രുപതുവര്‍ഷംമുമ്പാണ് ഈ പ്രവാസമണ്ണിലേക്ക് പറന്നിറങ്ങിയത്. ഇരുട്ടിനെ കീറിമുറിക്കുന്ന വഴിവിളക്കുകള്‍ പൂത്തിരികത്തിച്ചപോലെ വീഥികളെല്ലാം പ്രകാശപൂരിതമായിരുന്നു. ഞാനാണെങ്കില്‍ ഒരു പെണ്‍കുട്ടിയില്‍നിന്ന് അമ്മയിലേക്കും വീട്ടമ്മയിലേക്കും വളര്‍ന്നുതുടങ്ങിയതേയുള്ളൂ.

സ്വന്തം വീട്ടില്‍ പെണ്‍കുട്ടിയായി ജീവിക്കുമ്പോള്‍ നാം എല്ലാ സുഖങ്ങളും അനുഭവങ്ങളും ആസ്വദിക്കുകയാണ്. വീട്ടമ്മയിലേക്ക് പകര്‍ന്നാട്ടം നടത്തുമ്പോള്‍ സൗകര്യങ്ങളും സുഖങ്ങളും മറ്റുള്ളവര്‍ക്കായി ആസ്വദിക്കാനും അനുഭവിക്കാനും ഒരുക്കിക്കൊടുക്കുകയാണ്; ഒരു കുടുംബം കെട്ടിപ്പടുക്കുകയാണ്.

 ചെറിയ പെണ്‍കുട്ടിയായിരുന്നപ്പോള്‍ ഉമ്മ ഒരുക്കിയ പെരുന്നാള്‍സദ്യ കഴിച്ച്, ഉപ്പ വാങ്ങിത്തന്ന ഉടയാടയിട്ട് ബന്ധുക്കള്‍ നല്‍കുന്ന സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് തുള്ളിച്ചാടി നടക്കുന്ന അനുഭവമാണ്. എന്നാല്‍, ഒരു പ്രവാസിവീട്ടമ്മയുടെ പെരുന്നാളിന് വിശിഷ്യാ ആദ്യകാലങ്ങളില്‍ വളരെ വ്യത്യസ്തമായ ഒരു ഭാവമാണ്.

വിഭിന്നങ്ങളായ ദേശക്കാര്‍, സംസ്‌കാരങ്ങള്‍, രുചി ഭേദങ്ങള്‍, കാലാവസ്ഥ... തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്കാണ് അവള്‍ വന്നിറങ്ങുന്നത്. ഏതുഭാഷ സംസാരിക്കും, ആരോട് കൂട്ടുകൂടും എന്നൊക്കെയുള്ള ആശങ്കകള്‍ മലയാളിക്കൂട്ടങ്ങളെ കണ്ടതോടെ അസ്തമിച്ചു.

 നോമ്പിന്റെ അവസാനആഴ്ചകളില്‍ പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങും. ഉമ്മയില്ലാത്ത ആദ്യത്തെ നോമ്പുകാലമായിരുന്നു എനിക്കത്. ഉമ്മയുടെ വിയോഗം നിയോഗമെന്നറിയുമ്പോഴും നൊമ്പരപ്പെടുത്തുമ്പോഴും ഓര്‍മകളില്‍ സാന്ത്വനത്തിന്റെ നറുനിലാവായി വെളിച്ചമേകാറുണ്ട്. റംസാന്റെ പുണ്യവും നോമ്പിന്റെ അനുഗ്രഹങ്ങളും നന്മപുലരേണ്ടതിന്റെയും തിന്മ നിരാകരിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ആദ്യം പഠിച്ചതും മാതാപിതാക്കളില്‍ നിന്നാണ്.

