത് നടപ്പാക്കാറ്. ഇക്കാരണത്താല്‍ തന്നെ, സായാഹ്നമാകുമ്പോഴേക്കും മറ്റു ജോലികളെല്ലാം പൂര്‍ത്തിയാക്കി രാജ്യം നോമ്പുതുറ ഒരുക്കങ്ങളിലേക്ക് കടക്കുന്നു. 

വിശുദ്ധഗ്രന്ഥം അവതീര്‍ണമായ മാസത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും വന്‍ പ്രാധാന്യമാണ് മൊറോക്കോ നിവാസികള്‍ നല്‍കാറ്. ടാക്സിഡ്രൈവര്‍മാരും പൊലീസ് ഉദ്യോഗസ്ഥരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ റംസാനിലുടനീളം ഖുര്‍ആന്‍ പ്രതികള്‍ കൈയില്‍ കരുതുന്നതും സൗകര്യപ്പെടുമ്പോഴെല്ലാം പാരായണത്തില്‍ മുഴുകുന്നതും നിത്യകാഴ്ചയാണ്. ടാക്സികളിലും ഇതര പൊതുഗതാഗത വാഹനങ്ങളിലുമെല്ലാം ഖുര്‍ആന്‍ പാരായണമാണ് റംസാനില്‍ മുഴങ്ങിക്കേള്‍ക്കുക.

നകാരമുഴക്കങ്ങളുടെ അകമ്പടിയോടെയാണ് മൊറോക്കോക്കാര്‍ വ്രതം തുടങ്ങുന്നതും നോമ്പുതുറക്കുന്നതും. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നകാരമുഴക്കം ഭവ്യതയോടെ തുടര്‍ന്നുവരുന്നതില്‍ ജനങ്ങളിന്നും ബദ്ധശ്രദ്ധരാണ്. സായാഹ്നങ്ങളില്‍ നോമ്പുതുറക്കാനും പുലര്‍ച്ചെ അത്താഴം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ പള്ളികളിലെല്ലാം യഥേഷ്ടം ലഭ്യമാക്കാറുണ്ട്. 

പള്ളികളിലും വീടുകളിലുമുള്ള നോമ്പുതുറ വിരുന്നുകള്‍ക്കു പുറമെ രാജ്യത്തെ റംസാനിന്റെ വലിയ ആകര്‍ഷണങ്ങളിലൊന്നാണ് പ്രത്യേകമായി സജ്ജീകരിച്ച റംസാന്‍ ടെന്റുകള്‍. വിവിധ നഗരങ്ങളുടെ ഹൃദയഭാഗത്തു തയ്യാര്‍ ചെയ്യുന്ന റംസാന്‍ ടെന്റുകളില്‍ നൂറുകണക്കിനാളുകള്‍ക്കാണ് ഇഫ്താര്‍ സൗകര്യമൊരുക്കാറ്. പാതയോരങ്ങളിലെ ടെന്റുകള്‍ യാത്രക്കാരുടെ നോമ്പുതുറ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നു. സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളുമെല്ലാം ഇഫ്താര്‍ ടെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്. 

അവസാന പത്തിലേക്ക് കടക്കുന്നതോടെ രാജ്യത്തെ റംസാന് കൂടുതല്‍ ചൈതന്യം കൈവരും. വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്ര് ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന 27-ാം രാവില്‍ പള്ളികളെല്ലാം നിറഞ്ഞുകവിയുന്നു. പ്രത്യേകം തയ്യാര്‍ ചെയ്ത പരമ്പരാഗത വേഷവിധാനങ്ങളാണ് 27-ാം രാവിന് ജനങ്ങളണിയുക. കൊച്ചുകുഞ്ഞുങ്ങളെക്കൊണ്ട് വ്രതാരംഭം നടത്തുന്നതിനു ഏറ്റവും ഉചിതമായ മുഹൂര്‍ത്തം റംസാന്‍ 26 ആണെന്ന വിശ്വാസവും മൊറോക്കോയില്‍ പ്രബലമാണ്.

ഇഫ്താര്‍ എന്നതിനു പകരം 'ഫതൂര്‍' എന്ന പേരിലാണ് മൊറോക്കോയിലെ നോമ്പുതുറ അറിയപ്പെടുന്നത്. സവിശേഷമായ ഒട്ടനവധി പരമ്പരാഗത വിഭവങ്ങളാല്‍ ഫതൂര്‍ വിരുന്നുകള്‍ സമൃദ്ധമാണ്. പ്രസിദ്ധമായ 'ഹരീറ' സൂപ്പും പൊതിനച്ചായയുമാണ് ഫതൂറിന്റെ നിര്‍ബന്ധ ഘടകം. ആട്ടിറച്ചിയോടൊപ്പം പയര്‍വര്‍ഗങ്ങളും മറ്റു രുചിക്കൂട്ടുകളും ചേര്‍ത്താണ് ഹരീറ തയ്യാര്‍ ചെയ്യുന്നത്. വിവിധതരം മധുര പലഹാരങ്ങളും നോമ്പുതുറ വിഭവങ്ങളില്‍ നിര്‍ബന്ധമാണ്. എള്ള്, മധുരനാരങ്ങ, കരിമ്പുനീര് എന്നിവ ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന 'ഷെബേക്യ' പലഹാരമാണ് രാജ്യത്ത് പ്രചാരമുള്ള റംസാന്‍ പലഹാരങ്ങളില്‍ മുഖ്യം. 'സെല്ലൗ', 'ബഗ്രീര്‍' കേക്ക് തുടങ്ങി വേറെയും വിഭവങ്ങള്‍ ഫതൂര്‍ വിരുന്നുകളെ അവിസ്മരണീയമാക്കുന്നു.

എള്ള്, മധുരനാരങ്ങ, കരിമ്പുനീര് എന്നിവ ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന 'ഷെബേക്യ' പലഹാരമാണ് രാജ്യത്ത് പ്രചാരമുള്ള റംസാന്‍ പലഹാരങ്ങളില്‍ മുഖ്യം.

ഖുര്‍ആന്‍  അവതീര്‍ണമായ മാസത്തില്‍ അത് പാരായണം നടത്തുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും വന്‍ പ്രാധാന്യമാണ് മൊറോക്കോക്കാര്‍  നല്‍കുന്നത്.