രു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയശുദ്ധിയില്‍ വിശ്വാസികളുടെ ഹൃദയം ആഹ്ലാദിക്കുന്ന ദിനമാണ് ഈദുല്‍ഫിത്തര്‍.

കഠിനവ്രതത്തിലൂടെ വിശ്വാസികള്‍ നേടിയ വിജയത്തില്‍ മണ്ണും വിണ്ണും ജീവജാലങ്ങളും ദൈവികമാലാഖമാരും സന്തോഷിക്കുന്ന അപൂര്‍വ നിമിഷങ്ങള്‍. റംസാന്‍മാസത്തില്‍ പാപമോചനവും നരകമുക്തിയും നേടിയെടുത്ത സത്യവിശ്വാസികള്‍ക്ക് നാഥന്‍ നല്‍കിയ ഉത്തമമുഹൂര്‍ത്തം. 

തന്റെ അടിമകളുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കിയതിന് അല്ലാഹുവും ആത്മീയ വിശുദ്ധിനേടിയതില്‍ വിശ്വാസികളും ഒരുപോലെ സന്തോഷിക്കുന്നതിലൂടെയാണ് ഈ ദിനം സവിശേഷപ്രാധാന്യം നേടിയെടുക്കുന്നത്. കണ്ണീരിന്റെയും പുഞ്ചിരിയുടെയും അകമ്പടിയോടെയാണ് ശവ്വാലിന്റെ പൊന്നമ്പിളി മിഴിതുറക്കുന്നത്. 

ആരാധനകളുടെ വസന്തകാലമായ റംസാന്‍മാസത്തിന്റെ വേര്‍പാട് വിശ്വാസികളുടെ കവിളില്‍ കണ്ണീര്‍ത്തുള്ളികള്‍ അവശേഷിപ്പിക്കുമ്പോള്‍ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ചൈതന്യം അതേമുഖങ്ങളില്‍ പുഞ്ചിരിവിടര്‍ത്തുന്നു. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്ന ആത്മീയപുരോഗതിയുടെയും മാനസിക സംതൃപ്തിയുടെയും സന്തോഷപ്രകടനമാണ് ഈദുല്‍ഫിത്തര്‍. 

അടുത്ത ഒരു വര്‍ഷത്തെ ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള ശാരീരിക തയ്യാറെടുപ്പും മനഃശക്തിയും പ്രദാനംചെയ്യുകയായിരുന്നു വിശുദ്ധറംസാന്‍. ഭക്ഷ്യവിഭവങ്ങള്‍ക്കൊപ്പം ദുഷ്ചിന്തകളും ദൂരീകരിച്ചുള്ള കഠിനവ്രതവും പാതിരാത്രിവരെ നീളുന്ന തറാവീഹ് നമസ്‌കാരവും നന്മയെമാത്രം സ്വീകരിക്കാനും തിന്മയെ തിരസ്‌കരിക്കാനും വിശ്വാസികളെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു. റംസാന്‍ പകര്‍ന്ന ചൈതന്യത്തിന്റെ പൂര്‍ണതയാണ് കാതുകളില്‍ അലയടിക്കുന്ന തക്ബീര്‍ ധ്വനികളിലുള്ളത്. 'അല്ലാഹു അക്ബര്‍' എന്നുതുടങ്ങുന്ന മധുരമന്ത്രത്തില്‍ ദൈവമാണ് ഏറ്റവും വലിയ മഹാന്‍ എന്ന പ്രഖ്യാപനം.

തക്ബീര്‍ധ്വനികള്‍ മുഴക്കിയും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചും ഫിത്തര്‍ സക്കാത്ത് വിതരണംചെയ്തും മറ്റുപുണ്യകര്‍മങ്ങള്‍ അനുഷ്ഠിച്ചും പുത്തന്‍ ഉടയാടകളണിഞ്ഞും പെരുന്നാള്‍സദ്യ കഴിച്ചും ഈ ദിനത്തെ വിശ്വാസികള്‍ ആഹ്ലാദപൂര്‍ണമാക്കുന്നു. മതം അനുശാസിക്കുന്ന നിബന്ധനകളില്‍ ഒതുങ്ങിനിന്നുള്ള ആഘോഷവും ആഹ്ലാദവുമാണ് ഈദുല്‍ഫിത്തറില്‍ വേണ്ടത്.

ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യ സന്ദേശത്തിന്റെയും മാനവികതയുടെയും ഐക്യത്തിന്റെയും ഉത്തമോദാഹരണമാണ് ഈദുല്‍ഫിത്തര്‍. പരസ്പരം ആലിംഗനംചെയ്ത്, ആശംസകള്‍ കൈമാറി സ്നേഹബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്താനാണ് ഈദ് ആഹ്വാനംചെയ്യുന്നത്. 

