നോമ്പുതുറയുടെ പഴമാണ് റമ്പൂട്ടാൻ. വിദേശ രാജ്യങ്ങളിൽ നോമ്പുതുറ വിഭവങ്ങളിൽ മുമ്പൻ റമ്പൂട്ടാൻ തന്നെ. റമ്പൂട്ടാന്റെ സ്വാദും ഔഷധ ഗുണവുമറിഞ്ഞതോടെ നമ്മുടെ നാട്ടിലും ഇപ്പോൾ റമ്പൂട്ടാൻ ഏറെ പ്രിയമുള്ളതായിക്കഴിഞ്ഞു.

വിശുദ്ധമാസത്തെ വരവേൽക്കാൻ കരിവെള്ളൂർ -പെരളം കോട്ടക്കുന്നിലെ ചിറയത്ത് ബേബിയുടെ തോട്ടം ഒരുങ്ങിക്കഴിഞ്ഞു. ഒന്നരയേക്കറോളം വിസ്തൃതിയുള്ള തോട്ടത്തിനുള്ളിലേക്ക് കടന്നാൽ നാം അതിശയിച്ചുപോകും. കടും ചുവപ്പും മഞ്ഞയും നിറത്തിലുള്ള പഴങ്ങളുടെ ഭാരം കൊണ്ട് തലകുനിച്ചു നിൽക്കുന്ന റമ്പൂട്ടാൻ മരങ്ങളാണ് നമ്മളെ സ്വാഗതം ചെയ്യുക. നൂറോളം റമ്പൂട്ടാൻ മരങ്ങളാണ് തോട്ടത്തിലുള്ളത്. ഇത്തവണ എല്ലാ മരങ്ങളിലും നിറയെ വർണക്കായകൾ പൂത്തുലഞ്ഞു നിൽക്കുന്നു. സാധാരണയായി ജൂലായ്‌ മാസത്തോടെയാണ് പഴങ്ങൾ പാകമാകുന്നത്. എന്നാൽ ഇത്തവണ നോമ്പുകാലം നേര​േത്ത എത്തിയതറിഞ്ഞതു പോലെയാണ് തോട്ടത്തിലെ റമ്പൂട്ടാൻ മരങ്ങളുടെ കാഴ്ച.

കണ്ടോത്ത് കിസാൻ ഗ്രൗണ്ടിനു സമീപമാണ് ബേബിയുടെ വീട്. കടകളിൽ പ്ലംബിങ്‌ സാധനങ്ങൾ വിതരണം ചെയ്യുന്ന ബേബിയുടെ ഒഴിവു സമയത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് റമ്പൂട്ടാൻ തോട്ടം. 10 വർഷം മുമ്പ് ഒരു കിലോഗ്രാം റമ്പൂട്ടാൻ നല്ല വില നൽകി വാങ്ങേണ്ടിവന്നപ്പോഴാണ് റമ്പൂട്ടാൻ തോട്ടമെന്ന ആശയം ബേബിയുടെ മനസ്സിലേക്ക് കടന്നുവന്നത്.

കൃഷിരീതി പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് പെരളം കോട്ടക്കുന്നിൽ വില കൊടുത്തുവാങ്ങിയ ഒന്നര ഏക്കറോളം ഭൂമിയിൽ റമ്പൂട്ടാൻ ചെടികൾ നടുമ്പോൾ ഏറെ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എന്നാൽ മണ്ണിനെയും കൃഷിയെയും കുറ്റംപറഞ്ഞു മാറിനിൽക്കാതെ കഠിനാധ്വാനം ചെയ്യുന്നവരെ മണ്ണ് കൈവിടില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ബേബിയുടെ റമ്പൂട്ടാൻ തോട്ടം.
ഇപ്പോൾ കടുംനിറത്തിലുള്ള ബലം കുറഞ്ഞ മുള്ളുകളോടു കൂടി തൂങ്ങി നിൽക്കുന്ന റമ്പൂട്ടാൻ പഴങ്ങളിൽ തട്ടാതെ ബേബിയുടെ തോട്ടത്തിലൂടെ നടക്കാൻ കഴിയില്ല. ഒരിക്കൽ സ്വാദറിഞ്ഞാൽ പിന്നെ പഴങ്ങൾ കാണുന്തോറും വായിൽ വെള്ളമൂറും.

മൂന്നുതരത്തിലുള്ള റമ്പൂട്ടാൻ പഴങ്ങളാണ് ബേബിയുടെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നത്. ചുവപ്പുനിറത്തിലുള്ള രണ്ടുതരം പഴങ്ങളും മഞ്ഞ നിറത്തിലുള്ള പഴങ്ങളും. മഞ്ഞനിറത്തിലുള്ള പഴങ്ങൾക്കാണ് സ്വാദ് കൂടുതൽ. പഴത്തിന്റെ മാംസഭാഗം തിന്നുകഴിഞ്ഞാൽ കുരുവും അകത്താക്കാം. ഔഷധ ഗുണങ്ങളേറെയുള്ളതാണ് റമ്പൂട്ടാന്റെ കുരു.

ജൈവവളങ്ങൾ മാത്രമുപയോഗിച്ചാണ് ബേബിയുടെ റമ്പൂട്ടാൻ കൃഷി. കായകൾക്ക് വലിപ്പം കൂട്ടാൻ കീടനാശിനിയും സ്‌പ്രേകളും മാർക്കറ്റിൽ ലഭിക്കാനുണ്ടെങ്കിലും അത്തരത്തിലുള്ള ലാഭം വേണ്ടെന്നാണ് ബേബിയുടെ നിലപാട്. ഇതറിഞ്ഞുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ബേബിയുടെ റമ്പൂട്ടാന് ആവശ്യക്കാരുണ്ട്. അഞ്ചുമാസം കൊണ്ടുമാത്രമേ ഒരു റമ്പൂട്ടാൻ പഴം പാകമാവുകയുള്ളു.

നോമ്പുകാലത്ത് പ്രാദേശികമാർക്കറ്റിൽ ബേബിയുടെ തോട്ടത്തിലെ റമ്പൂട്ടാന് ആവശ്യക്കാരേറെയുണ്ട്. കിലോഗ്രാമിന് 400 രൂപ മുതൽ 500 രൂപ വരെ ലഭിക്കും. നോമ്പുകാല മാർക്കറ്റിൽ ഇഷ്ടം പോലെ റമ്പൂട്ടാൻ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബേബി. സ്റ്റാർമിയാണ് ബേബിയുടെ ഭാര്യ. വിദ്യാർഥികളായ വിക്ടർ ബേബി, ചാൾസ് ബേബി എന്നിവർ മക്കളും. ഫോൺ: 9447329125  •
avgireeshan@gmail.com