ചിന്തകൾഭംഗിയും സൗന്ദര്യവുമുള്ള ലോകത്തിന്‌ അഞ്ച്‌ ഘടകങ്ങളുണ്ട്. ഒന്ന്: ജ്ഞാനിയുടെ ജ്ഞാനം. രണ്ട്: നാട്ടുമുഖ്യന്റെ നീതി. മൂന്ന്: കച്ചവടക്കാരന്റെ വിശ്വസ്തത. നാല്: തൊഴിലാളിയുടെ ഗുണകാംക്ഷ. അഞ്ച്: ഭക്തരുടെ ഭക്തി.

നല്ലൊരു ജ്ഞാനി നമുക്ക് ഗ്രന്ഥം എടുത്തുവെച്ച് ഒന്നും പറഞ്ഞുതരേണ്ടതില്ല. ആ ജീവിതം തന്നെയാണ് സത്യപുസ്തകം. അതുകാണുമ്പോൾ ഹൃദയമുള്ളവരുടെ കണ്ണും കരളും നിറയും. രോമം എഴുന്നുനിൽക്കും. ഒന്നുകൂടി വിനയാന്വിതനാകും. ജീവിതം പുനഃക്രമീകരിക്കാൻ തീരുമാനിക്കും. അതെ, പുതിയൊരു പൂമ്പാറ്റ പൊടിയും, പൂവിടരും, പരിമളം പരക്കും.

നീതിമാനായ നാട്ടുമുഖ്യനും ഇങ്ങനെയാണ്. അയാൾക്ക് ലോകത്തെ മാറ്റുകൂട്ടാനാകും. പ്രജകളുടെ ക്ഷേമമറിയാനായി ആധിയോടെ നാടലഞ്ഞ അധികാരിയായിരുന്നു ഖലീഫ ഉമർ. ഒരു സുന്ദരലോകം പടുക്കാനുള്ള കടപ്പാടറിഞ്ഞ അധികാരി. അനീതിയും അക്രമവും ദാരിദ്ര്യവും അഴിമതിയും എവിടെയെങ്കിലും ഏതെങ്കിലും മനുഷ്യജീവിതത്തെ ഹനിക്കുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഭരണാധിപൻ.

ആ അലച്ചിലിലാണ് ഖലീഫ തന്റെ മകന് ഒരു ഇണയെ കണ്ടെത്തിയത്. ഒരു പാൽക്കാരിപ്പെണ്ണ്. ഉമ്മ പാലിൽ വെള്ളംചേർക്കാൻ പറഞ്ഞിട്ടും ആ പൂമൊട്ട്  കൂട്ടാക്കിയില്ല. നീ കുറച്ച്‌ വെള്ളമെടുത്തൊഴിക്കൂ, ഖലീഫ കാണില്ലല്ലോ? ഉമ്മ ഇതു പറഞ്ഞപ്പോൾ ഇവിടെ ദൈവമില്ലേ എന്നു ചോദിച്ചു അവൾ.

നല്ല കച്ചവടക്കാരൻ ഈ ലോകത്തിന്റെ ഐശ്വര്യമാണ്. ഉത്‌പന്നത്തിന്റെ പോരായ്മകൾ കാണിച്ച്‌ സാധനങ്ങൾ വിറ്റ  ഭക്തവണിക്കുകളുടെ കാലമുണ്ടായിരുന്നു. ഇന്ന് താരങ്ങളെവെച്ച്, സമൂഹത്തിൽ സ്വാധീനമുള്ളവരെവെച്ച് ഏതുത്പന്നത്തിനും ‘തങ്കത്തിളക്കം’ നൽകുകയാണ്. ഇത്തരം കച്ചവടക്കാരിൽനിന്നു സേവനം വാങ്ങുന്നവരുടെ മുഖം കറുക്കുകയാണ്. പിന്നെങ്ങനെ ലോകത്തിനു ഭംഗി കൈവരും?
തൊഴിലാളിക്ക് ഗുണകാംക്ഷ അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ കുറ്റമറ്റ ലോകം നിർമിക്കപ്പെടുകയില്ല. അവകാശബോധവും കടമയെക്കുറിച്ചുള്ള ജാഗ്രതയും തൊഴിലാളിക്കു വേണം. മുഷിഞ്ഞ മനസ്സുമായി, ആരോടും ഒരുതരത്തിലുമുള്ള ഗുണകാംക്ഷയില്ലാത്ത തൊഴിലാളി ഈ ലോകോദ്യാനത്തിന്റെ ഭംഗി ചോർത്തും.

