അമ്പവലയല്‍: പതിവു തെറ്റിച്ചില്ല. തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ സത്കാരമൊരുക്കി കുഞ്ഞന്‍ നായര്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃകയായി. മനുഷ്യന്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹിക്കുന്ന കാലത്താണ് ഈ മനുഷ്യസ്‌നേഹി സ്വന്തം ചെലവില്‍ നോമ്പുതുറ സത്കാരമൊരുക്കി വേറിട്ട വഴി കാണിക്കുന്നത്.

അമ്പുകുത്തി മഞ്ഞായത്ത് കുഞ്ഞന്‍ നായര്‍ എല്ലാ റംസാന്‍ വ്രതകാലത്തും സത്കാരം നടത്താറുണ്ട്. കര്‍ഷകനായ ഇദ്ദേഹം അഞ്ചുവര്‍ഷമായി ഇക്കാര്യം സന്തോഷത്തോടെ ചെയ്യുന്നു. എന്ത് പ്രതിസന്ധികളുണ്ടെങ്കിലും ഈ ചടങ്ങിന് മുടക്കംവരുത്താന്‍ കുഞ്ഞന്‍നായര്‍ ഒരുക്കമല്ല.

അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ഥനയില്‍ മുഴുകി പകല്‍ പിന്നിട്ടവരെ നോമ്പുതുറപ്പിക്കുന്നത് വലിയ പുണ്യമാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. അമ്പുകുത്തി ജുമാ മസ്ജിദ് പള്ളി മദ്രസ ഹാളില്‍ ഒരുക്കിയ നോമ്പുതുറ സത്കാരത്തില്‍ വിവിധ ജാതിയിലും മതങ്ങളിലും പെട്ട നൂറോളം പേര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ നോമ്പുതുറ കഴിഞ്ഞ് കുഞ്ഞന്‍ നായരുടെ സ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞാണ് ഏവരും പിരിഞ്ഞുപോയത്.

സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹാര്‍ദത്തെ തിരികെ കൊണ്ടുവരികയാണ് കുഞ്ഞന്‍നായരെ പോലുള്ളവര്‍ ചെയ്യുന്നതെന്ന് നുസ്‌റത്തുല്‍ ഇസ്ലാം മഹല്ലിലെ ഹനീഫ അല്‍ഫാനി പറഞ്ഞു.