മൂന്നുവർഷത്തോളമായി ഒറ്റമിനാരമുള്ള ആ പള്ളിയിലാണ് ഞാനും മകനും നോമ്പുതുറക്കാൻ പോകാറുള്ളത്. അനിയൻ റാഫി കണ്ടെത്തിയതാണ് ആ പള്ളി. വിവിധ പള്ളികൾ തേടി നോമ്പുതുറയ്ക്ക് പോകാറുള്ള അവന്റെയും സഹമുറിയന്മാരുടെയും വാഹനം സിഗ്നൽ മാറി വഴിതെറ്റിയ ഒരു യാത്രാവേളയിലാണ് അവർ അങ്ങനെയൊരു പള്ളി കണ്ടെത്തുന്നത്. ചുറ്റും അറബികൾ താമസിക്കുന്ന ചെറിയ വില്ലകൾ.

കോർണീഷിനോട് ചേർന്ന് ഖാലിദിയ്യാ സീ പോർട്ടിന് തൊട്ടടുത്തായി കിടക്കുന്ന ആ പള്ളിയിലെ നോമ്പുതുറയ്ക്ക് മറ്റൊരിടത്തും കിട്ടാത്ത സംതൃപ്തിയും ആത്മീയ ചൈതന്യവുമുണ്ട്. അലങ്കാരങ്ങളും ആർഭാടങ്ങളൊന്നും ഇല്ലാതെ ചെറിയ തരം ഈന്തപ്പനകളും ഇരിക്കാൻ പാകത്തിൽ ചുറ്റുമതിലുമുള്ള ആ പള്ളിയുടെ മതിൽകെട്ടിൽ മഗ്രിബ് ബാങ്കിന്റെ അലയൊലികൾ കേൾക്കാനായി കാത്തിരിക്കുമ്പോഴും കണ്ണുകൾ ആ മിനാരത്തിലെ തെളിഞ്ഞുകത്തുന്ന പച്ചവിളക്കിലായിരിക്കും.  മിനാരത്തിന്റെ ചന്ദ്രക്കലയോട് സമാന്തരമായി മുകളിലൂടെ പത്തുമിനിറ്റിൽ കടന്നുപോകുന്ന വിമാനത്തിന്റെ ആകാശക്കാഴ്ചകളിൽ  നാടിനെയും വീടിനെയും ഓർത്തെടുക്കും.

ചിലപ്പോൾ സന്ധ്യയുടെ ഇരുൾവഴിതെറ്റി പറന്നുപോകുന്ന ഒറ്റപക്ഷിയുടെ ചിറകടി കേൾക്കാം. മിനാരത്തിന്റെ കോണിൽ ദിനേന തടിച്ചുവരുന്ന ചന്ദ്രക്കല, അവസാന പത്തിലെത്തുമ്പോഴേക്കും പൂർണചന്ദ്രൻ അപ്രത്യക്ഷ്യമായി ചന്ദ്രക്കലയുടെ പിറവിക്കായ് കാത്തിരിക്കും. പതിന്നാലാം രാവിന്റെ നിലാവിലലിഞ്ഞിങ്ങനെ പ്രാർഥനാനിരതനായി നിൽക്കാനെന്തൊരു സുഖമാണെറിയുമോ... മതങ്ങളുടെ ബാഹ്യമായ സൗന്ദര്യത്തിലല്ല, ആന്തരികമായ സൗന്ദര്യത്തെ കാണാനും ദർശിക്കാനുമാകണം.

നൂറുപേർക്കിരിക്കാവുന്ന ഒരു ചെറിയ ടെന്റിനുള്ളിലാണ് നോമ്പുതുറ. എത്ര നേരം വൈകിയെത്തിയാലും നമുക്കായി എപ്പോഴും ഒരിടം ബാക്കിയുണ്ടാകും. അവിടെ  അധികവും മലയാളികളാണ്. ഇടയ്ക്കെപ്പോഴെങ്കിലും പാകിസ്ഥാനികളായ ടാക്സി ഡ്രൈവർമാരും ഉണ്ടാകും. ബംഗാളികൾ കുറവാണ്, തീരെ ഉണ്ടാകാറില്ലെന്ന്  തന്നെ പറയാം. അനിയൻ എവിടെ ചെന്നാലും അവിടെയുള്ള ആളുകളുമായി കൂട്ടാകും. അതൊരു വല്ലാത്ത കഴിവാണ്, ആളുകളുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനാവുന്നത്. നോമ്പുതുറവരെ അവനും ഭക്ഷണസാധനങ്ങൾ ഒരുക്കിവയ്ക്കുന്നതിന് സഹായിക്കും. അതിന്റെ ഒരു ഗുണം അധിക ഭക്ഷണം ഉണ്ടെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകാം എന്നതാണ്.