ചെറുപ്പത്തിലെ നോമ്പുകാലസ്മരണകള്‍ക്ക് വറുത്തരച്ച കോഴിക്കറിയുടെ മണമാണ്. അതിലോലമായ പത്തിരിയുടെ വെണ്‍മയാണ്. ളുഹര്‍ നിസ്‌കാരം കഴിഞ്ഞാല്‍ ഉമ്മാക്കും സഹായി ആമിന്‍ത്താക്കും പിടിപ്പതുപണിയാണ്. നാരങ്ങവെള്ളം കലക്കുന്ന ജോലി കുട്ടികള്‍ക്കുള്ളതാണ്. നോമ്പുതുറക്കുന്നത് കാരക്കയും വെള്ളവുംകൊണ്ടാണ്. പിന്നെ നാരങ്ങാവെള്ളവും ഏതെങ്കിലും പഴസത്തും കുടിക്കും.

 നോമ്പുകാലത്തെ അവിഭാജ്യ വിഭവമാണ് തരിക്കഞ്ഞി. റവയും പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച് നെയ്യില്‍ ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പ് തകര്‍ത്തതും താളിച്ച തരിക്കഞ്ഞിയുടെ മണം മൂക്കിലടിക്കുമ്പോള്‍ വയറ്റില്‍ കൊതിയുടെ കടലിരമ്പും.

ഇനിയാണ് വിസ്തരിച്ച പത്തിരിതീറ്റ. ഞങ്ങളുടെ നാട്ടില്‍ കനംകുറച്ച് പത്തിരിക്കല്ലില്‍ ചുട്ടെടുത്ത പത്തിരിയില്ലാത്ത നോമ്പുകാലത്തെപ്പറ്റി ചിന്തിക്കാനേ ആവില്ല. നേര്‍ത്ത പത്തിരിയില്‍ കട്ടി തേങ്ങാപ്പാല്‍ ഒഴിച്ച് കുതിര്‍ത്ത് വറുത്തരച്ച കോഴിക്കറികൂട്ടി ഒരു പിടിത്തമുണ്ട്. ഒപ്പം നല്ല നറുംപാലില്‍ ഉമ്മയുണ്ടാക്കിയ ചായയും. 

ഇശാ കഴിഞ്ഞ് കുറച്ചുനേരം കഴിഞ്ഞാലാണ് ജീരകക്കഞ്ഞിയുടെ രംഗപ്രവേശം. പച്ചരിയില്‍ ഉലുവയും ആശാളിയം ചേര്‍ത്ത് വേവിച്ചതില്‍ തേങ്ങ, പെരുംജീരകം, മല്ലി, കുറുന്തോട്ടിവേര്, പുഷ്‌കര, മഞ്ഞള്‍ എന്നിവ കല്ലിലിട്ടരച്ച അരപ്പ് ചേര്‍ത്തുണ്ടാക്കുന്ന ഉമ്മയുടെ പ്രത്യേക ജീരകക്കഞ്ഞി ആരോഗ്യദായിനിയാണ്.

ചുട്ടരച്ച തേങ്ങാച്ചമ്മന്തിയും വറ്റിച്ചെടുത്ത പുഴമീനും ചേര്‍ത്ത് ജീരകക്കഞ്ഞി കുടിക്കുന്നതിന്റെ രസം അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. 

ചെറിയ പെരുന്നാളിന്റെ ഒരാഴ്ച മുമ്പേ തുടങ്ങണം ഒരുക്കങ്ങള്‍. വീടുമുഴുവന്‍ മാറാലയടിച്ച് പൊടിതുടച്ച് കഴുകി വൃത്തിയാക്കും. പെരുന്നാള്‍സദ്യക്കുള്ള സാധനങ്ങള്‍ അടുപ്പിക്കണം, മക്കള്‍ക്ക് വസ്ത്രംവാങ്ങാന്‍ പോകണം, മൈലാഞ്ചി തയ്യാറാക്കണം, പലഹാരങ്ങളുണ്ടാക്കി സ്റ്റോക്ക് ചെയ്യണം.

രാത്രി നമസ്‌കാരം കഴിഞ്ഞുള്ള പെരുന്നാള്‍ ഷോപ്പിങ് സുഖകരമായ അനുഭവമാണ്. പ്രവാസത്തില്‍ നോമ്പുരാത്രികള്‍ സജീവമാണ്.

