മലപ്പുറം: വ്രതംനോറ്റ് വിമലമായ മനസ്സുമായി അവരെത്തിയത് മലപ്പുറത്തിന്റെ സ്‌നേഹക്കൂട്ടിലേക്കായിരുന്നു. അവിടെ മാതൃഭൂമിയെന്ന വിശാലമായ തണലിലിരുന്ന് അവര്‍ നോമ്പുതുറന്നു. രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര വൈവിധ്യങ്ങളെല്ലാം ഒരു മേശയ്ക്കുചുറ്റും ഒന്നായി. മാതൃഭൂമി മലപ്പുറത്ത് നടത്തിയ നോമ്പുതുറ അങ്ങനെ ഒരു സൗഹാര്‍ദക്കൂട്ടായ്മയായി.

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനും മാളികപ്പുറം മുന്‍ മേല്‍ശാന്തി പി.എം. മനോജ് എമ്പ്രാന്തിരിയുമായിരുന്നു ആദ്യ അതിഥികള്‍. തുടര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് എത്തി. അടുത്തതായെത്തിയത് ഇന്ത്യന്‍ ഫുട്‌ബോള്‍താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടക്കുതിരയുമായ സി.കെ. വിനീത് ആയിരുന്നു.

 

 
വൈകാതെ മതേതര മലപ്പുറത്തിന്റെ മുഖമുദ്രയായ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളും മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒരുമിച്ചെത്തി. യൂത്ത്‌ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ കൂടി എത്തിയതോടെ ഇഫ്താര്‍ സംഗമവേദി ഉണര്‍ന്നു. എല്ലാവരെയും സ്വീകരിക്കാന്‍ മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ചീഫ് പി.ആര്‍. മാനേജര്‍ കെ.ആര്‍. പ്രമോദ് എന്നിവരുമുണ്ടായിരുന്നു.

പിന്നെ ഇഫ്താര്‍ സംഗമത്തിലേക്ക് പ്രമുഖരുടെ ഒഴുക്കായി. പി.വി. അബ്ദുള്‍വഹാബ് എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍, പി. അബ്ദുള്‍ഹമീദ്, പി. ഉബൈദുള്ള, കെ.കെ. ആബിദ്ഹുസൈന്‍ തങ്ങള്‍, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, ടി.വി. ഇബ്രാഹിം എന്നിവരും മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും മത, രാഷ്ട്രീയ, സാമുദായിക സംഘടനാനേതാക്കളായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹമീദ് വാണിയമ്പലം, അനസ് വളാഞ്ചേരി, ഡോ. എ.ഐ. അബ്ദുള്‍മജീദ് സ്വലാഹി, വി.വി. പ്രകാശ്, പി.പി. വാസുദേവന്‍, ആര്യാടന്‍ ഷൗക്കത്ത്, എന്‍. ശ്രീപ്രകാശ്, അബുലൈസ് തേഞ്ഞിപ്പലം, സബാഹ് പുല്‍പ്പറ്റ, ഒ.എം.എ. റഷീദ്, ഫാദര്‍ റജിദാസ്, ഡോ. പി. മാധവന്‍കുട്ടി വാരിയര്‍ തുടങ്ങിയവരും ഇഫ്താര്‍ സംഗമത്തില്‍ സജീവ സാന്നിധ്യമായി.

ബാങ്ക്വിളി ഉയര്‍ന്നപ്പോള്‍ കാരയ്ക്കകൊണ്ട് ചെറിയ നോമ്പുതുറ. പിന്നീട് പാനീയങ്ങളും ഭക്ഷണവുമായി വലിയ നോമ്പുതുറ. കൊണ്ടോട്ടിത്തങ്ങള്‍ എന്ന കെ.ടി. റഹ്മാന്‍ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. അതിനിടെ തിരക്കുകള്‍ക്കിടയില്‍നിന്ന് മന്ത്രി എ.സി. മൊയ്തീനും എത്തി. സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുടെ ഒരു കൂട്ടായ്മകൂടിയായി മാതൃഭൂമി ഇഫ്താര്‍ സംഗമം.