പള്ളിയോടുചേർന്ന അറബികളുടെ വില്ലകളിൽ ബിരിയാണിയോ അലീസയോ നല്ല പായ്ക്കറ്റുകളിലാക്കി കൊടുക്കാറുണ്ട്. നേരത്തേ എത്തുന്ന ഞങ്ങളും അറബി വില്ലകളുടെ വലിയ ഗേറ്റിന് മുമ്പിൽ നിലയുറപ്പിക്കും. അവിടുന്ന്‌ കിട്ടുന്ന പായ്ക്കറ്റുകളാണ് അത്താഴത്തിന് ഉപയോഗിക്കാറ്. ഒരു പായ്ക്കറ്റിൽ തന്നെ രണ്ടോ മൂന്നോ ആളുകൾക്ക് സുഭിക്ഷമായി ഉണ്ണാവുന്ന ഭക്ഷണം ഉണ്ടാകും. ചിലപ്പോൾ മക്രോണിയോ അലീസയോ പച്ചക്കറിയും ആടിന്റെ ഇറച്ചിയും വേവിച്ചതോ കിട്ടും. ഏക്കറ് കണക്കിന് പറമ്പും സ്ഥലവും നാട്ടിൽ സ്വന്തമായുള്ള കൂട്ടുകാരനാണ് അറബിയുടെ വീട്ടിനുമുന്നിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നത്. ചിലപ്പോഴൊക്കെ അദ്‌ഭുതം തോന്നാറുണ്ട്, ഇങ്ങനെ കിട്ടുന്ന ഭക്ഷണത്തിന് ഒരു റാഹത്തുണ്ട്.

സുഹൃത്തേ.. സുഹൃത്തുക്കളായ വെള്ളിയോടനും സിരാജ് നായരും സുകുമാരൻ വെങ്ങാടും അതിഥികളായി ചില ദിവസങ്ങളിൽ ഞങ്ങൾക്കൊപ്പം വരാറുണ്ട്. കൈരളി ബുക്‌സിന്റെ മാനേജർ അശോകന് ഇതൊക്കെ കാണണമെന്ന് പറഞ്ഞപ്പോൾ ഒരു ദിവസം കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയപ്പോഴാണ് അദ്ദേഹമൊരു വെജിറ്റേറിയനാണെന്ന്‌ പറഞ്ഞത്. റംസാനിന് വെജിറ്റേറിയൻ എവിടെനിന്ന് കിട്ടാനാണ്?  എങ്കിലും നിരത്തിവെച്ച പാത്രങ്ങൾക്ക് മുമ്പിൽ ഞങ്ങൾ ചമ്രം പടിഞ്ഞിരുന്നു. മാംസാഹാരമൊഴികെ മറ്റെല്ലാം മൂപ്പരും കഴിച്ചു. പ്രാർഥനയ്ക്കുശേഷം നാട്ടിലേതുപോലെ കിട്ടുന്ന നാടൻ ചായയ്ക്ക് നല്ല പ്രിയമാണ്. അറബികളുടെ വില്ലയോട് അടുത്തുതാമസിക്കുന്ന മലയാളി കുടുംബങ്ങളുടെ വകയാണ് ഈ സമാവർ ചായ. അതിനായി ആളുകൾ വരിനിൽക്കുന്നത് കാണാം. ചൂടുള്ള ചായ അരമതിലിലിരുന്ന്  മോന്തിക്കുടിച്ച് കുറച്ച് നാട്ടുവർത്തമാനവും സാഹിത്യവും പറഞ്ഞ് ഞങ്ങൾ യാത്ര തിരിക്കും. 

ഒരിക്കൽ പള്ളിയങ്കണത്തിലുള്ള ഈന്തപ്പനകളിൽനിന്ന്‌ പഴുത്തുതുടങ്ങിയ ഈന്തപ്പഴം അടർത്തിയെടുക്കുന്നത് ഒരു അറബി കണ്ടു. അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്ന്, വശ്യമായി പുഞ്ചിരിച്ച് സലാം പറഞ്ഞ് ഞങ്ങളുടെ കൈകവർന്നു, എന്നിട്ടു പറഞ്ഞു: ‘‘കുലയടക്കം വലിച്ചുപൊട്ടിക്കരുത്, മരത്തിന് നോവാതെ ഓരോന്നായി അടർത്തിയെടുക്കണം.’’ അതിനുശേഷം ഇന്നേവരെ ഈന്തപ്പനകളുടെ കുലയിൽ നിന്ന്‌ ഈന്തപ്പഴം അടർത്തിയെടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കും.

ഇത്തവണ കുടുംബം കൂടെയുള്ളതുകൊണ്ട്  അങ്ങോട്ടേക്ക് പോകാൻ കഴിഞ്ഞില്ല, അതിൽ ഏറെ ദുഃഖമുണ്ട്. എങ്കിലും ഒരു ദിവസം പോകണം. കഴിഞ്ഞുപോയ ബാച്ച്‌ലർ നോമ്പുതുറകൾ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ. നടന്നുതീർത്ത വഴികളും വഴിത്താരകളിലെ കാഴ്ചകളും വീണ്ടും അനുഭവിക്കുകയും ഓർത്തെടുക്കുകയും ചെയ്യുന്നത് നന്മയുള്ള മനസ്സിന്റെ ലക്ഷണങ്ങളാണ്. എനിക്കും നന്മയുള്ള മനുഷ്യ