സ്ത്രീകള്‍ പള്ളിയില്‍പോകും, നമസ്‌കരിക്കും. അവിടെയുള്ള ഒരുപാടുപേരെ പരിചയപ്പെടാനും സൗഹൃദം പുതുക്കാനും കിസ്സ പറഞ്ഞ് പാതിരാത്രിയില്‍ നടക്കാനും ഇവിടെയേ സാധിക്കൂ. നോമ്പുകാലത്ത് ഇവിടത്തെ രാത്രികള്‍ പകലുപോലെ തിരക്കേറിയതാണ്.

പെരുന്നാള്‍ത്തലേന്ന് സ്ത്രീകള്‍ക്ക് തിരക്കോടുതിരക്ക് തന്നെ. രാത്രിയിലെ ഭക്ഷണം കഴിഞ്ഞാല്‍ മക്കള്‍ക്ക് മൈലാഞ്ചിയിട്ടുകൊടുക്കും. പിന്നെയാണ് ഉമ്മമാരുടെ മൈലാഞ്ചിയിടല്‍. മൈലാഞ്ചിച്ചോപ്പിന്റെ റങ്കില്ലാത്ത പെരുന്നാളിനെപ്പറ്റി ഓര്‍ക്കാനേ പറ്റില്ല.

 പെരുന്നാള്‍ദിവസം പുലര്‍ച്ചെ എണീറ്റ് മക്കള്‍ക്കും ഭര്‍ത്താവിനും പുത്തന്‍ കോടി എടുത്തുകൊടുക്കണം. പുത്തന്‍ പുടവയിട്ടാണ് പള്ളിയില്‍ പോകുന്നത്. പുരുഷന്‍മാര്‍ പള്ളിയില്‍ പോകുന്ന സമയത്താണ് സ്ത്രീകള്‍ പെരുന്നാള്‍ കുളികുളിച്ച് പ്രാതല്‍ ഒരുക്കുന്നത്. പള്ളിയില്‍ പോയിവരുന്ന വീട്ടുകാര്‍ക്കൊപ്പം അതിഥികളുമുണ്ടാകും.

അവര്‍ക്കുവേണ്ടി പായസവും പലഹാരങ്ങളും ഒരുക്കണം. ഇതിനിടയിലാണ് ഈദ് മുബാറക് പറയുന്ന ഫോണ്‍ കോളുകളുടെ മേളം. നാട്ടില്‍ വിളിച്ച് പെരുന്നാള്‍ ആശംസകള്‍ പറയാനും വിശേഷം പങ്കുവെക്കാനും ഇതിനിടയില്‍ സമയം കണ്ടെത്തണം.

പിന്നെ മട്ടന്‍ ബിരിയാണി പെരുന്നാള്‍ സ്‌പെഷല്‍ ഉണ്ടാക്കാനുള്ള തത്രപ്പാടാണ്. മാപ്പിളപ്പാട്ടിന്റെ ഈണത്തിന്റെ അകമ്പടിയില്‍ ബിരിയാണി ദമ്മില്‍ കയറും. നല്ല കച്ചമ്പറും പുതിനയിലച്ചമ്മന്തിയും കോഴിപൊരിച്ചതും അച്ചാറുംകൂട്ടി ഒരു സൊയമ്പന്‍ ബിരിയാണിതീറ്റ.

ബാക്കി ഇത്തിരിസ്ഥലമുള്ള വയറ്റില്‍ ഒരു ഫലൂദയുംകൂടി കേറിയാല്‍ പെരുന്നാള്‍സദ്യ പൂര്‍ത്തിയായി. പിന്നെ തിരക്കിട്ട് പുറത്തുപോകാനുള്ള ഒരുക്കങ്ങളാണ്.

