ആവശ്യമുള്ള സാധനങ്ങള്‍ :
1. പുഴുങ്ങലരി- ഒരു കപ്പ് 
2. ചിക്കന്‍- അരക്കിലോ 
3. തക്കാളി- രണ്ടെണ്ണം 
4. സവാള- രണ്ടെണ്ണം
5. ഇഞ്ചി- വലിയ കഷണം 
6. പച്ചമുളക്- നാലെണ്ണം 
7. വെളുത്തുള്ളി- ആറ് അല്ലി 
8. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ 
9. മുളകുപൊടി- ഒരു ടീസ്പൂണ്‍ 
10. ഗരം മസാല- ഒരു ടീസ്പൂണ്‍ 
11. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍ 
12. തേങ്ങ ചിരകിയത്- ഒന്നര കപ്പ് 
13. ചെറിയ ഉള്ളി- നാലെണ്ണം 
14. പെരുംജീരകം- അര ടീസ്പൂണ്‍ 
 
 
ഉണ്ടാക്കുന്ന വിധം :
 
പുഴുങ്ങലരി ചൂട് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക (കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും). ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക (ഉരുട്ടിയെടുക്കാന്‍ പാകത്തില്‍ വെള്ളം കുറച്ച് ഉപയോഗിക്കുക). അതില്‍നിന്നും കുറച്ചെടുത്ത് കനം കുറച്ച് അല്പം നീളത്തില്‍ കൈവെള്ളയില്‍വെച്ച് ഉരുട്ടി പിടി തയ്യാറാക്കാം.
 
 ഉരുട്ടിയെടുത്ത പിടിക്കല്‍ ആവിയില്‍ വേവിച്ചെടുക്കാം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി നീളത്തിലരിഞ്ഞ സവാള ചേര്‍ത്ത്  വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചുചേര്‍ക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വഴറ്റി, മഞ്ഞള്‍, മുളക്, ഗരം മസാല, കുരുമുളക് പൊടികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. 
 
ചെറുതാക്കി മുറിച്ച ചിക്കന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അല്പസമയം അടച്ചുവെച്ച് വേവിക്കുക. തേങ്ങയും ചെറിയുള്ളിയും പെരുംജീരകവും കാല്‍ ടീസ്പൂണ്‍  മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി അരച്ച്, വെന്ത ചിക്കനിലേക്ക് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക്, നേരത്തെ വേവിച്ചുവെച്ച പിടി ചേര്‍ത്ത് അടച്ചുവെച്ച് അഞ്ചുമിനിറ്റുകൂടി വേവിക്കാം. അവസാനമായി, കടുകും രണ്ടോ മൂന്നോ ചെറിയുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് കോഴിപ്പിടി ചൂടോടെ വിളമ്പാം.