ബ്ദുല്ലാഹിബ്‌നു മുഹമ്മദ് പറയുന്നു: ഒരിക്കൽ വിശ്രമിക്കാൻ ഞാൻ പോയത് കടൽത്തീരത്തേക്കായിരുന്നു. അവിടെയെത്തിയപ്പോൾ അൽപ്പം ദൂരത്തായി ഒരു ചെറ്റക്കുടിൽ കണ്ടു.  വീട്ടുകാരനുമായി സംസാരിച്ചിരിക്കാമെന്ന് കരുതി ആ കുടിൽ ലക്ഷ്യമാക്കി നീങ്ങി. അടുത്തെത്തിയപ്പോൾകണ്ടത് കൈയും കാലുമില്ലാത്ത, കാഴ്ചയും കേൾവിയുംകുറഞ്ഞ ഒരാൾ ഒറ്റയ്ക്കു കുടിലിലിരിക്കുന്നതാണ്.  

എന്തോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണയാൾ. അടുത്തുചെന്ന്‌ ഞാനദ്ദേഹത്തിന്റെ ശബ്ദംശ്രവിച്ചു. അയാൾ ഉച്ചത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്:  'നാഥാ, എനിക്കും മാതാപിതാക്കൾക്കും നീ കനിഞ്ഞേകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും നിന്റെ സംതൃപ്തിക്ക്‌ പാത്രീഭൂതമാകുന്ന സൽക്കർമങ്ങളനുഷ്ഠിക്കാനും എനിക്കവസരം നൽകണമേ. നിന്റെ സദ്‌വൃത്തരായ അടിമകളിലുൾപ്പെടുത്തി എന്നെ അനുഗ്രഹിേക്കണമേ'.

സുലൈമാൻ നബി പ്രാർത്ഥിച്ചതും വിശുദ്ധ ഖുർആൻ ഉദ്ധരിച്ചതുമായ പ്രാർത്ഥനാ വാക്യം  കേട്ടപ്പോൾ (27:19)  എനിക്കാശ്ചര്യമായി. ഞാൻ  അയാളെ സമീപിച്ചു ചോദിച്ചു. ശാരീരികമായും അല്ലാതെയും  പരീക്ഷണങ്ങൾ അനുഭവിക്കുന്ന താങ്കളുടെ നന്ദിപ്രാർത്ഥന എന്നെ അദ്‌ഭുതപ്പെടുത്തുന്നു. നാഥൻ നിങ്ങൾക്ക് പ്രത്യേകമായി വല്ല അനുഗ്രഹവും ചെയ്തിട്ടുണ്ടോ? അയാളുടെ മറുപടി ഇതായിരുന്നു: നിങ്ങളെന്താണ് പറയുന്നത്!  അല്ലാഹു ആകാശത്തുനിന്ന് തീ വർഷിച്ച് എന്നെ കരിച്ചുകളഞ്ഞാലും പർവതങ്ങളോട് എന്റെ ശരീരത്തെ തരിപ്പണമാക്കാൻ ആജ്ഞാപിച്ചാലും കടലിനോട് എന്നെ മുക്കിക്കൊല്ലാൻ പറഞ്ഞാലും ഞാൻ ഭൂമിയിലുള്ള കാലത്തോളം നാഥന്റെ അനുഗ്രഹങ്ങൾക്ക് നന്ദിപറയും. കാരണം, എനിക്ക് സംസാരിക്കാൻ നാവുതന്നിട്ടുണ്ടല്ലോ. ആ നാവു കൊണ്ട് അവന് നന്ദിപറയാൻ ഞാൻ ബാധ്യസ്ഥനല്ലേ. അയാൾ തുടർന്നു:  എങ്കിലും എനിക്കൊരു സങ്കടമുണ്ട്. നിങ്ങളൊരു സഹായം തേടിയാൽ ചെയ്തുതരാൻ ഞാൻ അശക്തനാണ്. 

അയാൾ തുടർന്നു: എനിക്കൊരു മകനുണ്ടായിരുന്നു. അവനാണ് എന്റെ സഹായി. പക്ഷേ മൂന്നുദിവസമായി അവനിവിടെ ഇല്ല. എങ്ങോട്ടാണ് പോയതെന്നറിയില്ല. അബ്ദുല്ല പറയുന്നു. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് സങ്കടംവന്നു. ഞാൻ പറഞ്ഞു:  ഞാൻ അന്വേഷിച്ചു വിവരമറിയിക്കാം.