അയല്‍വാസികള്‍ തമ്മില്‍ സ്നേഹബന്ധം ചുരുങ്ങിച്ചുരുങ്ങി വരികയും മതില്‍ക്കെട്ടുകള്‍ ഉയര്‍ന്നുവലുതാവുകയും ചെയ്യുമ്പോള്‍ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വീണ്ടെടുപ്പാണ് ഈദ് ആഘോഷത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. 

ഉയര്‍ത്തിക്കെട്ടിയ കരിങ്കല്‍ക്കെട്ടിനപ്പുറത്തെ സഹജീവി സംതൃപ്തജീവിതമാണോ നയിക്കുന്നതെന്ന് അന്വേഷിക്കാനുള്ള സാമൂഹികബാധ്യത പെരുന്നാള്‍ദിനം ഓര്‍മപ്പെടുത്തുന്നു.

സമ്പന്നരുടെ മക്കള്‍ പുത്തനുടുപ്പുകളണിഞ്ഞ് ആഹ്ലാദത്തോടെ പെരുന്നാള്‍ ആഘോഷങ്ങളിലേക്കിറങ്ങുമ്പോള്‍, ഇല്ലായ്മയ്ക്ക് നടുവിലെ കണ്ണീര്‍ക്കയത്തില്‍ വീണുപിടയുന്ന കുരുന്നുകളെക്കൂടി ഓര്‍ക്കണമെന്ന സന്ദേശമാണ് ഈദുല്‍ഫിത്തര്‍ നല്‍കുന്നത്. 

കരയുന്ന മക്കളുടെ മുഖത്തേക്കുനോക്കാന്‍ കഴിയാതെ പൊറുതിമുട്ടുന്ന പാവപ്പെട്ടവന്റെ കുടിലുകളിലേക്ക് കണ്ണയയ്ക്കണമെന്ന ഓര്‍മപ്പെടുത്തലാണത്. സാന്ത്വനവും സഹായവും അവിടെ എത്തിക്കാനുള്ള അവസരമാണ് ഈ ആഘോഷം.

ആര്‍ഭാടങ്ങളുടെ വര്‍ണപ്പൊലിമയില്‍ പെരുന്നാള്‍ദിനവും വെറുമൊരു ആഘോഷമായിപ്പോകരുത്. സത്യവിശ്വാസികള്‍ക്ക് ദൈവം കല്‍പിച്ചുനല്‍കിയ ആഘോഷദിനമാണിത്. ആര്‍ഭാടങ്ങളുടെ മേളയാക്കി ഇതിന്റെ മഹത്ത്വം കുറയ്ക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തികള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയും കുടുംബത്തോടുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കേണ്ട ദിനമാണിത്. 

കമ്പോളസംസ്‌കാരത്തിനെതിരായ പോരാട്ടമാണല്ലോ വിശുദ്ധറംസാന്‍ വിളിച്ചുപറഞ്ഞത്. സമൂഹത്തിലെ അസന്തുലിതാവസ്ഥയും അസമത്വവും അവസാനിപ്പിക്കാനുള്ള പ്രചോദനമാണ് ഈദുല്‍ഫിത്തര്‍ നല്‍കേണ്ടത്. 

ആഘോഷങ്ങള്‍ സഹകരണത്തിന്റെയും സമഭാവനയുടെയും സഹാനുഭൂതിയുടെയും പ്രതീകങ്ങളാവണമെന്ന ഇസ്ലാമിക വീക്ഷണത്തിന്റെ പ്രകാശനമാണ് പെരുന്നാള്‍ദിനത്തിലെ ഫിത്തര്‍ സക്കാത്ത്. അന്നേദിവസം പട്ടിണികിടക്കുന്ന ഒരു കുടുംബവും ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഇസ്ലാമിന്റെ പക്ഷം. സമ്പത്തിന്റെ ശുദ്ധീകരണമാണ് സക്കാത്തിന്റെ സന്ദേശമെങ്കില്‍ വ്രതത്തിന്റെ പൂര്‍ണതയാണ് ഫിത്തര്‍ സക്കാത്തിന്റെ ലക്ഷ്യം.

മാനവമൈത്രിയുടെയും സര്‍വലോക സാഹോദര്യത്തിന്റെയും സാമുദായിക ഐക്യത്തിന്റെയുമെല്ലാം മഹിതസന്ദേശമാണ് ഓരോ പെരുന്നാള്‍ദിനവും കൈമാറുന്നത്. പരസ്പരം കലഹിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പാഠങ്ങളായിരിക്കണം ഈ പെരുന്നാള്‍ ദിനത്തില്‍ കൈമാറേണ്ടത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.