തിരൂരങ്ങാടി: പുണ്യമാസം അവസാന നാളുകളിലേക്ക് പ്രവേശിച്ചതോടെ ആരാധനകളില്‍മുഴുകി സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനുള്ള സമയം കണ്ടെത്തുകയാണ് വിശ്വാസിസമൂഹം.

റംസാനിന്റെ അവസാനത്തെ പത്തില്‍ ഇഅതികാഫില്‍ (ഭജനമിരിക്കല്‍) മുഴുകാന്‍ നിരവധിപേരാണ് പള്ളികളില്‍ എത്തുന്നത്. ഇഅതികാഫ് എന്നത് ഏറെ പുണ്യമായി കല്‍പ്പിക്കപ്പെട്ട കര്‍മമാണ്. റംസാനിലെ നിശ്ചിതദിവസങ്ങളിലും സമയങ്ങളിലും ഭൗതികമായ കാര്യങ്ങളെല്ലാം താത്കാലികമായി മാറ്റിവെച്ച് ആത്മീയകാര്യങ്ങളില്‍ മുഴുകി പള്ളികളില്‍ കഴിച്ചുകൂട്ടുന്നതാണ് ഇഅതികാഫ്.

നോമ്പുതുറയ്ക്കുശേഷം രാത്രി മുഴുവനായി പള്ളികളില്‍ കഴിച്ചുകൂട്ടാനാണ് വിശ്വാസികള്‍ കൂടുതലായി എത്തുന്നത്. ഖുര്‍ആന്‍ പാരായണം, ഖിയാമുല്‍ലൈല്‍ (രാത്രി നമസ്‌കാരം), പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ തുടങ്ങിയ കര്‍മങ്ങളിലാണ് രാത്രി ഉറക്കമൊഴിച്ച് വിശ്വാസികള്‍ പങ്കാളികളാകുന്നത്. മണിക്കൂറുകള്‍നീളുന്ന രാത്രിനമസ്‌കാരത്തിന് നേതൃത്വംകൊടുക്കാന്‍ പ്രത്യേകം ഇമാമുമാരെയും പള്ളിക്കമ്മിറ്റികള്‍ നിയമിച്ചിട്ടുണ്ട്.

പകലും രാത്രിയുമായി മുഴുവന്‍സമയം പള്ളിയില്‍ കഴിച്ചുകൂട്ടുന്നവരുമുണ്ട്. ഏറ്റവും പുണ്യകരമായ ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയരാവ്) റംസാനിലെ അവസാനത്തെ പത്തിലാണെന്നതാണ് പ്രാധാന്യം. ആയിരംമാസത്തേക്കാള്‍ പുണ്യമാക്കപ്പെട്ട ലൈലത്തുല്‍ഖദ്‌റിനെ പ്രതീക്ഷിച്ച് രാത്രിയെ പകലാക്കി ശുദ്ധമനസ്സുമായി കഴിച്ചുകൂട്ടുകയാണ് വിശ്വാസികള്‍. ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥന -സ്വലാത്ത് സദസ്സുകളും വരുംദിനങ്ങളില്‍ വിവിധസ്ഥലങ്ങളില്‍ നടക്കും.