അബുദാബി: അബുദാബിയുടെ തെക്കന്‍ പ്രവിശ്യകളില്‍ കാര്‍ഷികവിളകള്‍ നിറഞ്ഞ ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നോമ്പ് തുറ സംഘടിപ്പിച്ചു. നഗരത്തില്‍നിന്ന് അകലെ അജ്ബാന്‍ ഗ്രാമത്തില്‍ നിരവധി കാര്‍ഷിക ഫാമുകള്‍ ഉള്ള ഒരു പ്രദേശത്തെ തൊഴിലാളികള്‍ക്കാണ് മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെയും മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെയും സഹായത്തോടെ ഇഫ്താര്‍ വിരുന്നൊരുക്കിയത്.

ആടുഫാമുകളും ഉറുമാമ്പഴത്തോട്ടവും മറ്റ് കാര്‍ഷിക വിളകളുമുള്ള കൃഷിയിടത്തില്‍ പാകിസ്താനികളും ബംഗ്‌ളാദേശികളും ഇന്ത്യക്കാരുമായ നൂറുകണക്കിന് തൊഴിലാളികള്‍ നോമ്പ് തുറയില്‍ പങ്കെടുത്തു. പ്രദേശത്തെ മറ്റ് കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ ട്രക്കുകളിലും സൈക്കിളിലും കാല്‍നടയായുമാണ് നോമ്പ് തുറക്കെത്തിയത്.

സ്‌കൂളിലെ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് സാലിഹ് സെയ്ദ്, ജനറല്‍ സെക്രട്ടറി നന്ദു മാധവ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എ.എം. ഷെരീഫ്, ഹെഡ്മാസ്റ്റര്‍ കെ.വി. അബ്ദുള്‍ റഷീദ്, മുസ്ലിം സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരായ പി.വി. ഉമ്മര്‍, കെ.എച്ച്. താഹിര്‍, എം.യു. ഇര്‍ഷാദ് എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സോഷ്യല്‍ ക്ലബ്ബില്‍ അംഗങ്ങളായ മറ്റ് വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.