കുടുംബസുഹൃത്തുക്കളോടുകൂടി ഒരു യാത്ര. ചായ ഫ്‌ളാസ്‌കിലാക്കി കഴിക്കാനുള്ളത് പാക്ക്‌ചെയ്ത്, കുളിക്കാനുള്ള വസ്ത്രവും തോര്‍ത്തും എടുത്തുവെച്ച് കളിക്കാനുള്ള ബോളും കാറിലാക്കി ഒരു യാത്ര. മണല്‍മലകളും കടലും ഉമ്മവെക്കുന്ന സുന്ദരതീരങ്ങളുണ്ട് ഇവിടെ.

കളിച്ചും കുളിച്ചും ഉല്ലസിച്ചും നീന്തിത്തുടിച്ചും മണല്‍ കനംകൂട്ടിയ കാലും വലിച്ചുവെച്ച് കാറിലേക്കുകയറി നനഞ്ഞ വസ്ത്രത്തില്‍ ഒട്ടിപ്പിടിച്ച യാത്രയ്ക്ക് എന്നും പെരുന്നാളിന്റെ ഛായയാണ്.

 അത്താഴം മിക്കവാറും പുറത്തുപോയി കഴിക്കും. പിന്നെ ബന്ധുക്കളുടെ വീട്ടില്‍ സ്‌നേഹസന്ദര്‍ശനം. തിരിച്ച് വീട്ടിലെത്തിയാല്‍ വെട്ടിയിട്ടപോലെ ഉറക്കം. രണ്ടാംപെരുന്നാളിന് മിക്കവാറും ഏതെങ്കിലും സംഘടനയുടെവക യാത്ര, അതുമല്ലെങ്കില്‍ പെരുന്നാള്‍സദ്യയുണ്ടാകും. കൈയനങ്ങാതെ ഭക്ഷണം കഴിക്കാനുള്ള അവസരങ്ങള്‍ വീട്ടമ്മമാര്‍ ഒഴിവാക്കാറില്ല.

പ്രവാസഭൂമിയില്‍ ഒരുപാട് സംഘടനകളുണ്ട്. നാട്ടില്‍പ്പോലും ഇത്ര കേമമായി പെരുന്നാള്‍ ആഘോഷിക്കാറുണ്ടെന്ന് തോന്നുന്നില്ല. ഇതൊരു സദ്യയെന്നതിലുപരി നാട്ടുകാരെ കാണാനും പുതിയവരെ പരിചയപ്പെടാനും സൗഹൃദംപുതുക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമുള്ള അസുലഭ സന്ദര്‍ഭംകൂടിയാണ്.

പെട്ടെന്ന് നമ്മള്‍ നാട്ടിലെത്തിയ പോലെയുള്ള പ്രതീതിയാണ്. പല സംഘടനകളും യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഒരുപാടുകുടുംബങ്ങള്‍ ചേര്‍ന്ന് ഒരു സൗഹൃദയാത്ര. പാട്ടും കളിയും അന്താക്ഷരിയും വിനോദങ്ങളുമായി മനസ്സിനെ പ്രകാശമാനമാക്കുന്ന ഒരു യാത്ര. ഇവിടെ ജാതി-മത ഭേദമൊന്നുമില്ല; പ്രവാസികള്‍ എന്നൊരു മതംമാത്രം. 

 പെരുന്നാള്‍ദിനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന വീഥികളെല്ലാം വിളക്കുകളാല്‍ കമനീയമാക്കിയിരിക്കും. ഷോപ്പിങ് മാളുകളും കോര്‍ണിഷും എല്ലാം ജനനിബിഡമായിരിക്കും ഇവിടങ്ങളിലൊക്കെ ചുറ്റിയടിച്ച് ഒരു സിനിമയുംകണ്ട് ഉത്സവലഹരിയിലായിരിക്കും മിക്കവരും.

ആഘോഷങ്ങള്‍ കഴിയുന്നതോടെ സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളിലേക്കും പുരുഷന്‍മാര്‍ ജോലി സ്ഥലങ്ങളിലേക്കും ഒരു തിരിച്ചുപോക്കാണ്, അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പോടെ...