കേരളീയ മുസ്ലിംകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കാസര്‍കോട് മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി. ഇസ്ലാമത പ്രചാരണത്തിന് കേരളത്തില്‍ തുടക്കം കുറിച്ച മാലിക്ബ്‌നു ദിനാറിന്റെ പേരിലുള്ളതാണ് ഈ പള്ളി. മാലിക്ബ്‌നു ദിനാറിന്റെ സഹോദര പുത്രന്‍ മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച പള്ളികളിലൊന്നാണ് ഇത്.

പള്ളിയുടെ പടിവാതിലില്‍ അറബിയില്‍ കൊത്തിവെച്ചിട്ടുള്ളത്  കേരള മുസ്ലിം ചരിത്രത്തിലെ സുപ്രധാന പ്രമാണിക് രേഖകളിലൊന്നാണ്. ഹിജ്‌റ 22, റജബ് 13ന് തിങ്കളാഴ്ചയാണ് ഈ പള്ളിയുടെ നിര്‍മ്മാണമെന്നാണ് ഈ പ്രമാണ രേഖപറയുന്നത്.

 മുദര്‍റിസ് , കൊല്ലം, കാസര്‍കോട്, ശ്രീകണ്‌ഠേശ്വരം, വളപ്പട്ടണം, മാടായി പന്തലായനി,കൊല്ലം ചാലിയം എന്നാ ഒമ്പത് സ്ഥലങ്ങളില്‍ ഇതിനോടൊപ്പം പള്ളികള്‍ നിര്‍മിച്ചിരുന്നെന്ന്  ചരിത്രം പറയുന്നു. എന്നാല്‍ അവയൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കാസര്‍കോട്ടെ പള്ളി സശ്രദ്ധം പരിരക്ഷിക്കപ്പെട്ടു.

ഇപ്പോള്‍ അതിന്റെ പൈതൃകം നില നിര്‍ത്തി കൊണ്ട് തന്നെ പള്ളി വിപുലീകരണവും നടന്ന് കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നടങ്കം ദിനംപ്രതി എത്തുന്ന സന്ദര്‍ശക ബാഹുല്യം കണക്കിലെടുത്ത് അയ്യായിരത്തോളം പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.

പള്ളിയുടെ വാതിലുകളിലും തൂണകളിലുമെല്ലാം തച്ചുശാസ്ത്രജ്ഞരുടെയും കൊത്തുപണിക്കാരുടെയും കലാ വിരുതകള്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ പള്ളിയുടെ അകത്തളങ്ങള്‍ ആദ്യമായി ദര്‍ശിക്കുന്ന ഒരാള്‍ ഈ മരങ്ങള്‍ അതിസൂക്ഷമമായി മെനഞ്ഞുണ്ടാക്കിയ പുഷ്പങ്ങളുടെയും ഇലകളുടെയും ചിത്രങ്ങള്‍ കണ്ടാല്‍ അതിശയിക്കാതിരിക്കില്ല.

ksd

മാലിക് ദിനാറും കൂട്ടുകാരും വരുമ്പോള്‍ അറേബ്യയില്‍ നിന്ന് കൊണ്ടു വന്ന മാര്‍ബിള്‍ കല്ലുകള്‍ അവര്‍ നിര്‍മ്മിച്ച എല്ലാ പള്ളികളിലും സ്ഥാപിച്ചിട്ടുണ്ടെന്നും കാസര്‍കോടെ പള്ളിയിലും ഇത്തരം ഒരു കല്ലുണ്ടെന്നും വിശ്വസിക്കുന്നു. 

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ മാലിക് ദിനാര്‍ ഉറൂസും നടത്തി വരുന്നുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണ രണ്ടു വര്‍ഷം വൈകിയാണ് നടക്കുന്നത്. റാസാന്‍ മാസമായതോടെ  സന്ദര്‍ശകരുടെ തിരക്കാണ് പള്ളിയില്‍. എല്ലാ ദിവസവും എല്ലാവര്‍ക്കുമുള്ള ഇഫ്താറും ഇവിടെ തന്നെ ഒരുക്കുമെന്നും പള്ളികമ്മറ്റി സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.