ramayanamരാമായണത്തില്‍ വളരെക്കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ഏറെ കാന്തിയും മൂല്യവും പുലര്‍ത്തുന്ന കഥാപാത്രമാണ് ഭരതന്‍. അദ്ദേഹത്തിന്റെ സാധുവൃത്തി, ധര്‍മനിഷ്ഠ, ജിതേന്ദ്രിയത്വം, ഭ്രാതൃഭക്തി എന്നിവ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അയോധ്യാപതിയായ ദശരഥന് കൈകേയിയില്‍ മീനലഗ്‌നത്തില്‍ പൂയം നാളില്‍ പിറന്ന പുത്രന്‍. കുലഗുരുവായ വസിഷ്ഠനില്‍നിന്നു ശസ്ത്രശാസ്ത്രാഭ്യസനങ്ങള്‍ പൂര്‍ത്തിയാക്കിയ ഭരതന്‍ ജനകമഹാരാജാവിന്റെ സോദരനായ കുശധ്വജന്റെ പുത്രി മാണ്ഡവിയെയാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് തക്ഷന്‍, പുഷ്‌കലന്‍ എന്നീ പുത്രന്മാരും പിറന്നു. ഭരതന്‍ മാതുലനായ യുധാജിത്തിനൊപ്പം കേകയരാജ്യത്ത് ചെല്ലുകയും പിതാമഹനായ അശ്വജിത്തിനൊത്ത് ദീര്‍ഘനാള്‍ അവിടെ താമസിച്ച് രാജ്യഭരണമുള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്തതായി വാല്മീകിരാമായണത്തില്‍ സൂചനയുണ്ട്. ഇത്തരത്തില്‍ കുലമഹിമ, ബന്ധുബലം, പ്രതാപൈശ്വര്യങ്ങള്‍, ശസ്ത്രശാസ്ത്രപ്രാവീണ്യം എന്നിവയെല്ലാം തികഞ്ഞ ഭരതകുമാരന്‍ പ്രകീര്‍ത്തിതനായതുപക്ഷേ, അദ്ദേഹത്തിന്റെ കറതീര്‍ന്ന ത്യാഗസന്നദ്ധതയാലും മൂല്യബോധത്താലുമാണ്.

കൈകേയിക്ക് നല്‍കിയ വാഗ്ദാനപാലനത്തിനായി ശ്രീരാമനെ കാട്ടിലേക്കയച്ചതില്‍ ഹൃദയം തകര്‍ന്ന മഹാരാജാവ് മരിച്ചതിനെത്തുടര്‍ന്ന് ശോകമൂകമായ അയോധ്യയിലേക്കാണ് ഭരതന്‍ എത്തിയത്. ജ്യേഷ്ഠനവകാശപ്പെട്ട രാജ്യം താന്‍ സ്വീകരിക്കില്ലെന്ന് ഭരതന്‍ ഉറപ്പിച്ചുപറഞ്ഞു. ദുഷ്ടബുദ്ധിയായ മാതാവിന്റെ ഉദരത്തില്‍ പിറന്നതിനാല്‍ താന്‍ ലോകനിന്ദിതനായിത്തീര്‍ന്നതായി വിലപിച്ചു. രാമനെ തിരിച്ചുകൊണ്ടുവന്നതിനുശേഷം ദീപ്തതേജസ്സായ അദ്ദേഹത്തിന്റെ ദാസനായി സ്വസ്ഥതയുള്ള മനസ്സോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞചെയ്തു. അതിനായി രാമനെത്തേടി വനത്തിലേക്ക് യാത്രയായി.

ഭരതന്റെ വരവ് പട്ടാഭിഷേകം കഴിഞ്ഞതിനുശേഷം രാജ്യം അകണ്ടകമായി കൈവശമാക്കാന്‍ വേണ്ടിയുള്ളതാണെന്നു ധരിച്ച ലക്ഷ്മണന്‍ യുദ്ധസജ്ജനായി. ബന്ധുക്കളെയോ മിത്രങ്ങളെയോ ഇല്ലാതാക്കിയിട്ടു കിട്ടുന്ന ദ്രവ്യം വിഷംചേര്‍ത്ത ഭക്ഷണംപോലെയാണെനിക്ക്; ഞാനതു സ്വീകരിക്കുകയില്ല എന്ന് രാമന്‍ ഓര്‍മിപ്പിച്ചു. ജ്യേഷ്ഠനുപകരം താന്‍ വനവാസമനുഷ്ഠിച്ചുകൊള്ളാം, സിംഹാസനത്തിലേറിയാലുമെന്ന ഭരതന്റെ അപേക്ഷയെ ധര്‍മസംഹിതകള്‍ നിരത്തി രാമന്‍ ഖണ്ഡിച്ചു. രാമപാദുകങ്ങളെ ഭക്ത്യാ ശിരസ്സിലേറ്റി മനസ്സില്ലാമനസ്സോടെ മടങ്ങുംമുമ്പ് ഭരതന്‍ ഇപ്രകാരം അറിയിച്ചു, -''അങ്ങയുടെ പാദുകങ്ങളില്‍ രാജ്യതന്ത്രത്തെ സമര്‍പ്പിച്ചുകൊണ്ട് പതിന്നാലുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നാള്‍ അങ്ങയെ കണ്ടില്ലെന്നു വന്നാല്‍ ഞാന്‍ അഗ്‌നിപ്രവേശം ചെയ്യും''.

രാമനുവേണ്ടി രാജ്യം സൂക്ഷിക്കുന്ന പ്രവൃത്തിയാണ് അക്കാലമത്രയും ഭരതന്‍ ചെയ്തത്. സര്‍വസുഖഭോഗങ്ങളും കാല്‍ക്കീഴിലായിരിക്കേ രാജ്യലക്ഷ്മിയെ തരിമ്പും ആഗ്രഹിക്കാത്ത ഈ പ്രവൃത്തി അസിധാരാവ്രതത്തിനോളം കഠിനമെന്ന് രഘുവംശത്തില്‍ കാളിദാസനാല്‍ പുകഴ്ത്തപ്പെട്ടു.

കുടുംബബന്ധങ്ങള്‍ ചുരുങ്ങിപ്പോവുന്ന ഇക്കാലത്ത് ഭരതകുമാരനിലൂടെ വെളിവാക്കപ്പെടുന്ന സാഹോദര്യത്തിന്റെ ദാര്‍ഢ്യം, മൂല്യബോധത്തിന്റെ ആഴം, നിഷ്‌കാമകര്‍മത്തിന്റെ തേജസ്സ്, ത്യാഗസന്നദ്ധതയുടെ ഔന്നത്യം എന്നിവയ്‌ക്കെല്ലാം തിളക്കമേറെയാണ്.

content highlights: ramayanam 2021