ദുബായ്: ഒരു മാസം നീണ്ടുനിന്ന വ്രതത്തിനൊടുവിൽ ഈദിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. നിർബന്ധിതദാനമായ ‘ഫിത്തർ സക്കാത്ത്‌’  നൽകിയും പുത്തൻ വസ്ത്രങ്ങൾ വാങ്ങിയുമൊക്കെയാണ് റംസാന്റെ അവസാനദിനങ്ങളിൽ വിശ്വാസികൾ കഴിയുന്നത്. പ്രവാചകൻ പഠിപ്പിച്ച മാനവദർശനത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായിട്ടാണ് ഈ മുന്നൊരുക്കങ്ങൾ. 
 
ആഘോഷത്തിനായി അബുദാബി നഗരം ഒരുങ്ങിക്കഴിഞ്ഞു. വലിയ രീതിയിലുള്ള ആകർഷണങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നഗരം മുഴുവൻ തിളങ്ങിനിൽക്കുന്ന വർണവിളക്കുകൾ രാത്രികൾക്ക് ഉത്സവച്ഛായ നൽകുന്നു. വാണിജ്യ കേന്ദ്രങ്ങളും മാളുകളും പെരുന്നാൾ ഇളവുകൾ നൽകി ആളുകളെ ആകർഷിക്കുകയാണ്. അബുദാബി യാസ് മാളിൽ 25-ന് രാവിലെ പത്ത് മണി മുതൽ 26-ന് പത്ത് മണി വരെ 90 ശതമാനത്തോളം വിലക്കുറവാണ് സാധനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പലതരം സമ്മാനപദ്ധതികളും മാളുകളിൽ ഒരുക്കിയിട്ടുണ്ട്. 
 
അബുദാബി മനാറത് അൽ സാദിയത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദർശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സന്ദർശകർ മനാറത് അൽ സാദിയത്തിൽ എത്തുന്നുണ്ട്. രാത്രി വൈകിയും നീളുന്ന റംസാൻചന്തകളാണ് മറ്റൊരു പ്രത്യേകത. പല സ്ഥലങ്ങളിലും മാളുകളോട് ചേർന്നാണ് ഇത്തരത്തിൽ പ്രത്യേക ചന്തകൾ ഒരുക്കിയിട്ടുള്ളത്. തുണിത്തരങ്ങളും ആഭരണങ്ങളും പാദരക്ഷകളും കരകൗശല വസ്തുക്കളുമെല്ലാം ഇവിടെ  ലഭ്യമാണ്. നാട്ടിലേക്ക് പണമയക്കൽതന്നെയാണ് പ്രവാസികളുടെ ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ പ്രാധാനമായുള്ളത്. ഇതിന്റെ ഭാഗമായി എക്സ്‌ചേഞ്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
 
വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിച്ചും സമയക്രമം പുതുക്കിയും തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തും ദുബായിയും  ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി. പാർക്കുകളിലെയും റിസോർട്ടുകളിലെയും ചന്തകളിലെയും  തിരക്ക് നിയന്ത്രിക്കാൻ മുനിസിപ്പാലിറ്റിയുടെ  ഓപ്പറേഷൻ റൂം ഈദ് അവധി ദിനങ്ങളിലും പ്രവർത്തിക്കും. അറവുശാലകളും ഈദ് ആഘോഷങ്ങൾക്ക് സജ്ജമായി. രാവിലെ ഏഴ് തൊട്ടു ഉച്ചക്ക് രണ്ടു മണി വരെയാണ് ദുബായിൽ അറവുശാലകൾ പ്രവർത്തിക്കുക. ദുബായിലെ എല്ലാ മാർക്കറ്റുകളും ഈദ് ദിനങ്ങളിൽ പ്രവർത്തിക്കും. എന്നാൽ നയിഫ്  സൂഖ്, സൂഖ് അൽ ഷാബി, ഫാൽക്കൺ സെന്റർ എന്നിവ ഒന്നാം  പെരുന്നാളിന് തുറക്കി‌ല്ല. 
 
നഗരവീഥികൾ വൃത്തിയാക്കിയും ദുബായിലെ പാർക്കുകൾ ശുചിയാക്കിയും മാലിന്യ സംസ്കരണ വകുപ്പും പെരുന്നാൾ ആഘോഷിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. ബീച്ചുകൾ, റിസോർട്ടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ശുചീകരണത്തിനായി  മുഴുവൻ സമയവും പ്രവർത്തിക്കാൻ കൂടുതൽ ജോലിക്കാരെയും ഏർപ്പാടാക്കിയിട്ടുണ്ട്.
ദുബായിലെ ചിൽഡ്രൻസ് സിറ്റി  ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി പുതുമയേറിയ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ടാർസൺ, പീറ്റർ പാൻ , മാത്ത് അലൈവ് തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരവും നിരവധി മത്സരങ്ങളും വിനോദ പരിപാടികളും ഇവിടെ അരങ്ങേറും. രണ്ടാം പെരുന്നാൾ ദിനം മുതൽ മൂന്നുദിവസമാണ് പ്രത്യേക പരിപാടികൾ നടക്കുക. ദുബായിലെ എല്ലാ പാർക്കുകളും രാവിലെ എട്ടു മുതൽ രാത്രി 12  മണി വരെ തുറക്കും. 60  വയസ്സിനു മുകളിലുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്.
 
ചെറിയ പെരുന്നാൾ പ്രമാണിച്ച് ഷാർജയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. എമിറേറ്റിലെ എല്ലാ പള്ളികളിലും  ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക പ്രാർഥനകൾ നടക്കുമെന്നു  ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അറബി  കൂടാതെ ഉർദു,  ഇംഗ്ലീഷ്, തമിഴ് ഭാഷകളിലും  ഖുതുബ പ്രഭാഷണങ്ങൾ നടക്കും. 
 
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ഫുട്‌ബോൾ മൈതാനത്തിൽ ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അനുമതിയോടെ മലയാളികൾക്കായി പ്രത്യേക ഈദ്ഗാഹ് പ്രവർത്തിക്കും. പെരുന്നാൾ ദിവസം 5.52-ന് നടക്കുന്ന നമസ്കാരത്തിനുശേഷം അൽ അസീസ് പള്ളി ഖത്തീബ് ഹുസൈൻ സലഫി ചെറിയ പെരുന്നാൾ പ്രഭാഷണം നടത്തും. എമിറേറ്റിലെ മലയാളികൾക്കായുള്ള ഏക ഈദ്ഗാഹാണിത്. സ്ത്രീകൾക്ക് നമസ്കാരത്തിനായി ഇവിടെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈദ് ആഘോഷത്തിന്റെ ഭാഗമായി ഷാർജയുടെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
 
ഒന്നും രണ്ടും പെരുന്നാൾ ദിനങ്ങളിൽ പരിപാടികൾ നടക്കും. ഇന്ത്യൻ അസോസിയേഷനിൽ ‘ഇശൽ ചേല്’ എന്നപേരിൽ പ്രത്യേക പരിപാടികൾ നടക്കും. പലതരം പലഹാരങ്ങൾ ഒരുക്കി സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഈദാഘോഷം കെങ്കേമമാക്കാനുള്ള മുന്നൊരുക്കത്തിലാണ് യു.എ.ഇ നിവാസികൾ. സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞും മോടിയുള്ള പുതുവസ്ത്രം വാങ്ങിയുമെല്ലാം ആഘോഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.