കൊച്ചി : റംസാന്‍ മാസത്തില്‍ ഒരു വര്‍ഷം മുഴുവന്‍ നീളുന്ന സ്നേഹ സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയ്ക്ക്  ഒരു കോടി രൂപ കൈമാറി. ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ആശുപത്രിയ്ക്കുവേണ്ടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ നിഷാദില്‍ നിന്നും ഒരു കോടിയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.

 ആറു വര്‍ഷം മുമ്പ് പി രാജീവ് രാജ്യസഭാ മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന്  50000 രൂപ ചിലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാര്‍ത്ഥം വര്‍ഷാവര്‍ഷം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖ  സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യര്‍ഥനയെ മാനിച്ചാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒരുകോടി രൂപ സംഭാവന നല്‍കിയത്. ഇതാദ്യാമായാണ് ഒരു വ്യക്തി ഇത്രയും വലിയ തുക ഊട്ടുപുര പദ്ധതിയ്ക്ക് സംഭാവന നല്‍കിയത്. 

സ്വകാര്യ ആശുപത്രികളിലേതു പോലെ ഡയറ്റീഷ്യന്‍ നിര്‍ദ്ദേശിക്കുന്ന ആഹാരം രോഗികളുടെ കിടയ്ക്കക്കരുകില്‍ എത്തിച്ചു നല്‍കുന്ന ഊട്ടുപുര പദ്ധതി തുടങ്ങിയത് പി രാജീവിന്റെ എം.പി ഫണ്ടില്‍ നിന്ന് 15 ലക്ഷം, ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം, ആശുപത്രി വികസന സമിതിയുടെ വക 5 ലക്ഷം എന്നിങ്ങനെ 30 ലക്ഷം രൂപ സമാഹരിച്ചാണ്. തുടക്കം മുതല്‍ ഒരു ദിവസം പോലും മുടക്കം കൂടാതെ നടന്നു വരുന്ന ഊട്ടുപുര പദ്ധതിയ്ക്കുള്ള ധന സമാഹരണം വിവിധ വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയും, ഐ.എം.എ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്. 

സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലല്ല അത് ഫലപ്രദമായി നടത്തിക്കൊണ്ടുപോകുന്നതിലാണ് കാര്യമെന്ന് മുഖ്യ പ്രഭാക്ഷണം നടത്തിയ പി രാജീവ് പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി ഇന്ന് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്നും, സര്‍ക്കാര്‍ മേഖലയിലെ ആദ്യ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ തുടര്‍ച്ചയായി നിലനിറുത്തിവരുന്നതും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഊട്ടുപുര പദ്ധതിയുടെ സ്ഥാപകരെ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രശംസിച്ചു. റംസാന്‍ മാസത്തില്‍ ഒരു വര്‍ഷം മുഴുവന്‍ നീളുന്ന സ്നേഹ സാന്ത്വനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി  നല്‍കിയിരിക്കുന്നതെന്ന് ഗ്രൂപ്പ് ഡയറക്ടര്‍ എം.എ നിഷാദ് പറഞ്ഞു.