ഭക്തന്റെ ഭക്തിയാണ് മറ്റൊരു മൊഞ്ച്. കൊടും പട്ടിണിയിൽ പുഴയിലൂടെ ഒഴുകിവന്ന ആപ്പിളെടുത്ത്‌ കഴിച്ചുപോയി ഒരു ഭക്തൻ. വിശപ്പ് തെല്ലൊന്നു ശമിച്ചപ്പോഴാണ് ആലോചിച്ചത്; ആരുടേതായിരിക്കും ഈ ആപ്പിൾ? ആധിയോടെ അയാൾ പുഴക്കരയിലൂടെ നടന്നു. പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന ആപ്പിൾ മരം കണ്ടെത്തുകയാണ് ലക്ഷ്യം.

ദൂരങ്ങൾ നടന്നപ്പോൾ ആപ്പിൾത്തോട്ടം കണ്ടു. തോട്ടമുടമയെയും കണ്ടെത്തി. പേടിയോടെ കാര്യം പറഞ്ഞു. ഭാഗ്യത്തിന് തോട്ടക്കാരനും ഭക്തനായിരുന്നു. അയാൾക്ക് ഈ സാധുവിനെ നന്നായി ഇഷ്ടപ്പെട്ടു. അയാൾ  മകൾക്ക്‌ ഒരു ഇണയെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. തനിക്കു ഭക്തിയുള്ള ഇണയെ മതി എന്നുപറഞ്ഞു കാത്തിരിക്കുന്ന ഒരു മകൾ. തോട്ടമുടമ ആ സാധുവിനോട്‌ പറഞ്ഞു; ആപ്പിളെടുത്തത് താൻ പൊറുക്കാം... പക്ഷേ, ഒരു ഉപാധിയുണ്ട്; എനിക്ക് വികലാംഗയായ ഒരു മകളുണ്ട്, അവളെ നിക്കാഹ് ചെയ്യണം! 

സാധു ഒന്നു പരുങ്ങി. എന്നാലും സമ്മതിച്ചു. തോട്ടമുടമ പൊറുത്തില്ലെങ്കിൽ ദൈവവുമായുള്ള സ്നേഹം മുറിയും. അങ്ങനെ വരരുതല്ലോ. കല്യാണം നടന്നു. അറകേറാൻ ചെന്നപ്പോൾ സാധു പകച്ചുപോയി. ഇത് തനിക്കു പറഞ്ഞുവെച്ച പെണ്ണല്ലല്ലോ! ഇവൾക്കൊരു വൈകല്യവുമില്ല. അയാൾ മണിയറയിൽ കേറാതെ  തോട്ടമുടമയെ ചെന്നുകണ്ടു. പെണ്ണ് മാറിയിട്ടുണ്ട്, ഇത് അങ്ങുപറഞ്ഞ പെണ്ണല്ല. ഇവൾക്കൊരു വൈകല്യവുമില്ല.

തോട്ടമുടമ ഉള്ള സത്യം പറഞ്ഞു; ശരിയാണ്, അവൾക്കൊരു വൈകല്യവുമില്ല. തിന്മയിലേക്ക് നടക്കുന്ന കാൽ അവൾക്കില്ല. തിന്മചെയ്യുന്ന െെകയില്ല. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്ന കണ്ണില്ല. ഇതൊക്കെയാണല്ലോ ഇക്കാലത്തെ ഒരു വൈകല്യം. അതാണ് ഞാനുദ്ദേശിച്ചത്. അല്ലാതെ സത്യത്തിൽ അവൾ വികലാംഗയൊന്നുമല്ല, നന്മയുടെ കാഞ്ചനമാലയാണവൾ.
കണ്ടോ, രണ്ടു ഭക്തന്മാരുടെയും ഒരു ഭക്തയുടെയും സുന്ദരജീവിതം. അവർ എത്രപേരെയാണ് സുന്ദരന്മാരും സുന്ദരികളുമാക്കുന്നത്. ദൈവത്തോടുള്ള മനസ്സടുപ്പമാണ് എപ്പോഴും സുന്ദരം.