സുലൈമാൻ നബി സമുദ്രത്തിനുമുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലിലെ ശക്തമായ കാറ്റുകാരണം കടൽ പ്രക്ഷുബ്ധമായി. നബി കാറ്റിനോട് ശാന്തമാവാൻ ആവശ്യപ്പെട്ടു. കാറ്റിന്റെശക്തി കുറഞ്ഞപ്പോൾ കടൽ ശാന്തമായി. ഉടനെ സുലൈമാൻ നബി തന്റെ കൂടെയുണ്ടായിരുന്ന ഇഫ്രീത് എന്ന ജിന്നിനോട് ആഴക്കടലിൽ മുങ്ങാൻ ആവശ്യപ്പെട്ടു. കടലിൽ മുങ്ങിയ ഇഫ്രീത്ത് വർണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബ കണ്ടു. ജിന്ന് അതെടുത്ത് സുലൈമാൻ നബിക്ക് നൽകി.

ഖുബ്ബക്കകത്ത് എന്താണെന്നറിയാൻ സുലൈമാൻ നബിക്ക് അതിയായ ആഗ്രഹം. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപ്പെട്ടു. അകത്ത് സുന്ദരനായ ഒരു യുവാവ്. സുലൈമാൻ നബി അയാളോട് ചോദിച്ചു: നീയാരാണ്? മാലാഖയാണോ?  അയാൾ പറഞ്ഞു: ഞാൻ മനുഷ്യവിഭാഗത്തിൽപ്പെട്ടവനാണ്. സുലൈമാൻ നബി ചോദിച്ചു: നിനക്കെങ്ങനെ ഈ ഉത്കൃഷ്ട സ്ഥാനം ലഭിച്ചു? അയാൾ പറഞ്ഞു: വൃദ്ധയായ എന്റെ മാതാവിനെ ഞാൻ ചുമലിലേറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു: ‘അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നൽകണമേ. എന്റെ മരണശേഷം ആകാശത്തും ഭൂമിയിലുമല്ലാത്ത ഒരുസ്ഥലത്ത് നീ അവനെ എത്തിക്കണേ’.

എന്റെ മാതാവ് മരണപ്പെട്ടു. മറവുചെയ്തു മറ്റു കർമങ്ങളെല്ലാം കഴിഞ്ഞു. പിന്നീട് ഒരുദിവസം ഞാൻ കടൽത്തീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. വഴിമധ്യേ ഞാനൊരു മാണിക്യ ഖുബ്ബ കണ്ടു. അതിനടുത്തെത്തിയപ്പോൾ ഖുബ്ബയുടെ വാതിൽ തുറക്കപ്പെട്ടു. ഖുബ്ബക്കകത്ത് കയറിയതോടെ വാതിൽ സ്വയം അടഞ്ഞു. പിന്നീടത്  ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന് കഴിഞ്ഞില്ല.

സുലൈമാൻ നബി അയാളോട് ചോദിച്ചു: നിനക്കു ഭക്ഷണം എവിെടന്ന് ലഭിക്കും? അദ്ദേഹം പറഞ്ഞു: ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട.് അതിൽനിന്നു പഴം പറിച്ചു ഞാൻ ഭക്ഷിക്കും. ദാഹിച്ചാൽ പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതും മഞ്ഞിനേക്കാൾ തണുത്തതുമായ വെള്ളം ഖുബ്ബക്കകത്തെ ഉറവയിലൂടെ ഒലിച്ചിറങ്ങും. ഞാനതിൽനിന്നു കുടിച്ച് ദാഹമകറ്റും. സുലൈമാൻനബി ചോദിച്ചു: രാത്രിയും പകലും നീയെങ്ങനെ തിരിച്ചറിയും? അദ്ദേഹം പറഞ്ഞു: പ്രഭാതമായാൽ ഖുബ്ബ പ്രകാശിക്കും. പ്രദോഷമായാൽ ഖുബ്ബയിൽ ഇരുട്ടു നിറയും.

സംഭാഷണത്തിനുശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലിൽതന്നെ തിരിച്ചെത്തുകയുംചെയ്തു. പ്രവാചകാനുയായി അബ്ദുല്ലാഹിബ്നു ഉമർ ഒരിക്കൽ കഅബയുടെയടുത്ത് ഒരു തീർത്ഥാടകനെ കണ്ടു. യമനിൽനിന്നു വന്നതാണയാൾ. കൂടെ വയോവൃദ്ധയായ മാതാവുമുണ്ട്. നടക്കാൻ കഴിയാത്ത അവരെ ചുമലിൽ വഹിച്ചിരിക്കുകയാണയാൾ. ഉമ്മയെ ചുമലിലേറ്റിക്കൊണ്ടുതന്നെ അയാൾ കഅബ പ്രദക്ഷിണമാരംഭിച്ചു. ‘മാതാവിനു കീഴ്പെടുത്തപ്പെട്ട ഒട്ടകമാണു ഞാൻ, ഒരു പ്രയാസവും എനിക്കിതിലില്ല...’ എന്നിങ്ങനെ കാവ്യാലാപനം നടത്തുന്നുമുണ്ട് അയാൾ.

രംഗം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്ന അബ്ദുല്ലാഹിബ്നു ഉമറിനോട് അയാൾ ചോദിച്ചു: ശ്രമകരമായ ഈ പ്രക്രിയയിലൂടെ സ്വന്തം മാതാവിനോടുള്ള കാടപ്പാട് നിർവഹിച്ചവനാകുമോ ഞാൻ? ഇബ്നു ഉമർ, താങ്കൾ എന്തു പറയുന്നു?: ഇല്ല, നിന്നെ പ്രസവിച്ച വേളയിൽ  വേദനകൊണ്ടു പുളഞ്ഞപ്പോൾ അവരിൽനിന്നുണ്ടായ നിശ്വാസങ്ങളിൽ ഒരെണ്ണത്തിനുപോലും പ്രത്യുപകാരമാകുന്നില്ല ഇത്! ഇബ്നു ഉമർ പറഞ്ഞു.

ഒരിക്കൽ ഒരാൾ നബിയോട് ചോദിച്ചു: നബിയേ, ഞാൻ ഏറ്റവുംകൂടുതൽ ഉദാത്തമായി സഹവസിക്കാൻ കടപ്പെട്ടത് ആരാണ്? നബി പ്രതികരിച്ചു: നിന്റെ ഉമ്മയോടാണ്. അയാൾ ചോദ്യം മൂന്നുപ്രാവശ്യം ആവർത്തിച്ചപ്പോഴും നബിയുടെ മറുപടി നിന്റെ ഉമ്മയോടാണെന്ന് തന്നെയായിരുന്നു. നാലാമത്തെ ചോദ്യത്തിനാണ് നിന്റെ പിതാവിനോടാണെന്ന് ഉത്തരം നൽകിയത്. മാതൃത്വത്തിന്റെ മഹത്വമാണ് നബി  പഠിപ്പിക്കുന്നത്.