മക്ക: മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് ഇഫ്താറിനു പുറമെ ഇന്നു മുതല്‍ അത്താഴവും വിതരണം ചെയ്യും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് റമദാനിലെ അവസാന ദിനങ്ങളില്‍ അത്താഴം വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. 

വിദേശ തീര്‍ഥാടകര്‍ക്കും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും മസ്ജിദുല്‍ ഹറമിലെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും അത്താഴം വിതരണം ചെയ്യും. മക്കയില്‍ താമസിക്കുന്ന ദൂരെ ദിക്കില്‍ നിന്നും പ്രാര്‍ഥനക്കെത്തുന്നവര്‍ക്കും അത്താഴം വിതരണം ചെയ്യും. റമദാന്‍ അവാസാന ദിനങ്ങളിലേക്കു കടന്നതോടെ രാത്രി നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കു പുതിയ പദ്ധതി സഹായകമാകും.

രാത്രി നിസ്‌കാരത്തിനും പ്രഭാത നിസ്‌കാരത്തിനുമിടയിലെ സമയക്കുറവ് പരിഗണിച്ചാണ് മസ്ജിദുല്‍ ഹറമിലെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും അത്താഴം ഒരുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. മക്ക ഗവര്‍ണറേറ്റിന് കീഴിലെ സിഖായ, രിഫാദ എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അത്താഴം വിതരണം ചെയ്യുന്നത്. 

മസ്ജിദുല്‍ ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് ലൈസന്‍സുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് അത്താഴ വിതരണം. ഹറം മുറ്റത്തും ഹറമിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ബസ് സ്റ്റേഷനുകളിലും അത്താഴം വിതരണം ചെയ്യും. ഇഫ്താറിന് പുറമെ അത്താഴ വിതരണം ആരംഭിക്കുന്നേതാടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സമയം ഹറമില്‍ ആരാധനാ കര്‍മ്മങ്ങളില്‍ ചെലവഴിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. 

പത്തുലക്ഷത്തിലധികം തീര്‍ഥാടകര്‍ റമദാനില്‍ ഓരോ ദവസവും മസ്ജിദുല്‍ ഹറമില്‍ എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍ അത്താഴം വിതരണം ചെയ്യുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുളളത്.