തിരൂരങ്ങാടി: മമ്പുറം തങ്ങന്മാര്‍ എന്നറിയപ്പെടുന്ന സാദാത്തുമാരുടെ ഖബറിടമാണ് കടലുണ്ടിപ്പുഴയോട് ചേര്‍ന്നുള്ള മമ്പുറം മഖാം. റംസാനിലെ പുണ്യദിനങ്ങളില്‍ നൂറുക്കണക്കിന് വിശ്വാസികളാണ് മഖാമിലെത്തുന്നത്.

വ്യാഴാഴ്ചകളില്‍ സ്വലാത്ത് സദസ്സിലും നോമ്പുതുറയിലും പങ്കാളികളാകുന്നതിനും നിരവധിപേരെത്തുന്നു. ഇവര്‍ക്കായി പോഷകസമ്പുഷ്ടമായ ജീരക്കഞ്ഞിയാണ് മഖാമില്‍ വിതരണംചെയ്യുന്നത്. വര്‍ഷങ്ങളായി തുടരുന്നതാണിത്. റംസാന്‍ അവസാന നാളുകളിലേക്കെത്തുന്നതോടെ അയ്യായിരത്തോളം പേര്‍ക്കാണ് ജീരകക്കഞ്ഞി വിതരണംചെയ്യുക. കുടുംബസമേതം മഖാം സന്ദര്‍ശിക്കാന്‍ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ മമ്പുറത്തെത്തുന്നുണ്ട്. കേരളത്തിലെ ഏറ്റവും തിരക്കേറിയ മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് മമ്പുറം. 

യെമനിലെ തരീമില്‍ ജനിക്കുകയും 17-ാം വയസ്സില്‍ കോഴിക്കോട്ടെത്തി പിന്നീട് തിരൂരങ്ങാടിക്കടുത്ത് മമ്പുറത്ത് സ്ഥിരതാമസമാക്കുകയും ചെയ്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളടക്കമുള്ളവരുടെ(1753-1844) ഖബറിടമാണ് മമ്പുറത്തുള്ളത്. ഇസ്ലാമിക വിജ്ഞാനങ്ങളില്‍ ഏറെ അവഗാഹംനേടിയ പണ്ഡിതന്‍ കൂടിയായായ മമ്പുറം തങ്ങള്‍ സാമൂഹികപരിഷ്‌കര്‍ത്താവായും ഹിന്ദു-മുസ്ലിം സഹവര്‍ത്തിത്വത്തിന്റെ വക്താവായും അറിയപ്പെടുന്നു. റംസാന്‍ മാസത്തിലും വിശ്വാസികളാല്‍ നിറഞ്ഞുകവിയുകയാണ് മഖാം. ഇതര മതവിശ്വാസികളും സന്ദര്‍ശനത്തിനെത്തുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനത്തിരക്കേറുന്നതോടെ തൊപ്പികളും അത്തറും പുസ്തകങ്ങളും വില്‍ക്കുന്ന മമ്പുറത്തെ തെരുവുകളും സജീവമാകും. മഖാമിലെത്തുന്ന നോമ്പുകാരന്റെ ക്ഷീണംമാറ്റാന്‍ ഉത്തമമാണ് പോഷകസമ്പുഷ്ടമായ ജീരകക്കഞ്ഞി. പച്ചരി, പുഴുങ്ങല്ലരി, നെയ്യ്, ചെറിയ ഉള്ളി, ജീരകം, തേങ്ങ എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. മഗ്രിബ് നിസ്‌കരാന്തരം മമ്പുറം ഖത്തീബ് വി.പി. അബ്ദുള്ളക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനയും കഴിഞ്ഞാണ് വിശ്വാസികള്‍ മടങ്ങുന്നത്.

ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയാണ് മഖാം സംരക്ഷിക്കുന്നത്.