രാത്രി 12 മണിയുടെ തിര കോഴിക്കോട് കടപ്പുറത്തെ തൊട്ട് തിരികെ മടങ്ങുമ്പോഴും ഐസ് ചുരണ്ടിയെടുത്ത ചീളുകൾ കടലാസുകപ്പുകളിലേക്ക് വീണുകൊണ്ടിരുന്നു. ബീറ്റ്റൂട്ട് ചാറും റോസ് മിൽക്കും കൊണ്ട് മധുരത്തിൽ പൊതിഞ്ഞ കോഴിക്കോട്ടുകാരുടെ ഐസ് ഉരതി ഓരോ ചുണ്ടുകളിലേക്കും കടൽത്തീരത്തിന്റെ രാത്രിവെളിച്ചത്തിൽ രുചിയുടെ മുഹബ്ബത്ത് പകർന്നുകൊണ്ടിരുന്നു.
തിരയോട് തൊട്ടുകിടക്കുന്ന തീരത്തും ബീച്ച് റോഡിലുമെല്ലാം ഐസ് ഉരതിയെടുക്കുന്ന പലകയ്ക്ക് ചുറ്റും ആൾക്കൂട്ടമായിരുന്നു. പിച്ചവെച്ചു നടക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർവരെ പലനിറങ്ങളിലും ഫ്ളേവറുകളിലുള്ള മധുരത്തെ കൊതിയോടെ നോക്കിനിൽക്കുന്നു. മാങ്ങയും പൈാനാപ്പിളും കീറിയെടുത്ത് മുളകു പുരട്ടിയതും ഉപ്പിലിട്ടതുമെല്ലാം വേറെയുമുണ്ട്.
തൊട്ടപ്പുറത്ത് രാത്രിയിലെ നമസ്കാരം കഴിഞ്ഞെത്തി പൂഴിമണലിൽ പന്തുകളിക്കുന്നവർ, പാതിരാത്രിയിലും സെൽഫി കോർണറുകൾ തേടിപ്പോവുന്ന കോളേജ് വിദ്യാർഥികൾ. അങ്ങനെ വൈവിധ്യമായ കാഴ്ചകളുടെ നഗരമാവുകയാണ് റംസാൻ രാവുകളിൽ കോഴിക്കോട് ബീച്ച് മുതൽ മുഖദാർ വരെ.
പകലിന്റെ ആകാശം മഗ്രിബിന്റെ ചുവപ്പണിയുമ്പോൾത്തന്നെ കുറ്റിച്ചിറയിലെയും ഇടിയങ്ങരയിലെയും തെരുവുകൾ നിശ്ശബ്ദമായിതുടങ്ങിയിട്ടുണ്ടായിരുന്നു. വഴികളിലെല്ലാം വിശ്വാസത്തിന്റെ വെളിച്ചം കത്തിനിന്നു. പിന്നീട് രാത്രിനമസ്കാരത്തിനുള്ള വിളികളുയർന്നപ്പോൾ യാത്ര പള്ളികളിലേക്കായി. മിശ്ക്കാൽ പള്ളിയുടെയും ആയിരം വർഷത്തിനപ്പുറം ചരിത്രംപേറുന്ന ജുമുഅത്ത് പള്ളിയുടെയും അകത്തളങ്ങൾ നിറഞ്ഞു. ഏകദൈവത്തിനു മുന്നിൽ ശിരസ്സുനമിച്ച് അവർ റംസാനിലെ 25-ാം രാവിന്റെ പുണ്യങ്ങളിലേക്ക് അലിഞ്ഞു ചേർന്നു. പ്രാർഥനാ ഗീതങ്ങൾ ഒഴുകിവന്നു.
തറാവീഹ് (രാത്രിനമസ്കാരം) കഴിഞ്ഞതോടെ പിന്നെ മുഖദാറിലെ ഭക്ഷണത്തെരുവുകൾ കൊതി വിരിയിച്ച് കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിച്ച കോഴിയുടെ മണം രുചിമുകുളങ്ങളെ ആദാമിന്റെ അദ്ഭുതങ്ങളിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരുന്നപ്പോൾ കണ്ടിട്ടും തിന്നിട്ടും മടുക്കാത്ത മുഖദാറിലെ ഫുഡ്കോർട്ടുകളിലേക്ക് ആളുകൾ ഒഴുകിക്കൊണ്ടിരുന്നു.
