ദുബായ്: കണ്ണെത്താദൂരം പരന്നു കിടക്കുന്ന മരുഭൂമി. മുകളില്‍ ചിരി പൊഴിക്കുന്ന നക്ഷത്രങ്ങള്‍. ചരിത്രവും, പ്രകൃതിയും, സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന ഷാര്‍ജയിലെ മലീഹ എന്ന ഇക്കോ ടൂറിസം കേന്ദ്രം വിനോദ സഞ്ചാരികളുടെ ശ്രദ്ധനേടുന്നു.
തുറന്ന മരുഭൂമിയില്‍ നക്ഷത്രങ്ങള്‍ക്ക് കീഴെ അറബ് പരമ്പരാഗത രുചികളുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന മലീഹയുടെ ഏറ്റവും പുതിയ ആകര്‍ഷണമാണ് 'റംസാന് സ്റ്റാര്‍ ലൗഞ്ച്'.മരുഭൂമിയിലെ രാത്രി ക്യാമ്പിങ്, മണല്‍ക്കുന്നുകളിലൂടെ ബഗ്ഗി സഫാരി, സൈക്ലിങ്, നക്ഷത്രനിരീക്ഷണം, എമിറാത്തി ബാര്‍ബെക്യു തുടങ്ങി തികച്ചു വ്യത്യസ്തമായ അനുഭവങ്ങളാണ് റംസാന് സ്റ്റാര്‍ ലൗഞ്ചിന്റെ ഭാഗമായി ഒരുങ്ങിയിരിക്കുന്നത്.
ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ശുറൂഖിന് കീഴിലാണ് മലീഹ ഇക്കോ ടൂറിസം കേന്ദ്രവും, പുരാവസ്തു കേന്ദ്രവും. നേരത്തെ ബുക്ക് ചെയ്തശേഷം ദൈദ് റോഡിലുള്ള മലീഹ പുരാവസ്തു കേന്ദ്രത്തില്‍ എത്തണം.
അവിടെനിന്ന് പ്രത്യേക വാഹനത്തില്‍ യാത്രചെയ്താണ് മരുഭൂമിയില്‍ എത്തുക. ഒരാള്‍ക്ക് 175 ദിര്‍ഹമാണ് നിരക്ക്. എന്നാല്‍ ഒരു സംഘമായാണ് പോകുന്നതെങ്കില്‍ നിരക്ക് കുറയും. ഇതിനു പുറമെയും നിരവധി വേനല്‍ക്കാല പാക്കേജുകള്‍ മലീഹ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭ്യമാണ്. സാംസ്കാരികമായും, ചരിത്രപരമായും പ്രാധാന്യമുള്ള ഒരിടമെന്ന നിലയില്‍ സാധാരണ നഗരക്കാഴ്ചകളില്നിന്ന് വിഭിന്നമാണ് മലീഹയിലെ കാഴ്ചകളും അനുഭവങ്ങളും.