റിയാദ്: കേരളീയ വിഭവങ്ങളുമായി മലയാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി ശ്രദ്ധേയനാവുകയാണ് സൗദിയിലെ റിയാദിലുളള പൗരപ്രമുഖന്‍ സഊദ് അബ്ദുല്‍ അസീസ്. അഞ്ഞൂറിലധികം മലയാളികള്‍ക്കാണ് എല്ലാദിവസവും ഇദ്ദേഹം ഇഫ്താര്‍ വിരുന്നൊരുക്കുന്നത്.

റിയാദ് എക്സിറ്റ് 27 ലെ സുവൈദി പള്ളിയിലെ ഇഫ്താര്‍ ടെന്റിലാണ് സൗദി ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഊദ് അബ്ദുല്‍ അസീസ് മലയാളികള്‍ക്ക് സ്നേഹവിരുന്ന് ഒരുക്കുന്നത്. അഞ്ഞൂറിലധികം മലയാളികള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുഖ്യമായും കേരളീയ വിഭവങ്ങളായ പത്തിരി, ഇടിയപ്പം, പൊറോട്ട എന്നിവയോടൊപ്പം ബീഫ് കറി, ചിക്കന്‍ കറി എന്നിവയും ഉണ്ടാകും.

സൗദി പൗരന്മാര്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ മലയാളികളെ പ്രത്യേകമായി പരിഗണിക്കുന്നു എന്നതാണ് സുവൈദിയിലെ ഇഫ്താറിന്റെ പ്രത്യേകത. മൂന്നു വര്‍ഷം മുമ്പ് അറുപത് പേര്‍ക്ക് വിരുന്നൊരുക്കിയാണ് സഊദ് അബ്ദുല്‍ അസീസ് ഇഫ്താര്‍ വിരുന്ന് തുടങ്ങിയത്. സുവൈദി പളളിയില്‍ ക്ലീനിംഗ് തൊഴിലാളിയായ കോട്ടയം സ്വദേശി ശമീറിന്റെ ആവശ്യപ്രകാരമാണ് മലയാളി വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ അബ്ദുല്‍ അസീസ് ആരംഭിച്ചത്. ഇതോടെ ഇഫ്താറിനെത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.

സഊദ് അബ്ദുല്‍ അസീസ് ആണ് ഇവിടുത്തെ മസ്ജിദ് നിര്‍മ്മിച്ചത്. റമദാന്‍ ആയതോടെ മസ്ജിദിനോട് ചേര്‍ന്ന് മലയാളികള്‍ക്ക് ഇഫ്താറൊരുക്കാന്‍ വിശാലമായ ടെന്റും നിര്‍മ്മിച്ചിട്ടുണ്ട്. ഇഫ്താര്‍ ടെന്റില്‍ വളണ്ടിയര്‍ സേവനം നടത്തുന്നതിന് അമുസ്ലികളായ നിരവധി മലയാളികളുടെ സാന്നിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്. സുവൈദിയിലെ സ്വദേശി വീടുകളില്‍ നിന്നുളള വിഭവങ്ങളുമായി അറബികളും മലയാളകളെ സല്‍ക്കരിക്കാന്‍ ഇവിടുത്തെ നിത്യ കാഴ്ചയാണ്