അയാളുടെ  മകനെയും അന്വേഷിച്ചു അബ്ദുല്ല നടന്നു. അൽപ്പം സഞ്ചരിച്ചപ്പോൾ ഒരു മണൽ ക്കുന്നിനടുത്തെത്തി. അവിടെ കണ്ടത് ഒരു കുട്ടിയുടെ ചേതനയറ്റ ശരീരം. വന്യമൃഗങ്ങൾ കൊന്നിട്ടതാണ്. അബ്ദുല്ലയ്ക്ക് സഹിക്കാനായില്ല. ഇനി ഞാനെന്തുപറയും അയാളോട്.  അബ്ദുല്ല അസ്വസ്ഥനായെങ്കിലും ധൈര്യം സംഭരിച്ച് വിവരംപറയാൻ അയാളുടെ അടുത്തേക്കുപോയി. 

ഞാനയാളോടുചോദിച്ചു: ദൈവികപരീക്ഷണങ്ങൾ ഏറെ ഏൽക്കേണ്ടിവന്ന അയ്യൂബ് നബിയാണോ അതോ നിങ്ങളാണോ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും അനുഗൃഹീതൻ? അയാൾ പറഞ്ഞു: എന്തു സംശയം? അയ്യൂബ്നബി തന്നെ. കാരണം നിരവധി രോഗ പരീക്ഷണങ്ങൾ അദ്ദേഹത്തിനു സഹിക്കേണ്ടി വന്നിട്ടുണ്ടല്ലോ. ഞാൻ ചോദിച്ചു: അപ്പോഴെല്ലാം എന്ത് നിലപാടാണ് അയ്യൂബ് നബി സ്വീകരിച്ചത്? അയാൾ പറഞ്ഞു: എല്ലാം സഹിച്ച് ദൈവവിധി അംഗീകരിക്കുകയും അവന് സ്തുതി കീർത്തനങ്ങളർപ്പിക്കുകയുംചെയ്തു. 
അബ്ദുല്ല തുടർന്നു: നിങ്ങളുടെ അപ്രത്യക്ഷനായ പുത്രനെ ഞാൻ കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ, അവൻ ജീവനോടെയില്ല. വന്യമൃഗങ്ങൾ അവനെ ഭക്ഷിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞുതീർന്നപ്പോൾ അയാൾ പ്രതികരിച്ചു: അല്ലാഹുവിന്നാണ് സർവസ്തുതിയും. തിന്മ പ്രവർത്തിച്ച് അതുകാരണം നരകംപുൽകേണ്ടി വന്ന ഒരു മകനെ എനിക്ക് അവൻ തന്നില്ലല്ലോ... ഇത്രയുമായപ്പോഴേക്കും അദ്ദേഹത്തിൽ ചില ഭാവമാറ്റങ്ങൾ കണ്ടുതുടങ്ങി. മരണം ആസന്നമാകുന്ന ലക്ഷണങ്ങൾ. അൽപസമയത്തിനകം  അന്ത്യശ്വാസം വലിക്കുകയും ചെയ്തു. 

അന്നുരാത്രി അബ്ദുല്ല അയാളെ സ്വപ്നംകണ്ടു. സ്വർഗത്തിൽ ഉന്നത സ്ഥാനത്തെത്തിയിട്ടുണ്ട്.  കൊടിയ പരീക്ഷണങ്ങളുണ്ടായിട്ടും ക്ഷമ കൈക്കൊണ്ടു എന്നതാണ് അയാളുടെ സ്വർഗ പ്രവേശനത്തിന്റെ കാരണം.
തങ്ങളുടെ നാഥന്റെ സംതൃപ്തി കാംക്ഷിച്ചുകൊണ്ട് സഹനം കൈക്കൊള്ളുകയും നമസ്കാരം നിലനിറുത്തുകയും നാം നൽകിയ ധനത്തിൽനിന്ന്‌ രഹസ്യവും പരസ്യവുമായി വ്യയം ചെയ്കയും തിന്മയെ  നന്മകൊണ്ട് ഉപരോധിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികൾ. പരലോകത്ത് ശോഭന പര്യവസാനം ശാശ്വതവാസത്തിനുള്ള സ്വർഗങ്ങൾ ആണ് അവർക്കുള്ളത് (വി.ഖു 13:22)