മേശപ്പുറത്ത് കോഴിക്കോട്, കണ്ണൂർ, കൊയിലാണ്ടി വിഭവങ്ങളുടെ മേളം. നോമ്പ് തുറക്കുമ്പോൾ ആദ്യം ഏതെടുക്കണമെന്നാണ് ആശങ്ക. കാഴ്ചയിലും മണത്തിലും ഒരുപോലെ കൊതിയൂറും. വേങ്ങേരി തണ്ണീർപ്പന്തലിലെ സുബ്‌സിൽ വീട്ടിൽ നോമ്പുതുറ വേറിട്ടുനിൽക്കുന്നത് രുചിക്കൂട്ടുകളിലെ വൈവിധ്യം കൊണ്ടുതന്നെയാണ്. പാചകത്തിൽ മിടുക്കിയായ ജാഷിദ ആസിഫിന്റെ വിഭവങ്ങളിൽ അധികം കാണാത്ത ട്രയാങ്കിൾ ബ്രഡ് മസാലയും ചെമ്മീൻ മേശപ്പൂവുമെല്ലാം കാഴ്ചയിലെ വ്യത്യസ്തതകൊണ്ടും രുചികൊണ്ടും മനസ്സ് കീഴടക്കുന്നവയാണ്.

മേശപ്പൂവിന്റെ ആകൃതിയിൽ ഉള്ളിൽ ചെമ്മീൻ നിറച്ച് അരിമാവിൽ ഉണ്ടാക്കിയെടുക്കുന്ന വിഭവത്തിനും കൊതിയൂറും സ്വാദ്. ഉള്ളിൽ മസാല നിറച്ച് ത്രികോണാകൃതിയിൽ തയ്യാറാക്കിയ ട്രയാങ്കിൾ ബ്രഡ് മസാലയും രുചിയിൽ മുന്നിൽത്തന്നെ. ചിക്കനും ഉരുളക്കിഴങ്ങും സേമിയയും മൈദയും ചേരുന്ന ക്രിസ്പി കബാബ് കഴിച്ചാൽ ഒരെണ്ണത്തിൽ നിർത്താനാവില്ല.  കോഴിഅടയും ഉന്നക്കായയുമെല്ലാം ഒരു വശത്ത്. ഗോതമ്പും കോഴിയിറച്ചിയും ചേർത്ത് തയ്യാറാക്കുന്ന അലീസ, പഴംകേക്ക് എന്നിവ തൊട്ടടുത്ത്. കണ്ണുവെച്ച പത്തിരി, നേർമപത്തിരി, അരിപ്പത്തിരി എന്നിവ വേറെ. ഇതിനൊപ്പം കഴിക്കാൻ ചിക്കൻ സ്റ്റ്യു, ചിക്കൻ മലബാറി, ഗ്രീൻ ചിക്കൻ എന്നിവ വേറെയും.

കോഴിക്കോട്ടുകാരിയായ ജാഷിദയുടെ പാചക നൈപുണ്യത്തിനുപിന്നിൽ ഉമ്മ ഹയറുന്നിസയാണ്. ചെറുപ്പത്തിലേ പാചക പരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ജാഷിദ സ്കൂൾ കാലത്തുതന്നെ പാചകം ചെയ്തുതുടങ്ങിയിരുന്നു. കാലിക്കറ്റ് ഗേൾസിൽ പഠിച്ചിരുന്ന കാലത്ത് അന്തർദേശീയ പാചകപ്രദർശനത്തിന് പങ്കെടുത്തായിരുന്നു തുടക്കം. മാതൃഭൂമി ഭക്ഷ്യമേളയിലും നിറസാന്നിധ്യമായിരുന്നു അവർ. കല്യാണം കഴിച്ച് തലശ്ശേരിയുടെ മരുമകളായപ്പോൾ അവിടത്തെ പാചക രീതികളും പഠിച്ചെടുത്തു. കൊയിലാണ്ടി രീതികൾ വേറെയും. വിവിധ സ്ഥലങ്ങളിലെ രുചികൾ ജാഷിദയുടെ കൈകൾക്ക് വഴങ്ങിയത് അങ്ങനെയാണ്. മകൾ സിബ ഫാത്തിമയും പാചകക്കമ്പക്കാരി തന്നെ. 

ഷുഗർ ബീറ്റ്‌സ് എന്നപേരിൽ കേക്കുകൾ ബ്രാൻഡ് ചെയ്യുന്നുണ്ട് ജാഷിദ. ആവശ്യക്കാർ വിളിക്കുന്നതിനനുസരിച്ച് തയ്യാറാക്കി നൽകുകയാണ് ചെയ്യുന്നത്. 


ട്രയാങ്കിൾ ബ്രഡ് മസാല 

ഉണ്ടാക്കുന്നവിധം

ബ്രഡ്- 10 കഷ്ണം
മുട്ട- 5 എണ്ണം
ഫില്ലിങ് ചിക്കൻ -നാല് കഷ്‌ണം (എല്ലില്ലാതെ വേവിച്ച് പൊടിച്ചത്)
സവാള- മൂന്നെണ്ണം
ഉരുളക്കിഴങ്ങ്- 5 എണ്ണം (വേവിച്ച് പുഴുങ്ങി പൊടിച്ചത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീ സ്പൂൺ
പച്ചമുളക് - 2 ടേബിൾ സ്പൂൺ (ചതച്ചത്)
മഞ്ഞൾപ്പൊടി- 1 ടീ സ്പൂൺ
കറിവേപ്പില- 1 തണ്ട്
ഗരം മസാല- 1    /2 ടീ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പിൽവെച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. വഴന്നശേഷം അതിലേക്ക് ഗരം മസാലയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മസാല മണം മാറ്റുന്നവരെ വഴറ്റിയശേഷം വേവിച്ചുപൊടിച്ച് മാറ്റിവെച്ച ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം അടുപ്പിൽനിന്ന് വാങ്ങിവെക്കാം. ഓരോ ബ്രഡ് കഷ്‌ണവും എടുത്ത് അതിൽ ഫില്ലിങ് വെച്ച് വേറൊരു ബ്രഡ് കഷ്‌ണംകൊണ്ട്‌ വശങ്ങൾ നന്നായി അമർത്തി ഒട്ടിക്കുക. അതിനുശേഷം കോണോടുകോൺ മുറിച്ച് ത്രികോണാകൃതിയിൽ മുറിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന ബ്രഡ് കഷണം മുട്ട അടിച്ചതിൽ മുക്കി പാനിൽ നെയ്യൊഴിച്ചശേഷം നന്നായി മൊരിച്ചെടുക്കുക.