മുഖദാറിലേക്ക് വന്നോളി, തിന്നോളി
പിടയ്ക്കുന്ന ഞെണ്ട് മുളകുപുരട്ടി വേവിച്ചെടുത്തത്, ഊഴംകാത്ത് തൂങ്ങിക്കിടന്നാടുന്ന സ്പ്രിങ് കോഴി, കമ്പിക്കൂട്ടിൽ ചുട്ടെടുക്കുന്ന ആവോലി, അങ്ങനെ തിന്നാൽത്തീരാത്ത വിശേഷങ്ങൾ ഒരുപാട് കാണാനുണ്ട് മുഖദാറിൽ. നോമ്പുകാലത്തേക്ക് മാത്രമായി 12 ഫുഡ്കോർട്ടുകളുണ്ട്. എല്ലാം കൊതിപിടിക്കുന്ന ഭക്ഷണക്കൂടുകൾ. എല്ലായിടത്തും ജീവനുള്ള പുഴഞെണ്ടുകളെത്തന്നെ കിട്ടും. അതിൽനിന്ന് നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മസാലതേച്ച് ലൈവായി പൊരിച്ചുതരും. ഇതിനൊപ്പം വെള്ളക്കാടയും അയലയും ചെമ്മീനും മത്തിയും കാടമുട്ടയും കോഴിമുട്ടയും മസാലപുരട്ടി വറുത്തതും വരെയുണ്ട്.
എരിവുള്ള ഞെണ്ടും പൊരിച്ചകോഴിയും കഴിച്ചാൽ പിന്നെ പാൽക്കാവയും കുലുക്കി സർബത്തുംകൊണ്ട് മധുരം നുണയാം. മാങ്ങ, കോഫി, പച്ചമുളക് അങ്ങനെ പലതരത്തിലുള്ള ഫ്ളേവറുകളിൽ സർബത്തുകൾ കുലുക്കിയെറിയും നല്ല കാസർകോടൻ ചേലിൽ.
കലുക്കി സർബത്ത് തയ്യാറാക്കുന്നത് ഭംഗിയുള്ള കാഴ്ച തന്നെയാണ്. അതുകൊണ്ട് സർബത്ത് കുലുക്കിയെടുക്കാൻ കാസർകോട് നിന്ന് ആളെകൊണ്ടുവന്നിരിക്കുകയാണ്. നുണയാത്ത കുൽക്കി സർബത്തുകൾതേടിയെത്തുന്നവരുടെ തിരക്കാണ് ഓരോ സ്റ്റാളുകൾക്ക് മുൻപിലും. കഴിഞ്ഞതവണ കോതിയിലും ഫുഡ് കോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത്തവണ മുഖദാറിനെത്തന്നെ കീഴടക്കി. നല്ല ചേലിലൊരു കുലുക്കി...എന്ന് കാസർകോടൻ ശൈലിയിൽ ഉയർന്നു കേൾക്കുമ്പോൾ നമ്മൾ അറിയാതെ എത്തിപ്പോവും അവിടെ.
മൊഞ്ച് കുറയാതെ മധുരത്തെരുവ്
തീരദേശത്താണ് റംസാൻ രാവുകളുടെ ചേലും ഈണവുമുള്ളത്. പക്ഷേ നവീകരണത്തിന് പൊളിച്ചിട്ടതാണെങ്കിലും കച്ചവടത്തെരുവ് മിഠായിത്തെരുവ് തന്നെയാണ്. മിഠായിത്തെരുവിൽ മുകളിൽ പന്തലിട്ട് അലങ്കാര വിളക്കുകൾ കൊണ്ട് മേലാപ്പു തീർക്കുന്നതിന് നിയന്ത്രണം വന്നപ്പോൾ ഓരോ കടകളും പ്രകാശമായി മാറുന്ന വിളക്കുകളുടെ പരീക്ഷണമാണ് ഇത്തവണ. കോർട്ട്റോഡ് മുതൽ മധുരത്തെരുവ് വരെ പലനിറങ്ങളിൽ കുളിച്ചു നിൽക്കുന്നുണ്ട്. ഇതേകാഴ്ചയാണ് പതിവില്ലാതെ ഇത്തവണ ചെറൂട്ടി റോഡിലുമുള്ളത്.
ഓരോ കടകയും പെരുന്നാൾ കച്ചവടത്തിനായി അണിഞ്ഞൊരുങ്ങി എൽ.ഇ.ഡി. വിളക്കുകളുടെ നിറമണിഞ്ഞു നിൽക്കുന്നുണ്ട്. റംസാനായതോടെ നഗരത്തിലെ ഏറ്റവും പ്രധാന വസ്ത്രത്തെരുവായി മാറിയിട്ടുണ്ടിവിടെ. ബ്രാൻഡഡ് വസ്ത്രങ്ങളുടെയും പുതിയ ഫാഷനുകളുടെയും കേന്ദ്രം. അങ്ങനെ പ്രാർഥനയും രുചിയും കച്ചവടത്തിരക്കുമെല്ലാം അലിഞ്ഞു ചേർന്ന നഗരത്തിന്റെ റംസാൻ രാവ് എത്രവൈകിട്ടും ഉറങ്ങാതെ നിൽക്കുകയാണ്.