ദോഹ: ഖത്തറിലെ  ഇഫ്താര്‍ കൂടാരങ്ങളിലെത്തുന്ന തൊഴിലാളികള്‍ക്ക് ഇത്തവണ ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവും. ഇഫ്താര്‍ കൂടാരങ്ങളിലെത്തുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരം ലഭിക്കുന്നത്. വിജയികള്‍ക്ക് രണ്ട് പുതിയ മോഡല്‍ ഷെവര്‍ലെ കാറുകളാണ് സമ്മാനമായി ലഭിക്കുന്നത്.

കനത്ത ചൂടും പൊടിക്കാറ്റും വര്‍ധിക്കുന്നതിനാല്‍ ഇഫ്താര്‍ കൂടാരങ്ങളിലേക്ക് എത്തിപ്പെടാന്‍ സിംഗിള്‍ തൊഴിലാളികള്‍ക്ക് കഴിയാതെ പോകുന്നതിനാലാണ് റാഫിള്‍ നറുക്കെടുപ്പിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലായി പ്രാദേശിക സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ സജീവമാണ്.ഇഫ്താര്‍ ഭക്ഷണത്തിനൊപ്പം ലഭിക്കുന്ന കൂപ്പണില്‍ പേര്, മൊബൈല്‍ നമ്പര്‍, രാജ്യം എന്നിവ രേഖപ്പെടുത്തിയശേഷം കൂടാരത്തിലെ ബോക്‌സില്‍ നിക്ഷേപിക്കണം. റംസാനുശേഷമാണ് നറുക്കെടുപ്പ്. 

ഇഫ്താര്‍ കൂടാരങ്ങളിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാത്രി വൈകിയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇട അത്താഴമുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രവാസി സംഘടനകളും പ്രാദേശിക സംഘടനകളും ഇട അത്താഴവും വിതരണം ചെയ്യുന്നുണ്ട്.

ഈന്തപ്പഴവും വെള്ളവും പഴങ്ങളുമാണ് നോമ്പ് തുറക്കാനായി കൂടാരങ്ങളില്‍ നല്‍കുന്നത്. നോമ്പുതുറന്ന് മഗ്രിബ് പ്രാര്‍ഥനയ്ക്കുശേഷം ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ ബിരിയാണി, തൈര്, ജ്യൂസ്, ചോക്കലേറ്റ് എന്നിവയാണ് നല്‍കുന്നത്. ഖത്തറി റംസാന്‍ വിഭവമായ ഗോതമ്പും ഇറച്ചിയും കൊണ്ടുണ്ടാക്കുന്ന ഹാരീസും നല്‍കുന്നുണ്ട്. അതേസമയം റോഡ് നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ വ്യവസായ മേഖലയില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ ഇത്തവണ കുറവാണ്. പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കായി നാല് ഇഫ്താര്‍ കൂടാരങ്ങള്‍ മാത്രമാണ് ഇത്തവണയുള്ളത്. സഫാരി മാളിന് സമീപമുള്ള ദോഹ ബാങ്കിന് പിറകില്‍, ഇസ്ലാമിക് സെന്ററിന് മുമ്പില്‍, ഏഷ്യന്‍ടൗണില്‍ ലേബര്‍ സിറ്റി എന്നിവിടങ്ങളിലാണ് ഇത്തവണ ഇഫ്താര്‍ കൂടാരങ്ങളുള്ളത്.

ചൂടും പൊടിക്കാറ്റും അസഹനീയമായതിനാല്‍ വ്യവസായമേഖലയിലെ വാഹന സൗകര്യമില്ലാത്ത മിക്കവര്‍ക്കും കൂടാരങ്ങളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടേറുകയാണ്. ചില ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ ഇഫ്താര്‍ ക്യാമ്പുകളിലേക്ക് കമ്പനി എത്തിക്കുന്നുണ്ട്. 

എന്നാല്‍ സെയില്‍സ്മാന്‍, ടെക്നീഷ്യന്‍ തുടങ്ങിയവരാണ് വാഹനസൗകര്യമില്ലാത്തതിനാല്‍ ഇഫ്താര്‍ കൂടാരങ്ങളിലെത്താന്‍ ബുദ്ധിമുട്ടുന്നത്.