നമ്മുടെ ന്യൂനതകളറിഞ്ഞ് തിരുത്താന്‍ നമുക്ക് ആശ്രയിക്കാവുന്ന നാലുകൂട്ടം ആളുകളുണ്ട്. ഒന്ന് നമ്മുടെ സുഹൃത്തുക്കള്‍തന്നെ. അവര്‍ക്ക് നമ്മുടെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. ഒട്ടേറെ കൂട്ടുകാരുള്ള പലരും അത് സ്വന്തം മേന്മയാണെന്നുവിചാരിച്ചേക്കും. 

അതൊരു പക്ഷേ ആ കൂട്ടരുടെ മേന്മയായിരിക്കും. നമ്മുടെ ദുഃസ്വഭാവങ്ങള്‍ അറിയുന്നതിനാല്‍ അവര്‍ അനുനയത്തില്‍ പെരുമാറി വിള്ളല്‍ ഒഴിവാക്കുന്നതായിരിക്കും. അതല്ലെങ്കില്‍ നമ്മുടെ 'സ്വഭാവം' മാറുന്നത് എപ്പോഴാണെന്നറിയുന്നതിനാല്‍ അവര്‍ അത്തരം സാഹചര്യങ്ങള്‍ക്ക്  ഇടയാക്കാതെ ശ്രദ്ധിക്കുന്നുണ്ടാവാം. കൂട്ടുകാരന്‍ ധര്‍മദീക്ഷയും തന്മയത്വത്തോടെ ഇടപെടാന്‍ അറിയുന്ന ആളുംകൂടിയാണെങ്കില്‍ എല്ലാം കണ്ണാടിയെപ്പോലെ നമുക്ക് കാണിച്ചുതരും. 

ഓരോ പിഴവുകളും അയാള്‍ നമ്മെ ഓര്‍മപ്പെടുത്തും. തിരുത്താന്‍ പ്രോത്സാഹിപ്പിക്കും. അയാള്‍ പറയുമ്പോള്‍ നമുക്കത് തിരുത്താന്‍ ഒരു പ്രയാസവും തോന്നുകയുമില്ല. ഇത്തരം കാര്യങ്ങള്‍ മറ്റാരുമറിയാതെ സൂക്ഷിക്കുകയുംചെയ്യും. ചങ്ങാതിനന്നായാല്‍ കണ്ണാടി വേണ്ടെന്നുപറഞ്ഞത് ഇത്തരക്കാരെക്കുറിച്ചാണ്.

രണ്ടാമത്തെയാള്‍ ഗുരുവാണ്. അദ്ദേഹത്തിന് നമ്മെ നിരീക്ഷിച്ച് എല്ലാം കണ്ടെത്താനാവും. തിരുത്തിത്തരും. താഴ്മയോടെ ആ ചൊല്‍പ്പടിയില്‍ നിന്നാല്‍മതി. പ്രാപ്തനായ ഗുരു ഒരാളുടെ ഐശ്വര്യമാണ്. ഗുരുവിന്റെ വാക്കുകളില്‍നിന്നും ജീവിതത്തില്‍നിന്നും നമുക്ക് നമ്മുടെ പിഴവുകള്‍ അറിയാനാവും. തിരുത്തി ഉത്സാഹമുണ്ടാക്കും വിധം പെരുമാറാന്‍ ഒരു നല്ല ഗുരുവിന് കഴിയും.

ന്യൂനതകള്‍ തിരുത്താന്‍ നമുക്ക് ആശ്രയിക്കാവുന്ന മൂന്നാമത്തെവിഭാഗം നമ്മുടെ വിരോധികളാണ്. അവരുടെ നാക്കിലൂടെ നമ്മുടെ പാകപ്പിഴവുകള്‍ ഓരോന്നോരോന്നായി പുറത്തേക്കുചാടും. കേള്‍ക്കുമ്പോള്‍ ക്രൂദ്ധനാവേണ്ട. തിരുത്തുക, തെറ്റില്ലാത്ത ജീവിതം കെട്ടിപ്പടുക്കുക. ഇത്തരത്തിലുള്ള വിരോധികള്‍ ദൈവാധീനംകൊണ്ട് നമുക്ക് ഗുണമായി ഭവിക്കുന്നു.

നാലാമത്തെവിഭാഗം പൊതുജനങ്ങളാണ്. അവരുമായി ഇടപഴകുമ്പോള്‍ നമുക്ക് അവരില്‍നിന്ന് പലതും അനുഭവിക്കേണ്ടിവരും. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. ദുരനുഭവങ്ങളുണ്ടാവുമ്പോള്‍ അവരെ പഴിക്കുകയും ശപിക്കുകയും ചെയ്യുന്നതിനുപകരം ആ സ്വഭാവം തന്റെയടുത്തുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുകയായിരിക്കും നല്ലവര്‍ ചെയ്യുക.

ഈസ നബിയോടൊരാള്‍ ചോദിച്ചത്രേ; അങ്ങ് എങ്ങനെയാണ് ഇങ്ങനെ പൂവുപോലെ പെരുമാറാന്‍ പഠിച്ചത്? നബിയുടെ മറുപടി വ്യക്തം; ഞാന്‍ ആളുകളില്‍ പല പിഴവുകളുംകാണുന്നു. അപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കും; ഈ പിഴവുകള്‍ എന്റെ അടുത്തുണ്ടോ? ഈ നിരീക്ഷണമാണ് എന്നെ നന്നായി പെരുമാറാന്‍ പരിശീലിപ്പിച്ചത്.

മധുരം കൂടുതല്‍കഴിക്കുന്ന ഒരു കുട്ടിയെ ഉപ്പ നബിയുടെ അടുത്ത് കൊണ്ടുവരുന്നു. കുട്ടിയുടെശീലം മാറിക്കിട്ടണം. നബി  കുറച്ചുദിവസംകൂടി കഴിഞ്ഞുവരാന്‍ പറഞ്ഞിട്ട് അവരെ തിരിച്ചയച്ചു. തനിക്കും ഈ ശീലമില്ലേ  എന്നാണ് നബി സ്വന്തത്തോട് ചോദിച്ചത്. അതിനിടയില്‍ നബിയും മധുരം നിയന്ത്രിച്ചു. വീണ്ടും ഉപ്പ മറ്റൊരുദിവസം കുട്ടിയെ കൂട്ടി വന്നപ്പോഴാണ് നബി ആ കുട്ടിയോട് മധുരംകുറയ്ക്കാന്‍ ഉപദേശിച്ചത്. 
'ഉന്നതമായ സ്വഭാവഗുണങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്'(നബി വചനം).