വ്രതശുദ്ധിയുടെ പുണ്യറംസാൻ വന്നണഞ്ഞു. വിശ്വാസികൾക്ക് ഇനിയുള്ള നാളുകൾ പാപമോചനത്തി​േന്റതും ആത്മസംസ്കരണത്തി​േന്റതുമാവും. 

ഇനിയുള്ള ദിവസങ്ങളിൽ പള്ളികളിലെയും ഇസ്‌ലാംമത വിശ്വാസികളുടെ വീടുകളിലെയും രാപകലുകൾ പ്രാർഥനാമുഖരമാവും. വിശപ്പിന്റെ വിലയറിയുക എന്നതിനുപുറമെ ആത്മസംയമനവും ആത്മവിശുദ്ധിയുമാണ് റംസാന്റെ സന്ദേശം.  
റംസാനിൽ മതിയായ ഉറക്കം ഉറപ്പാക്കണമെന്നും അത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെടുന്നു. റംസാനിലെ മാറുന്ന സമയക്രമം അനുസരിക്കുമ്പോൾ പലർക്കും ഉറക്കസമയം  തികയാതെ വരാറുണ്ട്. അത് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

ലോകത്ത് പട്ടിണിയിൽ ജീവിതം തളളിനീക്കുന്ന കോടിക്കണക്കിനു ജനങ്ങളുണ്ട്. വിശപ്പിന്റെ വേദന നിത്യവും അനുഭവിക്കുന്ന അത്തരക്കാരോട് താദാത്മ്യം പ്രാപിക്കുകയെന്നത് റമദാനിന്റെ വിശുദ്ധ ലക്ഷ്യങ്ങളിലൊന്നാണ്. ഒപ്പം, അമിത ഭക്ഷണം എന്ന അപകടത്തെയും ആർഭാട സംസ്കാരത്തെയും നിയന്ത്രിച്ചുനിർത്തുകയെന്ന ലക്ഷ്യവും വ്രതാനുഷ്ഠാനം വിഭാവനം ചെയ്യുന്നുണ്ട്.

പൊതുവെ മിതമായി ഭക്ഷണം കഴിക്കുകയെന്ന ജീവിതമാർഗമാണ് പ്രവാചകൻ മുന്നോട്ടുവെച്ചത്. നോമ്പെടുക്കുന്നവർ ആ മാർഗം പിൻപറ്റിയാൽ ആരോഗ്യസംരക്ഷണത്തിന് അതൊരു മുതൽക്കൂട്ടാകും. അതു ലംഘിച്ച് ആർഭാടരീതിയിലേക്ക് തിരിഞ്ഞാൽ നോമ്പിന്റെ അന്തസത്ത കളഞ്ഞുകുളിക്കുകയും ആരോഗ്യം നശിപ്പിക്കുകയുമാവും ഫലം.

നോമ്പുമുറിക്കുമ്പോൾ

നോമ്പുമുറിക്കുമ്പോൾ പരിധിയിലധികമായി ഭക്ഷണം കഴിക്കുന്നതിനാൽ റംസാനിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 
മഗ്‌രിബ് ബാങ്കുവിളിക്കുശേഷം വിശ്വാസികൾ വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുമ്പോൾ വയർ വീർക്കുന്നതിനാലാണ് വേദനയനുഭവപ്പെടുന്നത്. അത് ഒഴിവാക്കാനുള്ള നല്ലവഴി ഇഫ്താറിനും അത്താഴത്തിനും ഇടയിൽ ഭക്ഷണത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുകയാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
• അത്താഴം ഒരിക്കലും 
    ഒഴിവാക്കാതിരിക്കുക
• ഇഫ്താർ കഴിഞ്ഞ് 
    ഉറങ്ങുന്നതിനുമുമ്പ് 
    ധാരാളം വെള്ളം കുടിക്കുക
• ഉപ്പ് അമിതമായി ചേർത്ത 
   ഭക്ഷണം ഒഴിവാക്കുക
• ചായ, കാപ്പി തുടങ്ങിയവ 
   ഒഴിവാക്കുക
• അമിതമായി കൊഴുപ്പുള്ള 
    ഭക്ഷണം കഴിക്കാതിരിക്കുക
• പഞ്ചസാരയുടെ അളവ് 
    കുറയ്ക്കുക
• അത്താഴത്തിനൊപ്പം 
    ധാന്യങ്ങളും പഴച്ചാറും 
    കഴിക്കുക. പഴങ്ങൾ 
    കഴിക്കുന്നതും നല്ലത്
• ലളിതവും എളുപ്പം 
   ദഹിക്കുന്നതുമായ 
   ഭക്ഷണം കൊണ്ട് 
   നോമ്പുമുറിക്കുക.
• ഭക്ഷണവും ഭക്ഷ്യവസ്തുക്കളും 
   സുരക്ഷിതമായി സൂക്ഷിക്കുക.